മിന്നിത്തിളങ്ങി മീനാക്ഷി

പ്രദീപ് ഗോപി
meenakshi1
മിനുങ്ങും മിന്നാമിനുങ്ങേ… മിന്നിമിന്നി തേടുന്നതാരേ… വരുമോ ചാരെ നിന്നച്ഛന്‍… ഈ പാട്ടോടെ രാമച്ഛന്റെ (മോഹന്‍ലാലിന്റെ) മാത്രമല്ല മലയാളികളുടെ മുഴുവന്‍ പൊന്നുമോളായി മീനാക്ഷി മാറിയിരിക്കുന്നു. അതിനു മുമ്പ് അമര്‍ അക്ബര്‍ അന്തോണിയിലെ “എന്നോ ഞാനെന്റെ മുറ്റത്തരൊറ്റത്ത്… പുന്നാരിച്ചൊരു മുല്ല നട്ടു… കണ്ണീര്‍ തേവി നനച്ചു കിനാവിന്റെ പൊന്‍തൂവല്‍ കൊണ്ടു പന്തലിട്ടു…’ എന്ന പാട്ടിലൂടെ കുരുന്നുകളുടെ പ്രിയ കൂട്ടുകാരിയായി മീനാക്ഷി മാറിയിരുന്നു. ഈ പാട്ടു മൂളാത്ത കുഞ്ഞുങ്ങള്‍ ഇന്നു ചുരുക്കമാണ്.

നാദിര്‍ഷാ ചിത്രത്തിലൂടെ ശ്രദ്ധേയയായ മീനാക്ഷി പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ഇപ്പോള്‍ ഒരു കുഞ്ഞു സൂപ്പര്‍താരമായി മാറിയിരിക്കുന്നു. “”കാട്ടില്‍ ഒരുപാട് സിംഹങ്ങളുണ്ടാകും, പക്ഷേ, രാജാവ് ഒന്നേ ഉണ്ടാകൂ എന്നു പറഞ്ഞതുപോലെയാണ് ലാലേട്ടന്‍…” അടുത്ത കാലത്ത് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ബാലതാരം മീനാക്ഷി മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ. അന്നുതന്നെ ആ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇന്നും ആ വാചകം വൈറലായി തുടരുന്നു.

മലയാളസിനിമയില്‍ ഈ ന്യൂജെന്‍ കാലത്ത് ഒട്ടേറെ ബാലതാരങ്ങളുണ്ടാകാം. പക്ഷേ, സൂപ്പര്‍ ബാലതാരം ഒന്നേ ഉണ്ടാകൂ… എന്നു പറഞ്ഞപോലെയാണ് മീനാക്ഷി. പൊതുവേദിയിലെത്തുമ്പോള്‍ ഈ ബാലതാരത്തിനു ലഭിക്കുന്ന സ്‌നേഹത്തിനും കരുതലിനും കാരണം അതു തന്നെയാണ്. മികച്ചതെന്നല്ല, അസാമാന്യ പ്രകടനമാണ് മീനാക്ഷിയെ വ്യത്യസ്തയാക്കുന്നത്.   മീനാക്ഷിയെ അറിയില്ലേ? അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുമ്മയായി (പാത്തു) വന്നു പ്രേക്ഷകരുടെ പ്രിയ കുഞ്ഞുതാരമായി മാറി പിന്നീട് ഒപ്പത്തില്‍ ലാലേട്ടന്റെ നന്ദിനിക്കുട്ടിയായും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ മീനാക്ഷിക്കുട്ടിയെ…

താരമായ മീനാക്ഷിയെയേ നമുക്കറിയൂ… രണ്ടാം വയസില്‍ കാമറയ്ക്കു മുന്നിലെത്തിയ മീനാക്ഷി ഇതിനോടകം നിരവധി ആല്‍ബങ്ങളിലും ടെലിഫിലിമുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ദേശീയ പുരസ്കാരം വരെ ലഭിച്ചിട്ടുണ്ട് ഈ കൊച്ചുതാരത്തിന്!

