മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനും അത്ലറ്റികോ മാഡ്രിഡിനും മികച്ച ജയം. ബാഴ്സലോണയ്ക്കു സമനില. റയല്‍ പരിശീലകന് സിനദിന്‍ സിദാന്റെ മകന് എന്‍സോ സിദാന് റയല്‍ കൂപ്പായത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടുകയും ചെയ്തു. ഒപ്പം മരിയാനോ ഡയസിന്റെ ഹാട്രിക് (1, 42, 87) മികവില്‍ റയല്‍ 6–1ന് കള്‍ച്ചറല്‍ ലിയോണസയെ തകര്‍ത്തു. 63–ാം മിനിറ്റിലായിരുന്നു എന്‍സോയുടെ ഗോള്‍. കൂടാതെ ഹാമിഷ് റോഡ്രിഗസ് (23), സെസാര്‍ മോര്ഗാഡോയുടെ (90) സെല്‍ഫ് ഗോളും റയലിന്റെ വന്‍ ജയമൊരുക്കി. യെറോ ഗോണ്‍സാലസ് (45) വകയായിരുന്നു കള്ച്ചറലിന്റെ ആശ്വാസ ഗോള്‍. കഴിഞ്ഞ കളിയിലെ എട്ടു പേരെ മാറ്റിയാണ് സിദാന് ടീമിനെ ഇറക്കിയത്. പ്രധാന താരങ്ങളായ ക്രി സ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സമ, ലൂക്ക മോഡ്രിച്ച് എന്നിവര്‍ എല്ക്ലാസിക്കോയ്ക്കു മുമ്പ് വിശ്രമത്തിലാണ്.
അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ആറു ഗോളിനു ഗ്വിഹ്വേലോയെ തോല്‍പ്പിച്ചു. എല്‍ ക്ലാസികോയക്കൊരുങ്ങുന്ന ബാഴ്സലോണ പ്രമുഖരില്ലാതെയാണ് ഹെര്ക്കുലീസിനെതിരേ ഇറങ്ങിയത്. അതുകൊണ്ട് തന്നെ ബാഴ്സലോണയ്ക്കു ഹെര്‍ക്കുലീസുമായി 1–1ന് സമനിലയില്‍ പിരിയേണ്ടിയും വന്നു.