ഗോഹട്ടി: കളിച്ചതു ഡല്‍ഹിയാണെങ്കിലും ജയം നേടാനുറച്ചെത്തിയ നോര്‍ത്ത് ഈസ്റ്റ് പൊരുതി നേടി. പന്തു കൈവശം വയ്ക്കാന്‍ ഡല്‍ഹിക്കു സാധിച്ചെങ്കിലും കിട്ടിയ അവസരം മുതലാക്കിയ വടക്കന്‍ടീം ഡല്‍ഹി ഗോള്‍ പോസ്റ്റില്‍ രണ്ടു വട്ടം നിറയൊഴിച്ചു. ഡല്‍ഹി തിരിച്ചടിച്ചതാകട്ടെ ഒരു ഗോളും. നോര്‍ത്ത് ഈസ്റ്റിനായി സത്യേസെന്‍ സിംഗും (60), റൊമാരയ്ക്കുമാണ് (71) ഗോളുകള്‍ നേടിയത്. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മാഴ്‌സലീഞ്ഞോ നേടി. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് സെമി സാധ്യതകള്‍ നിലനിര്‍ത്തി. ഡിസംബര്‍ നാലിന് കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും തമ്മിലുള്ള മത്സരത്തിലെ വിജയികളാവും സെമിയിലേക്കു പ്രവേശിക്കുക. നോര്‍ത്ത് ഈസ്റ്റിന് ജയം ആവശ്യമുള്ളപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനിലയായാലും അവസാന നാലിലേക്കു കുതിക്കാം.
ഗോവയ്‌ക്കെതിരേ അഞ്ചു ഗോളടിച്ചതിന്റെ ആവേശത്തില്‍ തുടങ്ങിയ ഡല്‍ഹി 3–ാം മിനിറ്റില്‍ത്തന്നെ ലക്ഷ്യം കണ്ടേനേ. മലൂദയുടെ പാസ് ഗാഡ്‌സെയിക്കു കിട്ടിയെങ്കിലും ഗാഡ്‌സെയ്ക്കു ലക്ഷ്യം തെറ്റി. തുടര്‍ന്നും ഡല്‍ഹി തന്നെയായിരുന്നു കളത്തില്‍ മുമ്പന്‍. മാഴ്‌സലീഞ്ഞോയുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി ഡല്‍ഹി ഉണര്‍ന്നു കളിച്ചു. എന്നാല്‍, ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധം പൂര്‍ണ സജ്ജമാക്കിയിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് എല്ലാ നീക്കങ്ങളെയും നിഷ്പ്രഭമാക്കി. 37–ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനും മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അല്‍ഫാരോയ്ക്കു മുതലാക്കാനായില്ല.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. ഡല്‍ഹിയുടെ മുന്നേറ്റങ്ങള്‍ പാസുകളില്‍ മാത്രം അവസാനിച്ചു. കളിയുടെ പോക്കിനു വിരുദ്ധമായി 60–ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ വന്നു. സോക്കാറയുടെ ലോംഗ്പാസ് സ്വീകരിച്ച സത്യേസെന്‍ സിംഗ് പ്രതിരോധക്കാരെയും വെട്ടിച്ച് മുന്നേട്ടെത്തിയ ഗോള്‍കീപ്പര്‍ ഡബ്ലാസിന്റെ കാലിനിടയിലൂടെ വലയിലേക്കിട്ടു. സമനില ഗോളിനായി ഡല്‍ഹി ശ്രമിക്കുന്നതിനിടെ വടക്കന്‍ടീം അടുത്ത ഗോളടിച്ചു. 71–ാം മിനിറ്റില്‍ റോബര്‍ട്ട് കുല്ലന്‍ ഡല്‍ഹി താരങ്ങളുടെ ഇടയിലൂടെ നീട്ടി നല്‍കിയ പന്ത് കോഫി റൊമാരിയക് മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി. നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പിച്ച ഘട്ടത്തിലാണ് മാഴ്‌സലീഞ്ഞോ ഡല്‍ഹിക്കായി സ്‌കോര്‍ ചെയ്യുന്നത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവ് മുതലാക്കി പന്ത് കൈക്കലാക്കിയ മാഴ്‌സലീഞ്ഞോ സുന്ദരമായി നോര്‍ത്ത് ഈസ്റ്റ് താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്നു ഗോളിലേക്കു പന്ത് പായിച്ചു.