അങ്കമാലി: അങ്കമാലിയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ ബില്ലില്‍ കൃത്രിമം കാട്ടി 2.35 കോടി രൂപവിലവരുന്ന 900 പവന് സ്വര്‍ണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതി കോടതിയില്‍ കീഴടങ്ങി. തൃപ്പൂണിത്തുറയില്‍ സ്വകാര്യ ഫ്ളാറ്റില്‍ താമസിക്കുന്ന അങ്കമാലി തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ ഷര്‍മിള(35)ആണ് ഇന്നലെ അങ്കമാലി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
അങ്കമാലി പോലീസ് കേസില്‍ പ്രതി ചേര്ത്തതിനെത്തുടര്ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് അപേക്ഷ പിന്‍വലിച്ച ഇവര്‍ ഇന്നലെ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു കാക്കനാട്ടെ ജില്ലാ വനിതാ ജയിലിലേക്ക് അയച്ചു.
വിശദമായി ചോദ്യംചെയ്യുന്നതിനുവേണ്ടി ഇവരെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്കുമെന്നു അങ്കമാലി പോലീസ് അറിയിച്ചു. ഇവര്‍ തട്ടിപ്പു നടത്തി കൈക്കലാക്കിയ സ്വര്‍ണം എന്തുചെയ്തു എന്നു വ്യക്തമല്ല. ആര്‍ക്കുവേണ്ടിയാണ് ഇവര്‍ ഇത്രയും സ്വര്‍ണം വാങ്ങിയിരിക്കുന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഷര്‍മിള ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോഷി, അസിസ്റ്റന്റ് മാനേജര്‍ കെ.പി.ഫ്രാങ്കോ, മാള്‍ മാനേജര്‍ എ.ഡി.പൗലോസ് എന്നിവരെനേരത്തെ അറസ്റ്റുചെയ്തിരുന്നു. ജോയ് ആലുക്കാസ് കേരള റീജണ്‍ മാനേജര്‍ ആഷിക് സേവ്യറിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ അങ്കമാലി പോലീസ് കേസെടുത്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് നടത്തിയ ഓഡിറ്റിലാണ് അങ്കമാലി ഷോറൂമില്‍ 7202.91 ഗ്രാം സ്വര്‍ണത്തിന്റെ കുറവു കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബില്ലിലും, സ്റ്റോക്കിലും കൃത്രിമം കാട്ടി സ്വര്‍ണം കടത്തിയതായി ബോധ്യപ്പെട്ടത്.
കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വിവിധ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഷര്‍മിള പലവട്ടം ജ്വല്ലറിയിലെത്തി സ്വര്‍ണംവാങ്ങുകയും ഇതിന് ചെക്ക് നല്‍കുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍, ജ്വല്ലറി മാനേജര്‍ ചെക്ക് ക്ലിയറന്‍സിന് അയച്ചതായി രേഖയുണ്ടാക്കിയശേഷം ക്ലിയര്‍ ചെയ്യേണ്ടെന്നു ബാങ്കില്‍ വിളിച്ചുപറയുകയായിരുന്നു. ഏതാനും ചെക്കുകള്‍ ക്ലിയറന്‍സിന് അയച്ചിട്ടുമില്ല. ചില ഇടപാടുകളില്‍ ഷര്‍മിള തന്നെ ചെക്ക് ക്ലിയറന്‍സ് നടത്തേണ്ടെന്ന് ബാങ്കില്‍ വിളിച്ചു പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വര്‍ണം പുറത്തേക്കു കൊണ്ടുപോകുമ്പോള്‍ തന്നെ ഇതിലെ ബാര്‍ കോഡ് മുറിച്ചുമാറ്റി ജ്വല്ലറിയില്‍ സൂക്ഷിച്ചശേഷം തക്കം പോലെ സ്കാന്‍ചെയ്ത് തിരിച്ച് സ്റ്റോക്കിലേക്കു ചേര്‍ത്തതായും കണ്ടെത്തിയിരുന്നു.
കംപ്യൂട്ടറില്‍ സ്റ്റോക്ക് പരിശോധിക്കുമ്പോള്‍ കുറവു തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. മാത്രമല്ല, കേസില്‍ പ്രതികളായ ജീവനക്കാര്‍ക്ക് തന്നെയായിരുന്നു ഡെയ്ലി സ്റ്റോക്ക് പരിശോധനയുടെ ചുമതലയും. ഷര്‍മിളയും ജ്വല്ലറിയിലെ മൂന്നു ജീവനക്കാരും ചേര്‍ന്ന് ആസൂത്രിതമായി തട്ടിപ്പ് നടത്തുകയായിരുന്നു.