ട്രാഫിക്ക് ജാമില്‍ ഒരിക്കലെങ്കിലും കുരുങ്ങാത്തവരായി ആരുമുണ്ടാവില്ല. നഗരവാസികള്‍ പ്രത്യേകിച്ച്. ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ സമയം കളയാനായി ചെയ്യാന്‍ പറ്റുന്ന പലകാര്യങ്ങളെക്കുറിച്ചും പരസ്യത്തിലും മറ്റും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ യുഎസില്‍ വിവാഹിതരായ ജെഫും റബേക്കയുമാണ് കല്ല്യാണം കഴിഞ്ഞ് വരുന്ന വഴി ട്രാഫിക്കില്‍ കുടുങ്ങിയത്.
വിവാഹശേഷമുള്ള റിസപ്ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയാണ് ഇവര്‍ പെട്ടത്. കുറെയധികം സമയം കാറില്‍ ഇരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. കല്ല്യാണപ്പെണ്ണിനെയും ചെക്കനെയും കാറില്‍ കണ്ട ബൈക്ക് യാത്രികര്‍ ഇവരോട് കുശലം ചോദിച്ചു. കൃത്യസമയത്ത് ഓഡിറ്റോറിയത്തില്‍ എത്താന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ ബൈക്ക് യാത്രികര്‍ നവദമ്പതികള്‍ക്ക് ബുദ്ധി ഉപദേശിച്ചു. അവിടെ നടത്താനിരുന്ന ഡാന്‍സ് ഇവിടെ നടത്തിക്കൂടെ എന്ന്. കേള്‍ക്കേ താമസം, ഇരുവരും റോഡില്‍ ഇറങ്ങി ഫോണില്‍ പാട്ട് ഓണ്‍ ചെയ്തു. മറ്റ് വാഹനങ്ങളുടെ വെളിച്ചത്തില്‍ പാര്‍ട്ടി ലൈറ്റായി സങ്കല്‍പിച്ച് ഡാന്‍സും തുടങ്ങി.
ബോറടിച്ച് കാറില്‍ ഇരുന്നവരൊക്കെ റോഡില്‍ ഇറങ്ങി ഇരുവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇവരുടെ വീഡിയൊ ഗ്രാഫര്‍ ദൃശ്യങ്ങളെല്ലാം കാമറയില്‍ പകര്‍ത്തുകയും ചെയ്തു. അങ്ങനെ നടുറോഡ് റിസപ്ഷന്‍ സ്റ്റേജായി മാറി. പിന്നീട് മറ്റൊരു ലെയ്‌നിലൂടെ കാറുകള്‍ തിരിച്ചുവിട്ടാണ് ഓഡിറ്റോറിയത്തില്‍ എത്തിയത്.