നോട്ട് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഓട്ടോ തൊഴിലാളികളും. കറന്‍സി പിന്‍വലിച്ച് ഒരു മാസം ആകാറായിട്ടും ഓട്ടോ തൊഴിലാളികളുടെ ദുരിതം ഒഴിയുന്നില്ല. 500, 1000 കറന്‍സി പിന്‍വലിച്ച ആദ്യ ഒരാഴ്ച പട്ടിണിയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.
ഓട്ടം കുറഞ്ഞു. കിട്ടുന്ന ഓട്ടമാണേല് 20 രൂപയുടെയും 50 രൂപയില്‍ താഴെയുള്ളതും. ഓട്ടം കുറഞ്ഞതോടെ എങ്ങനെ കുടുംബം പോറ്റുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികളില്‍ മിക്കവരും- 33 വര്‍ഷമായി കോട്ടയം ബേക്കര്‍ ജംഗ്ഷനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന ഔസേപ്പ് പറയുന്നു.
ഓട്ടം പകുതിയായി കുറഞ്ഞു
നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന പല ഓട്ടോകളും ശരാശരി ഒരു ദിവസം 1000 രൂപയ്ക്കുമേല്‍ ഓടിയിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിച്ചതോടെ ഓട്ടം നേര്‍പകുതിയായി കുറഞ്ഞു. കറന്‍സി പിന്‍വലിച്ച ആദ്യ ആഴ്ചയില്‍ 100രൂപ മാത്രം ലഭിച്ച ദിവസമുണ്ടായിരു
ന്നു. ആ തുകകൊണ്ട് ഇന്ധനം നിറയ്ക്കാനേ കഴിഞ്ഞുള്ളൂവെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഓട്ടം കുറഞ്ഞതോടെ പല ഓട്ടോ തൊഴിലാളികളും സ്റ്റാന്‍ഡില്‍ എത്താതെയായി.
കറന്‍സി പിന്‍വലിച്ചതിനുശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഓട്ടോകള്‍ സ്റ്റാന്‍ഡിലെത്തിയത്. പിന്നീട് പ്രതിസന്ധിയ്ക്ക് അയവുവന്നിട്ടുണ്ട്. എന്നാലും പഴയ നിലയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
അക്കൗണ്ടുകള്‍ പലര്‍ക്കുമില്ല
അന്നന്നത്തെ ആഹാരത്തിനായി അധ്വാനിക്കുന്നവരാണ് കോട്ടയം നഗരത്തിലെ മിക്ക ഓട്ടോ തൊഴിലാളികളും. കൈയിലുള്ള പണം ബാങ്ക് വഴി നിക്ഷേപിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ പകച്ചുപോയി. കാരണം, മിക്ക ഓട്ടോ തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ട് പോലുമില്ല. പലരും മക്കളുടെയും മറ്റും അക്കൗണ്ട് വഴിയാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. കൈയിലുണ്ടായിരുന്ന തുകയെല്ലാം ബാങ്കില്‍ നിക്ഷേപിച്ചു. പിന്നീട് പണം എടുക്കാന്‍ ചെന്നപ്പോഴാണ് പ്രധാനമന്ത്രിയുടെ അടുത്ത സാമ്പത്തിക പരിഷ്കാരം വരുന്നത്. പരിഷ്കാരം നല്ലതുതന്നെ പക്ഷേ അതു ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്നാണ് തെഴിലാളികളുടെ അഭിപ്രായം.
അറ്റകുറ്റപ്പണികള്‍ മുടങ്ങി
കഴിഞ്ഞ മാസം അറ്റകുറ്റ പണികള്‍ നടത്തേണ്ടിയിരുന്ന നിരവധി ഓട്ടോകളാണ് നഗരത്തിലുള്ളത്. പണത്തിന്റെ ദൗര്‍ലഭ്യം മൂലം ഓട്ടോകളുടെ അറ്റകുറ്റ പണികള്‍ മുടങ്ങിയിരിക്കുകയാണ്. ചില വാഹനങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും വര്‍ക്ക് ഷോപ്പില്‍ കൊടുക്കാന്‍ പണം ഇല്ലാത്തതിന്റെ പേരില്‍ കട ബാധ്യതയിലാണ് പലരും.
കുടുംബ ബജറ്റ് താളം തെറ്റി
സാധാരണക്കാരായ ഓട്ടോ തൊഴിലാളികളുടെ കുടുംബ ബജറ്റ് താളം തെറ്റി. പാലിന്റെയും പത്രത്തിന്റെയും കുട്ടികളുടെ സ്കൂള്‍ ഫീസും നല്കാന് ഓട്ടോ തൊഴിലാളികള്‍ പെടാപ്പാട് പെടുകയാണ്. പുതിയ ഓട്ടോ വാങ്ങിയവര്‍ വാഹനത്തിന്റെ തവണ അടയ്ക്കാന്‍ ബുദ്ധിമുട്ടുകയാണ്.