തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാറിന് മുകളില്‍ മേല്‍മുണ്ട് ധരിക്കാതെ പ്രവേശിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ പ്രതിഷേധം. ചുരിദാര്‍ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ സ്ത്രീകളെ വിവിധ ഹൈന്ദവ സംഘടനകളിലെ വനിതകളും ഭക്തകളായ സ്ത്രീകളും തടഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. പത്മനാഭസ്വാമിക്ഷേത്രത്തിലെ കിഴക്കേനടയിലും പടിഞ്ഞാറെ നടയിലുമാണ് പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചത്. ക്ഷേത്രത്തിലെ മുന്‍ ഭരണസമിതിക്കാരുടെയും തന്ത്രിയുടെയും ഭക്തജനങ്ങളുടെയും അഭിപ്രായം മാനിക്കാതെ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ കൈക്കൊണ്ട തീരുമാനം ഏകപക്ഷീയവും ആചാരങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ഭക്തജനങ്ങളായ സ്ത്രീകള്‍ ആരോപിച്ചു. അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ ചുരിദാറിന് മുകളില്‍ മേല്‍മുണ്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തയാറായെങ്കിലും അവരോട് മേല്‍മുണ്ട് ധരിക്കാതെ കയറാന്‍ ചിലര്‍ പറഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി ഒരു അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറോട് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ക്ഷേത്ര ഭരണസമിതിയിലെ മുന്‍ അംഗങ്ങളും തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ചുരിദാര്‍ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നത് ആചാരലംഘനമാകുമെന്ന് നിലപാട് സ്വീകരിച്ചിരുന്നു.
ഈ നിലപാടിന് വിരുദ്ധമായി ഇന്നലെ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍.സതീഷ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചുരിദാര്‍ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടിയെ അറിയിക്കുകയും തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു.
ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനത്തിനെതിരെയാണ് വന്‍ പ്രതിഷേധം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിന് സമീപത്തെ റോഡ് ഭക്തജനങ്ങള്‍ ഇപ്പോള്‍ ഉപരോധിക്കുകയാണ്.