അമര്‍ അക്ബര്‍ അന്തോണിക്കും ഒപ്പത്തിനും പുറമേ വണ്‍ ബൈ ടു, ഒരു നോട്ട് പറഞ്ഞ കഥ, കുമ്പസാരം, ജംമ്‌നാപ്യാരി, ആന മയില്‍ ഒട്ടകം, സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, ഒരു മുത്തശിഗഥ, കോലുമിഠായി തുടങ്ങി 14 സിനിമകളില്‍ ഇതിനകം മീനാക്ഷി അഭിനയിച്ചുകഴിഞ്ഞു. മീനാക്ഷിയുടെ ശരിക്കുള്ള പേര് അനുനയ എന്നാണ്. ചെല്ലപ്പേരാണ് മീനാക്ഷിയെന്നത്. അനുനയ എന്ന പേര് സിനിമയിലെന്നല്ല അല്ലാതെയും വളരെ വിരളമാണെങ്കിലും സിനിമയിലെത്തിയപ്പോള്‍ മീനാക്ഷിയെന്ന പേരു സ്വീകരിക്കുകയായിരുന്നു. അനുനയ എന്നു വിളിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് എല്ലാവരും മീനാക്ഷിയെന്നു വിളിച്ചു. ഇപ്പോള്‍ മീനാക്ഷിയെന്നു പറഞ്ഞാല്‍ മാത്രമേ അടുപ്പക്കാര്‍ക്കു പോലും അറിയൂ. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ അനൂപ്-രമ്യ ദമ്പതികളുടെ കുഞ്ഞാറ്റയുടെ… ആരിഷിന്റെ സഹോദരിയുടെ… അല്ല മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷിയുടെ പുതിയ വിശേഷങ്ങളിലേക്ക്…

* എന്തു നല്ല ലാലേട്ടനാണെന്ന് അറിയോ!
meenakshi2
ഒപ്പത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍. രാത്രിയാണ്, നല്ല മഴയുമാണ്. അവിടെയെത്തിയ കുറേ ചേട്ടന്മാര്‍ക്ക് ലാലേട്ടന്റെ ഒപ്പം നിന്നു ഫോട്ടോ എടുക്കണമെന്നു വലിയ ആഗ്രഹം. അവര്‍ വന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ സെറ്റിലുള്ള എല്ലാവരും പറഞ്ഞു, ലാലേട്ടന്‍ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വന്നതാണ്, നടക്കില്ല എന്ന്. വണ്ടിയില്‍ കയറി പോകാന്‍ തുടങ്ങിയ ലാലേട്ടന്‍ ഇതു കേട്ടു. തിരിച്ചുവന്ന് അവര്‍ക്കൊപ്പം നിന്ന് ലാലേട്ടന്‍  കുറേ ഫോട്ടോകളെടുത്തു. അപ്പോള്‍ ആ ചേട്ടന്മാര്‍ പറഞ്ഞു… എന്തു നല്ല ലാലേട്ടനാ, ഒരു ജാഡയുമില്ലാത്ത ലാലേട്ടന്‍… ഇതെല്ലാം ഞാന്‍ നേരിട്ടു കണ്ട ലാലേട്ടനാണ്.

* ലാലേട്ടന്‍ തന്ന വലിയ സമ്മാനം നോക്കൂ…

ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ… എന്ന പാട്ട് ഷൂട്ട് ചെയ്തപ്പോള്‍ ഒരു മരത്തിന്റെ മുകളില്‍ ഞാനും ലാലേട്ടനും ഇരിക്കുന്ന സീനുണ്ടായിരുന്നു. അപ്പോള്‍ ലാലേട്ടന്‍ അതിന്റെയൊരു സെല്‍ഫിയെടുത്തു. അത് ഒത്തിരി പേര്‍ക്ക് അയച്ചുകൊടുത്തു. പിന്നീട് ആ ഫോട്ടോ എന്റെ നമ്പര്‍ വാങ്ങി എനിക്കുമത് അയച്ചുതന്നു. അതു ഞാന്‍ ഫേസ് ബുക്കിലിട്ടു. ലാലേട്ടന്‍ എനിക്കു തന്ന, എനിക്കു ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണത്.

