കോട്ടയം: മരക്കുറ്റികളില്‍ നിന്നും വിസ്മയകരമായ വീട്ടുപകരണങ്ങള്‍ നിര്‍മിച്ചു വ്യത്യസ്തനാവുകയാണ് പത്തനംതിട്ട എഴുമറ്റൂര്‍ ചാലാപ്പള്ളി പാരൂക്കുഴി വിജയന്. മരങ്ങള്‍ മുറിച്ചു മാറ്റിയശേഷമുള്ള മരക്കുറ്റികള്‍ ശ്രദ്ധാപൂര്‍വം മണ്ണില്‍ നിന്നും പുറത്തെടുത്തു ആവശ്യമായ രൂപകല്പനകള് വരുത്തിയാണു വിജയന് വീട്ടുപകരണങ്ങളാക്കി മാറ്റുന്നത്. ആഞ്ഞിലി, പ്ലാവ് എന്നിവയുടെ വേരുകള്‍ ഉപയോഗിച്ചു മേശ, കസേര, ടിവി സ്റ്റാന്‍ഡ്, ഡൈനിംഗ് ടേബിള്‍, ചെറിയ ശില്പങ്ങള് എന്നിവ ഉള്‍പ്പെടയുള്ള സാധനങ്ങള്‍ വിജയന് നിര്‍മിക്കുന്നുണ്ട്. ഇതിനുപുറമെ ശില്പ നിര്‍മാണത്തില്‍ താല്പര്യമുള്ളവരെ പഠിപ്പിക്കാനും വിജയന് തയ്യാറാണ്.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയുള്ള വിജയന് വര്‍ഷങ്ങളോളം വിവിധ സംസ്ഥാനങ്ങളില്‍ ജോലി നോക്കിയിരുന്നു. ഒന്നര ലക്ഷത്തോളം രൂപ പ്രതിഫലമുണ്ടായിരുന്ന മാനേജര്‍ ജോലി ഉപേക്ഷിച്ചാണു മരക്കുറ്റികള്‍ ഉപയോഗിച്ചുള്ള വിവിധ സാധനങ്ങളുടെ നിര്‍മാണത്തിലേക്കു വിജയന് ഇറങ്ങിയത്. ഇതിനോടകം ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഒഡീഷ, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലും സൗദ്യ അറേബ്യ, ലിബിയ, ഇറാഖ്, എന്നീ രാജ്യങ്ങളിലും വിജയന് ശില്പ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. നിരവധി ആളുകളാണു വിജയന് മരക്കുറ്റികളില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വാങ്ങാനെത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു വിജയന് കോട്ടയം നാഗമ്പടത്ത് എത്തിയത്. ഇപ്പോള്‍ മക്കളുടെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ടു വിജയന് എറണാകുളത്താണു താമസിക്കുന്നത്. ഭാര്യ സുജയും മക്കളായ ജയലക്ഷ്മിയും അജയ്കുമാറും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.