മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കര്‍ണാടകയിലെ ഗാലി ജനാര്‍ദന്‍ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. ആന്ധ്രപ്രദേശ് സ്വദേശിനിയായ ഡോ. സലോണി സിദാനയാണ് വിവാഹത്തിലെ ലാളിത്യംകൊണ്ട് ഏവര്‍ക്കും മാതൃകയായത്. വിജയവാഡ സബ് കളക്ടറാണ് 27കാരിയായ സലോണി. മധ്യപ്രദേശ് കേഡറിലുള്ള ഐഎഎസ് ഓഫീസറായ ആശിഷ് വസിഷ്ഠയാണ് സലോണിയെ വിവാഹം കഴിച്ചത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ അടച്ച തുകമാത്രമാണ് ഐഎഎസുകാരായ ഇവരുടെ വിവാഹത്തിന്റെ ആകെ ചെലവ്.
പ്രവൃത്തി ദിവസമാരുന്നു വിവാഹമെങ്കിലും അവധിയെടുത്ത് ഭര്‍ത്താവിനൊപ്പം ചുറ്റാനൊന്നും സലോണിയെ കിട്ടില്ല. 48 മണിക്കൂറിനുള്ളില്‍തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍, സന്തോഷസൂചകമായി സഹപ്രവര്‍ത്തകര്‍ക്ക് മധുരപലഹാരങ്ങള്‍ നല്കാന്‍ സലോണി മറന്നില്ല.
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സമയത്ത് തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കിയ സബ് കളക്ടര്‍ക്കിപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആശംസകള്‍ അറിയിച്ചു. എന്നാല്‍, വിവാഹം അത്ര പബ്ലിസിറ്റിയാക്കി മാറ്റാനൊന്നും സബ് കളക്ടര്‍ക്കു താത്പര്യമില്ല. അസാധാരണമായ കാര്യങ്ങളൊന്നും നടന്നിട്ടില്ല. തികച്ചും വ്യക്തിപരമായ കാര്യം. ലളിതമായ ജീവിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടം. ഭര്‍ത്താവും ബുധനാഴ്ചതന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചു- സലോണി പറഞ്ഞു.
കുടുംബപാരമ്പര്യമനുസരിച്ചുള്ള ലളിതമായ ചടങ്ങുകള്‍ ഉണ്ടായിരുന്നെങ്കിലും ക്ഷണിക്കപ്പെട്ടവര്‍ക്ക് യാതൊരു തരത്തിലുമുള്ള സല്‍ക്കാരം ഉണ്ടാവില്ലെന്നു നേരത്തെതന്നെ അറിയിച്ചിരുന്നു. ഒരു കര്‍ഷക കുടുംബത്തിലാണ് സലോണി ജനിച്ചത്. 2014 ബാച്ച് ഐഎഎസ് ഓഫീസറാണ്. ആശിഷും ഇതേ ബാച്ചുകാരന്‍. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ റേഡിയോളജിസ്റ്റായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു 2013 സിവില്‍ സര്‍വീസസ് പരീക്ഷയില്‍ സലോണിക്ക് 74-ാം റാങ്ക് ലഭിക്കുന്നത്.