മുംബൈ: കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്നു ബാങ്കുകളില്‍ എത്തുന്ന വന്‍ നിക്ഷേപത്തിന്റെ ബാധ്യത ലഘൂകരിക്കാന്‍ റിസര്‍വ് ബാങ്ക് കടപ്പത്രം ഇറക്കും. മാര്‍ക്കറ്റ് സ്റ്റബിലൈസേഷന്‍ സ്കീം (എംഎസ്എസ്) പ്രകാരം ആറു ലക്ഷം കോടി രൂപയുടെ ബോണ്ടാണ് ഇറക്കുക. ഇപ്പോള്‍ 30,000 കോടി ആയിരുന്ന പരിധിയാണ് ആറു ലക്ഷം കോടിയാക്കിയത്.
14 ദിവസവും 28 ദിവസവും കാലാവധി ഉള്ളതാണ് ഇത്തരം കടപ്പത്രങ്ങള്‍. ഇവയുടെ പലിശ കേന്ദ്ര ഗവണ്‍മെന്റ് നല്കും.ബാങ്കുകളില്‍ വരുന്ന അധിക നിക്ഷേപത്തിനനുസരിച്ച് വായ്പ കൂടുന്നില്ല. തന്മൂലം ബാങ്കുകള്‍ക്കു പലിശബാധ്യത വരികയാണ്. ഇതിനിടെ സെപ്റ്റംബര്‍ 16നുശേഷം നവംബര്‍ 10 വരെയുള്ള അധികനിക്ഷേപം കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) ആയി മാറ്റാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. സിആര്‍ആറിനു പലിശയില്ല. തന്മൂലം ബാങ്കുകള്‍ക്കു നഷ്ടം വരും.
സിആര്‍ആര്‍ വര്‍ധന പിന്‍വലിച്ച് ബോണ്ടിലേക്കു തുക മാറ്റാന്‍ അനുവദിക്കുമെന്നാണു കരുതുന്നത്. എന്നാല്‍ ബോണ്ടുകള്‍ തീര്‍ത്തും ഹ്രസ്വകാല ബോണ്ടുകളായതു ബാങ്കുകള്‍ക്കു ലഭിക്കാവുന്ന പലിശയുടെ തോത് കുറയ്ക്കും. ബാങ്കുകള്‍ നിക്ഷേപത്തിനു കുറഞ്ഞത് നാലു ശതമാനം പലിശ നല്കണം. 28 ദിന ബോണ്ടുകള്‍ക്ക് അത്രയും പലിശ ഇല്ല.
ഇതിനകം 11 ലക്ഷം കോടി രൂപയാണു ബാങ്കുകളില്‍ അധിക നിക്ഷേപമായി എത്തിയത്. മൊത്തം 14.6 ലക്ഷം കോടി രൂപയുടെ കറന്‍സിയാണു പിന്‍വലിച്ചത്.