വെഞ്ഞാറമൂട്: സ്കൂളുകള്‍ കേന്ദ്രീകരിച്ചു കഞ്ചാവു വിതരണം നടത്തിവന്ന സംഘം എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചശേഷം ആറ്റില്‍ചാടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവതിയെ വാമനപുരം എക്‌സൈസ് അധികൃതര്‍ പിടികൂടി. മധുര തിരുവമ്പാംകുളം കൃഷ്ണപുരം കര്‍പ്പകവല്ലി തെരുവില്‍ ഭവാനി(22)ആണ് അറസ്റ്റിലായത്. ഇന്നലെ വാമനപുരം മാര്‍ക്കറ്റിനു പുറകു വശത്ത് നിന്ന് സിവില്‍ ഡ്രസസിലെത്തിയ നസീര്‍ എന്ന ഉദ്യോഗസ്ഥന്‍ മൂവര്‍ സംഘത്തെ തരിച്ചറിഞ്ഞു.
സംശയം തോന്നി ഇവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ കൂടെയുണ്ടായിരുന്ന രണ്ടു പുരുഷന്‍മാര്‍ ഇദ്ദേഹത്തെ ആക്രമിച്ചശേഷം ഓടി ആറ്റില്‍ചാടി. ഇവരുടെ കൈവശം ബാഗ് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഓടി എത്തും മുമ്പേ പ്രതികള്‍ നീന്തി അക്കരെകയറി രക്ഷപ്പെട്ടു. ഭവാനി നീന്തി രക്ഷപ്പെടാനായി പുഴയില്‍ ചാടിയെങ്കിലും ഉദ്യോഗസ്ഥര്‍ സമര്‍ഥമായി ഇവരെ വലയിലാക്കി. സ്ത്രീയുടെ കൈവശം 40 ഗ്രാം കഞ്ചാവു കൈവശമുണ്ടായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു.
ഇവരുടെ കൈവശത്തു നിന്നും നിരവധി എടിഎം കാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കാര്‍ഡ് കഴിഞ്ഞ ദിവസം 3500 രൂപയും പഴ്‌സുമായി നഷ്ടപ്പെട്ട കാട്ടാക്കട സ്വദേശിനിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭവാനിയെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംഘത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും മേഖലയില്‍ ലഹരി വില്‍പ്പനയുള്ളവരെയും മോഷണ വസ്തുക്കള്‍ വാങ്ങുന്നവരെയും കണ്ടെത്തണമെന്നും വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.