എനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ചെറിയ സീനില്‍ മാത്രം തലകാണിച്ച നടന്മാര്‍ക്ക് ഇരട്ടി പ്രതിഫലം നല്കുന്നു, അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് വിദ്യാ ബാലന്‍

fb-vidhyabalanവളരെയധികം ബോള്‍ഡായ നടിയെന്നാണ് വിദ്യാ ബാലനെ വിശേഷിപ്പിക്കുന്നത്. ഒരുകാലത്ത് ഭാഗ്യമില്ലാത്ത നടിയെന്ന് പേരുകേള്‍ക്കേണ്ടിവന്ന മലയാളി വേരുകളുള്ള വിദ്യ ഇപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. ബോളിവുഡില്‍ തനിക്കുണ്ടാകേണ്ടിവന്ന ദുരനുഭവങ്ങളാണ് അവര്‍ പങ്കുവച്ചത്.

ഒരു ചാനല്‍ അഭിമുഖത്തിലാണ് അവര്‍ വിവാദത്തിന്റെ ചെപ്പ് തുറന്നത്. മിക്ക നിര്‍മാതാക്കളും നടന്മാര്‍ ചെറിയ റോള്‍ ചെയ്താലും അവര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാറുണ്ടെന്നു വിദ്യ പറയുന്നു. താന്‍ മുഖ്യ റോളിലെത്തിയ ചിത്രത്തില്‍ ചെറിയ സീനില്‍ മാത്രം മുഖം കാണിച്ച നടന് നല്‍കിയത് തനിക്ക് നല്‍കിയതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ്. താന്‍ അതിനേക്കുറിച്ച് നിര്‍മാതാവുമായി തര്‍ക്കിക്കാനോ കൂടുതല്‍ തുക ആവശ്യപ്പെടാനോ പോയില്ലെന്നും നടി പറയുന്നു. തനിക്ക് ഒട്ടുമിക്ക ചിത്രങ്ങളുമായി പ്രവര്‍ത്തിക്കുമ്പോഴും ഈ അനുഭവം ഉണ്ടായിട്ടുണെന്നും ഏതു ചിത്രമാണെന്നോ നടന്റെയോ, സംവിധായകന്റെയോ പേരോ വെളിപ്പെടുത്താനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാബാലന്‍ പറഞ്ഞു.

ഇപ്പോള്‍ ഈ പ്രവണത കുറച്ചൊക്കെ മാറിതുടങ്ങിയിട്ടുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും പുരുഷ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായിരിക്കും മുന്‍ തൂക്കമെന്നു നടി പറയുന്നു. കൂടാതെ നടന്മാരുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ഷൂട്ടിങ് തിയതികള്‍ ക്രമീകരിക്കുന്നത്. പലപ്പോഴും നടന്മാരെ കാത്ത് സെറ്റില്‍ തനിക്ക് വളരെ സമയം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് മറ്റു പ്രൊജക്ടുകള്‍ ചെയ്യേണ്ട സമയമാണ് തനിക്കു നഷ്ടപ്പെട്ടത്- വിദ്യ പരിഭവം പറയുന്നു. കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് വിദ്യാ ബാലന്‍.

Related posts