കോട്ടയം: മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു.
രണ്ടു പേര്‍ ചേര്‍ന്നാണ് മീന്‍ വളര്‍ത്തല്‍ കേന്ദ്രം നടത്തിയിരുന്നത്. ഇവര്‍ രണ്ടു പേരും വിദേശത്താണ്. മീന്‍വളര്‍ത്തല്‍ കേന്ദ്രം നോക്കി നടത്താന്‍ തമിഴ്‌നാട് സ്വദേശിയെയാണ് നിയമിച്ചിരുന്നത്. തെങ്കാശി സ്വദേശിയായ ഇയാള്‍ ഒരാഴ്്ച മുമ്പ് നാട്ടില്‍ പോയിരുന്നു. നാട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് ഇയാള്‍ വൈദ്യുതിവേലി പ്രവര്‍ത്തിപ്പിച്ചിട്ടാണ് പോയതെന്നു പോലീസ് അറിയിച്ചു.
വൈദ്യുതി വേലിയില്‍ നിന്നു ഷോക്കേറ്റ് അയ്മനം പരിപ്പ് തമ്പുവാരത്തില്‍ പരേതനായ തങ്കപ്പന്റെ മകന്‍ സന്തോഷാണ് (45) മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഒളശ ചാര്‍ത്താലില്‍ നാലുതോടിനു സമീപമുള്ള കൃഷിയിടത്തില്‍ മീന്‍ പിടിക്കാനായി സന്തോഷ് വലവച്ചിരുന്നു. വലയെടുക്കാനായി പുലര്‍ച്ചെ പോകുംവഴി അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാകാമെന്നാണ് കരുതുന്നത്.
ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് തിരക്കിച്ചെന്ന നാട്ടുകാരാണ് രാവിലെ 10. 30നു ശരീരമാസകലം വൈദ്യുതി കമ്പി ചുറ്റിയ നിലയില്‍ കുളത്തിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വൈദ്യുതി ഓഫാക്കിയ ശേഷം മൃതദേഹം കരയ്‌ക്കെത്തിക്കുകായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍ നടന്നു. സരളയാണ് മാതാവ്. ഭാര്യ: പൊന്നമ്മ. അര്‍ച്ചന, അര്‍ജുന്‍, അനന്ദു എന്നിവര്‍ മക്കളാണ്. മരുമകന്‍ ഗിരീഷ്.