* ഒപ്പത്തിലെ നന്ദിനിക്കുട്ടി

മിനുങ്ങും മിന്നാമിനുങ്ങേ… എന്ന പാട്ടു ടിവിയില്‍ കാണുന്ന എല്ലാവരും കരുതിയത് ഞാന്‍ ആ സിനിമയില്‍ ലാലേട്ടന്റെ മകളാണെന്നാണ്. എന്നാല്‍ രാമച്ഛന് (ലാലേട്ടന്) ഏറ്റവുമധികം ഇഷ്ടമുള്ള ഒരാളുടെ മകളായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ഒരു കുറ്റകൃത്യത്തിനു പിന്നില്‍ അതായത്, നന്ദിനിക്കുട്ടിയെ കൊല്ലാന്‍ വരുന്നയാളെ കണ്ണു കാണാന്‍ കഴിയാത്ത ഒരേയൊരു ദൃക്‌സാക്ഷി കണ്ടുപിടിക്കുന്നതാണ് കഥ. കൊല്ലാന്‍ വരുന്നയാള്‍ക്കു കാഴ്ചയുണ്ട്. എന്നാല്‍ രാമച്ഛനു കണ്ണു കാണില്ല. ഇവര്‍ രണ്ടു പേരും തമ്മിലുള്ള ബുദ്ധിപരമായ യുദ്ധമാണ് ഈ സിനിമ.

* ആദ്യമായി അഭിനയരംഗത്തേക്ക്
meenakshi3
രണ്ടര വയസു മുതല്‍ അഭിനയിക്കാന്‍ തുടങ്ങി. എന്റെ രണ്ടു കസിന്‍ ചേട്ടന്മാരായ അഖില്‍ എസ് കിരണ്‍, നിഖില്‍ എസ്. പ്രവീണ്‍ എന്നിവര്‍ നേരത്തേ ഈ രംഗത്തുണ്ട്. അഖില്‍ ചേട്ടന്‍ ഡയറക്ട് ചെയ്ത ഓളങ്ങള്‍ക്കപ്പുറം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. സ്കൂളില്‍ മോണോ ആക്ടൊക്കെ ചെയ്യാറുണ്ട്. നൃത്തവും പഠിക്കുന്നുണ്ട്. സായി ക്രിയേഷന്‍സിലെ വിഷ്ണുചേട്ടനാണ് നൃത്തം പഠിപ്പിക്കുന്നത്.

* അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു

അമര്‍ അക്ബര്‍ അന്തോണിയിയിലെ എന്നോ ഞാനെന്റെ മുറ്റത്തൊരൊറ്റത്ത്… എന്ന ഗാനം എന്നെപ്പോലുള്ള കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായത് എനിക്കു വലിയ നേട്ടമായി. എന്റെ 14-ാമത്തെ ചിത്രമായിരുന്നു ഇത്. എന്നെ എല്ലാവരും അറിയാന്‍ തുടങ്ങിയ ചിത്രമാണിത്.

* പുതിയ സിനിമകള്‍

പ്രിയനന്ദന്‍ സാറിന്റെ എംപി എന്ന സിനിമയാണ് ഇനി ചെയ്യുന്നത്. അഞ്ജലി ചേച്ചിയുടെ കാണ്‍ പതു പോയി എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നണ്ട്  ഫസ്റ്റ്  ഷെഡ്യൂള്‍ പൂര്‍ത്തിയായി.

* പഠനം

കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. പക്ഷേ, ഷൂട്ടിംഗ് തിരക്കായതിനാല്‍ സ്ഥിരമായി സ്കൂളില്‍ പോകാന്‍ പറ്റുന്നില്ല. പരീക്ഷയുടെ റിസള്‍ട്ട് വന്നു. എല്ലാത്തിനും എ പ്ലസുണ്ട്.

Related posts