കോട്ടയം: ജില്ലയിലെ മിക്ക എടിഎം കൗണ്ടറുകളിലും 2000 രൂപയുടെ കറന്‍സികള്‍ മാത്രമുള്ളത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. 500ന്റെ കറന്‍സികള്‍ ബാങ്കുകളിലും എടിഎമ്മുകളിലും എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും മിക്ക എടിഎമ്മുകളിലും 500ന്റെ നോട്ട് കിട്ടുന്നില്ലെന്നു പരാതിയുണ്ട്. ഇതോടെ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് തുടരുകയാണ്.
ബാങ്ക് ശാഖകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളിലാണ് പണം ലഭ്യമാക്കിയിട്ടുള്ളത്. പല ബാങ്കുകളിലും ആവശ്യത്തിന് കറന്‍സി എത്താത്തതിനാല്‍ പരമാവധി പിന്‍വലിക്കാവുന്ന 24,000 രൂപതന്നെ പലര്‍ക്കും ലഭിക്കുന്നില്ലെന്നു ബാങ്ക് ജീവനക്കാര്‍ പറയുന്നു. ചില എടിഎമ്മുകളില്‍ ചില്ലറകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ നൂറിന്റെയും അന്‍പതിന്റെയും പഴയ നോട്ടുകളാണ് നല്‍കുന്നത്. ചില്ലറയന്വേഷിച്ച് ജനം കൂട്ടയോട്ടം നടത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.