മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ പാറത്തോട് ആദിവാസി കോളനിക്ക് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന പന്നിഫാമിലെ പന്നികളെ പരസ്യമായി ലേലം ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പഞ്ചായത്തോഫീസ് പരിസരത്ത് ലേലം നടന്നത്. രാവിലെ തന്നെ ലേലം നടപടികള്‍ക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഇ. സുരേഷ് ബാബു, മുക്കം എസ്ഐ സനല്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചല്ലാതെ ലേലം അനുവദിക്കില്ലന്ന് നടത്തിപ്പുകാരന് പറഞ്ഞതോടെ സമയം വൈകുകയായിരുന്നു. തുടര്‍ന്ന് എല്ലാ സംവിധാനങ്ങളോടെയും പന്നികളെ പിടിച്ച് അഞ്ച് വാഹനങ്ങളിലായി ഗ്രാമപഞ്ചായത്തോഫീസിന് മുന്നില്‍ എത്തിച്ച് അവിടെ വച്ച് ലേലം ചെയ്യുകയായിരുന്നു.
65 കിലോഗ്രാം മുതല്‍ ഒന്നര ക്വിന്റല്‍ വരെ തൂക്കമുളള 34 പന്നികളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ലേല നടപടികള്‍ തടസപ്പെടുത്തുന്നതിനായി ഫാം നടത്തിപ്പുകാരന് ഇന്നലെ പുലര്‍ച്ചെ പന്നികളെ തുറന്നുവിട്ടതായി ആദിവാസികള്‍ പരാതിപ്പെടുന്നു. പന്നികള്‍ കൂട്ടത്തോടെ കോളനിയിലെത്തിയതോടെ കോളനിവാസികളും വലിയ ദുരിതത്തിലായി. പലരും വീടിന് പുറത്തിറങ്ങാന്‍ പോലും ഭയന്നു. ആദിവാസികളുടെ പരാതിയെ തുടര്‍ന്നാണ് കാരശേരി പഞ്ചായത്ത് സെക്രട്ടറി ഫാം അടച്ചുപൂട്ടാനും പന്നികളെ ലേലം ചെയ്യാനും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഉടമ രണ്ട് തവണ കോടതിയില്‍നിന്ന് സമയം നീട്ടിവാങ്ങുകയായിരുന്നു.