ഒരുകൂട്ടം സിംഹങ്ങള്‍ ചമ്മിപ്പോയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. അങ്ങ് ദക്ഷിണാഫ്രിക്കയിലെ ഒരു പാര്‍ക്കില്‍വച്ച് ചിത്രീകരിച്ചതാണ് ഈ വീഡിയോ. സംഭവം എന്തെന്നുവച്ചാല്‍ ഒരുകൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് ഒരു കാട്ടുപോത്തിനെ ആക്രമിച്ച് കീഴടക്കുന്നതാണ്. എന്നാല്‍ കാട്ടുപോത്തിനെ ഭക്ഷിക്കാനുള്ള അവസരം കിട്ടാതെ സിംഹക്കൂട്ടം ച്മ്മുന്നതാണ് വീഡിയോ.
കാട്ടുപോത്തിനെ സംഘം ചേര്‍ന്ന് കീഴ്പ്പെടുത്തിയ സിംഹങ്ങള്‍ക്കിടയിലേക്ക് പുറത്തുനിന്നൊരു പെണ്‍സിംഹം കടന്നുവന്നതോടെയാണ് കടിപിടി തുടങ്ങിയത്. പുറത്തുനിന്നെത്തിയ സിംഹിയെ തുരത്താനുള്ള നീക്കത്തിനിടെ, പരസ്പരം കടിച്ചുകീറാനും സിംഹങ്ങള്‍ തയാറായി. ഇതിനിടെ പതുക്കെ എഴുന്നേറ്റ കാട്ടുപോത്ത് മുടന്തി മുടന്തി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രണ്ട് പെണ്‍സിംഹങ്ങളും രണ്ട് ആണ്‍സിംഹങ്ങളും ചേര്‍ന്നാണ് കാട്ടുപോത്തിനെ കീഴടക്കിയത്. ഇതിനിടയിലേക്കാണ് മറ്റൊരു പെണ്സിംഹമെത്തിയത്.
കൂട്ടത്തിലുള്ള പെണ്സിംഹങ്ങള് അതിനുനേരെ തിരിഞ്ഞു. ആണ്സിംഹങ്ങള്കൂടി വഴക്കില്‍ പങ്കാളികളായതോടെ അവയുടെ ശ്രദ്ധ തെറ്റുകയായിരുന്നു. ഈ ഘട്ടത്തിലാണ് കാട്ടുപോത്ത് അത്ഭുതകരമായി രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കിലുള്ള മാല മാല െ്രെപവറ്റ് ഗെയിം റിസര്‍വില്‍നിന്ന് മൈക്ക് കിര്ക്ക്മാനാണ് ഈ വീഡിയോ പകര്‍ത്തിയത്. സന്ദര്‍ശകര്‍ക്കൊപ്പം പാര്‍ക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രൊഫഷണല്‍ ഗൈഡ് കൂടിയായ കിര്‍ക്ക്മാന്‍ ഈ ദൃശ്യം പകര്‍ത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വീഡിയോ ഇപ്പോള്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.