ശബരിമല: കാട്ടാനകളുടെ ശല്യംമൂലം ശബരിമല പാതയില്‍ സീസണ് കാലയളവില്‍ ഇരുചക്രവാഹനവും മുച്ചക്രവാഹനവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇലവുങ്കല്‍ സേഫ് സോണ്‍ അധികൃതര്‍ പത്തനംതിട്ട ആര്‍ഡിഒ ബോര്‍ഡിനു കത്ത് നല്കി. ശബരിമല പാതയില്‍ നിരവധി ആനത്താരകള്‍ ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ കാട്ടാനകള്‍ റോഡിലേക്ക് ഇറങ്ങുകയും റോഡ് മുറിച്ചുകടക്കുകയും ചെയ്യുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം റോഡില്‍ ആനകള്‍ നില്‍ക്കുന്നത് ഇരുചക്രവാഹനത്തിലും ഓട്ടോയിലും എത്തുന്ന യാത്രക്കാര്‍ക്ക് കാണാന്‍ കഴിയുകയില്ല. ബുധനാഴ്ച രാത്രി ആറ്റിങ്ങലില്‍നിന്നും ശബരിമല ദര്ശനത്തിനുവന്നു തിരിച്ചുപോയ ഓട്ടോയെ പ്ലാപ്പള്ളിക്കടുത്തുവച്ച് കാട്ടാന ആക്രമിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവവും കൂടി ചൂണ്ടിക്കാട്ടിയാണ് സേഫ്സോണ്‍ അധികൃതര്‍ ആര്‍ഡിഒ ബോര്‍ഡിനു കത്ത് നല്‍കിയിരിക്കുന്നത്.
പമ്പയിലേക്കുള്ള പാതയില്‍ രാത്രികാലങ്ങള്‍ ബൈക്കിലും ഓട്ടോയിലും യാത്രചെയ്യരുതെന്നു പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല. ഈ സാഹചര്യത്തിലാണ് നിര്‍ബന്ധമായും ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. ഓട്ടോയില്‍ വാഴകളും കരിക്കിന് കുലകളും അലങ്കരിച്ചാണ് പമ്പയില്‍ എത്തുന്നത്. ആനകളെ ആകര്‍ഷിക്കാന്‍ ഇതുമൂലം കഴിയുമെന്നു വനപാലകരും പറയുന്നു. കൊച്ചുകുട്ടികളുമായും ഇരുചക്രവാഹനത്തില്‍ പമ്പയിലേക്ക് യാത്ര നടത്തരുതെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജില്ലാ കളക്ടറും ജില്ലാ പോലീസ് ചീഫും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും അടങ്ങിയ ആര്‍ഡിഒ ബോര്‍ഡ് അടുത്തദിവസം തന്നെ യോഗം ചേര്‍ന്ന് ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും നിരോധിക്കുമെന്നുമാണ് കരുതുന്നതെന്നു പോലീസ് പറഞ്ഞു.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള പഴങ്ങള്‍ വില്ക്കുന്നതുമൂലം കാട്ടാനകള്‍ കൂട്ടമായി പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയുള്ളതിനാല്‍ പൈനാപ്പിള്‍ കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് അധികൃതര്‍ ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടര്‍ക്ക് കത്തുനല്‍കി. 105 ഹെക്ടറുള്ള നിലയ്്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കുറഞ്ഞത് 2000 വാഹനങ്ങളാണ് ഒരേസമയം പാര്‍ക്ക് ചെയ്യുന്നത്. കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയാല്‍ വന്‍ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല നടതുറന്ന നവംബര്‍ 16-ന് കാട്ടാനകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പൈനാപ്പിള്‍ കച്ചവടം കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിച്ചതിനെത്തുടര്ന്നാണ് വനംവകുപ്പ് അധികൃതര്‍ വീണ്ടും പൈനാപ്പിള്‍ നിരോധന ആവശ്യവുമായി എത്തിയിരിക്കുന്നത്.