ഡ്രഡ്ജിംഗ് പാതിവഴിയില്‍ നിലച്ചു; ഹാര്‍ബറില്‍ നിന്നു കോരിയ മണല്‍ കടലില്‍ തന്നെയിടാന്‍ നീക്കം

നിശാന്ത് ഘോഷ്

dradging1കണ്ണൂര്‍: ആയിക്കര മാപ്പിള ബേ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണത്തോടനുബന്ധിച്ച് നടത്താനിരുന്ന ഡ്രഡ്ജിംഗ് പാതിവഴിയില്‍ നിലച്ചു. ഹാര്‍ബറില്‍ നിന്നും ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്ത മണല്‍ ശേഖരിച്ചിട്ട യാര്‍ഡുകളില്‍ നിന്നും മാറ്റാനാവാത്തതാണ് ഡ്രഡ്ജിംഗ് നിലയ്ക്കാന്‍ കാരണം. യാര്‍ഡുകളിലെ മണല്‍ നീക്കം ചെയ്തു പുതുതായി ഡ്രഡ്ജിംഗ് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ യാര്‍ഡിലെ മണല്‍ വിറ്റു പോകാത്തതിനാല്‍ ഇത് കടലാക്രമണ ഭീഷണി നേരിടുന്ന തയ്യില്‍ മേഖലയിലെ തീരങ്ങളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ മണല്‍ നിക്ഷേപിച്ചാല്‍ കടലാക്രമണത്തിന്റെ രൂക്ഷത തടയാനാകുമെന്നാണ് കരുതുന്നത്.  എന്നാല്‍ മണല്‍ കടലില്‍ തന്നെ നിക്ഷേപിക്കുന്ന കാര്യത്തില്‍ അന്തിമ തീരൂമാനമെടുത്തിട്ടില്ല. ഹാര്‍ബര്‍ ബേസിലെ മണലും ചെളിയും കുറേ നീക്കിയിട്ടുണ്ടെങ്കിലും ഇത് ഹാര്‍ബറിനു സമീപത്തെ എട്ട് യാര്‍ഡുകളില്‍ കൂട്ടിയിരിക്കുകയാണ്. മണല്‍ ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡ്രഡ്ജിംഗിലൂടെ ശേഖരിച്ച മണലിന് ആവശ്യക്കാരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ചെളിയും പശിമയും നിറഞ്ഞ മണലാണ് ഹാര്‍ബറില്‍ നിന്നും ലഭിച്ചത്. ഇതു നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നതിനാല്‍ ആവശ്യക്കാരുണ്ടായില്ല. കുഴികളോ മറ്റോ നികത്തുന്നതിനും പ്രദേശം മണ്ണിട്ട് ഉയര്‍ത്തുന്നതിനും മാത്രമേ ഇതുപയോഗിക്കാന്‍ പറ്റുകയുള്ളൂ. സര്‍ക്കാര്‍ നിരക്കില്‍ മണല്‍ വില്ക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും വാങ്ങാന്‍ ആരുമെത്തിയില്ല. ക്യൂബിക് മീറ്ററിനു 620 രൂപയാണ് സര്‍ക്കാര്‍ നിരക്ക്. എന്നാല്‍ മണല്‍ വില്പനയുമായി ബന്ധപ്പെട്ടു ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 240 രൂപ മാത്രമാണ് പരമാവധി കാണിച്ചിരിക്കുന്നത്. ഇതോടെ മണല്‍ വില്പന നീക്കം സ്തംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ നിരക്ക് മാത്രം ടെന്‍ഡറില്‍ ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ഇതിനു സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ മണല്‍ കടലാക്രമണ ഭീഷണിയുള്ള മേഖലയില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ആലോചിക്കും.

ഹാര്‍ബറിന്റെ പ്രവേശ കവാടവും ഹാര്‍ബറിനകത്തും മണല്‍ തിട്ടകള്‍ രൂപപ്പെട്ടതിനാല്‍ വേലിയിറക്ക സമയത്ത് മത്സ്യബന്ധന യാനങ്ങള്‍ക്കു ഹാര്‍ബറില്‍ പ്രവേശിക്കാനോ പുറത്തേക്കു പോകാനോ കഴിയാത്ത അവസ്ഥയുണ്ടായതിനെ തുടര്‍ന്നാണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. ഹാര്‍ബറിലെ മണല്‍തിട്ടയില്‍ തട്ടി നിരവധി ബോട്ടുകളും തോണികളും തകര്‍ന്നിരുന്നു. ഇതില്‍ പ്രകോപിതരായ മത്സ്യ തൊഴിലാളികള്‍ ഫിഷറീസ് ഓഫീസ്ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു വര്‍ഷങ്ങളായി ചുകപ്പു നാടയില്‍ കുടുങ്ങിയിരുന്ന ഡ്രഡ്ജിംഗ് നടപടി വേഗത്തിലായതും ഡ്രഡ്ജിംഗ് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതും. നിലവില്‍ മത്സ്യവുമായി വരുന്ന ബോട്ടുകള്‍ ഹാര്‍ബറിന്റെ 150 മീറ്റര്‍ അകലെ കടലില്‍ നിര്‍ത്തിയിട്ട് ഇവിടെ നിന്നും തോണികളില്‍ മത്സ്യം നിറച്ചാണ് കരക്കെത്തിക്കുന്നത്.ഇത് ഏറെ അധ്വാനത്തിനും സാമ്പത്തീക ചെലവിനും ഇടയാക്കുന്നുണ്ട്.

2014 ഒക്ടോബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ഡ്രഡ്ജിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2015 ജനുവരി ഒന്നിനായിരുന്നു ഡ്രഡ്ജിംഗ് ആരംഭിച്ചത്. 6.7 കോടി രൂപാ ചെലവിലാണ് ഡ്രഡ്ജിംഗ് നടത്തുന്നത്.
aiya_port
ഹാര്‍ബര്‍ ബേസില്‍ 12,5000 ചതുരശ്ര മീറ്ററും പ്രവേശനമേഖലകളില്‍ 25,000 ചതുശ്ര മീറ്റര്‍ സ്ഥലത്തെയും മണലും ചെളിയും മൂന്നു മീറ്റര്‍ ആഴത്തിലാണ് നീക്കം ചെയ്യേണ്ടത്. 18 മാസം കൊണ്ടു  പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച പ്രവൃത്തിയാണ് നിലച്ചിരിക്കുന്നത്. അതേ സമയം ഇപ്പോള്‍ നടത്തുന്ന പോലുള്ള ഒറ്റത്തവണ ഡ്രഡ്ജിംഗ് കൊണ്ടു മാത്രം ഫലം ഉണ്ടാവില്ലെന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.  ഹാര്‍ബറിലും പ്രവേശന കവാടത്തിലും നിരന്തരമായി വന്നടിയുന്ന മണലും ചെളിയും സമയാസമയം നീക്കാനുള്ള നടപടികളാണ് ആവശ്യമെന്നും അതു മാത്രമേ പ്രായോഗികമായി ഗുണകരമാകൂ എന്നുമാണ് ഇവരുടെ അഭിപ്രായം.

Related posts