വിമാനങ്ങള്‍ക്കെതിരായ ലേസര്‍ ആക്രമണങ്ങള്‍ പെരുകുമ്പോള്‍ അത് ഉയര്‍ത്തുന്ന ഭീകരത ചെറുതല്ല. ബ്രിട്ടനിലെ ഹെര്ട്ട്ഫോര്ഡ്ഷെയറിനു മുകളിലൂടെ പറന്ന എമിറേറ്റ്സ് വിമാനത്തിനാണ് അവസാനമായി ലേസര്‍ ആക്രമണം നേരിടേണ്ടി വന്നത്. ബ്രിട്ടനിലാണ് ഏറ്റവുമധികം ലേസര്‍ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1439 ലേസര്‍ ആക്രമണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹീത്രു വിമാനത്താവളത്തില്‍ മാത്രം 121 ലേസര്‍ ആക്രമണങ്ങളാണുണ്ടായത് ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ 94 ആക്രമണങ്ങളും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ 93 ആക്രമണങ്ങളും ഉണ്ടായി. കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ 8977 ലേസര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി കാണാം. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 414 ലേസര്‍ ആക്രമണങ്ങള്‍ ഉണ്ടായി.
ലേസര്‍ ആക്രമണങ്ങളെ ഗൗരവകരമായി എടുക്കണമെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. ലേസറുകളെ മാരകായുധമായി കാണണമെന്നും ഇവര്‍ പറയുന്നു. 8000 അടി ഉയരത്തില്‍ പറന്ന വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനത്തില്‍ ലേസര്‍ പതിച്ചതിനെത്തുടര്‍ന്ന് അത് ലണ്ടന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ സംഭവം പൈലറ്റുമാരുടെ വാദത്തെ ശരിവയ്ക്കുന്നു. മാത്രമല്ല ഇപ്പോള്‍ ഉപയോഗിക്കുന്ന ലേസറുകളാവട്ടെ വളരെ ശക്തിയേറിയതുമാണ്.
കഴിഞ്ഞ വര്‍ഷം ഹീത്രു വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു പൈലറ്റിന്റെ കണ്ണില്‍ ലേസര്‍ പതിച്ച് കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിരുന്നു. സൈനികര്‍ ഉപയോഗിക്കുന്നതിന്റെ അത്രയും ശക്തമായ ലേസറായിരുന്നു അതെന്നും പൈലറ്റ് പറയുന്നു. ലേസറിന്റെ പ്രകാശം ചിതറിപ്പോകാത്തതിനാല് തീവ്രത വളരെ കൂടുതലായിരിക്കും. തുളച്ചുകയറാനുള്ള ശക്തിയും ലേസര്‍ കിരണങ്ങള്‍ക്കുണ്ട്. ലേസറുകളുടെ ശക്തിയനുസരിച്ച് ഇതിനെ പലതായി തരംതിരിക്കാം ക്ലാസ്1, ക്ലാസ്1M, ക്ലാസ്2, ക്ലാസ്2M, ക്ലാസ്3R, ക്ലാസ്3B, ക്ലാസ്4 എന്നിവയാണ് വിവിധ രൂപങ്ങള്‍. അവസാനത്തെ രണ്ടെണ്ണം വളരെ മാരകമാണ്. വലുപ്പം നോക്കുകയാണെങ്കില്‍ പെന്‍ ടോര്‍ച്ചിന്റെ വലിപ്പമുള്ളതു മുതല്‍ വലിയ ബൈനോക്കുലറിന്റെ വലിപ്പമുള്ളതുവരെയുണ്ട്.
ലേസര്‍ പെന്‍ ഉപയോഗിച്ച് മെട്രോപോളിറ്റന്‍ പോലീസ് ഹെലികോപ്റ്ററിനെ ലക്ഷ്യം വച്ചതിന് ഒരു കൗമാരക്കാരനെ ഈ വര്‍ഷം ലണ്ടനില്‍ അറസ്റ്റു ചെയ്തിരുന്നു. മിക്കവാറും സംഭവങ്ങളിലെല്ലാം ആക്രമണത്തിനിരയായത് പോലീസ് വിമാനങ്ങളായിരുന്നു. ഗ്ലാസ്ഗോയിലുള്ള ഒരു കൂട്ടം ഫഌറ്റുകള്‍ അറിയപ്പെടുന്നതുതന്നെ “”ലേസര്‍ ബ്ലോക്ക്”എന്നാണ്. ലേസര്‍ ആക്രമണങ്ങളുടെ സൂത്രധാരന്മാരായ പലരേയും ഈ ഫഌറ്റുകളില്‍ നിന്നും പൊക്കിയിട്ടുണ്ട്. വിമാനങ്ങളിലേക്ക് ലേസര്‍ പ്രയോഗിക്കുമ്പോള്‍ ലേസറിന്റെ തിളക്കംമൂലം പൈലറ്റിന്റെ കാഴ്ചയ്ക്ക് തടസമുണ്ടാവുന്നു. ഇതിനാല്‍ തന്നെ ഇത്തരം ലേസര്‍ പ്രയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്ന അഭിപ്രായമാണുയരുന്നത്.