ചേട്ടന്‍ സൂപ്പറാ… മഹേഷിന്റെ പ്രതികാരത്തില്‍ നായികയ്ക്ക് ഭാര്യയുടെ പേരിട്ട് ദിലീഷ് പോത്തന്‍; ഇടുക്കിക്കാരി ജിംസിയുടെ പേരു വന്ന കഥ

ലിജിന്‍ ഈപ്പന്‍
dileesh
ഇടുക്കിയുടെ കഥ പറഞ്ഞെത്തി പ്രേക്ഷക മനസ് കീഴടക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ കാണിച്ച മികവും അവരുടെ പേരുകളും. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയുടെ ജിംസി എന്നും മലയാളികളുടെ മനസില്‍ ഇടം നില്‍ക്കുന്ന കഥാപാത്രമാണ്. അത്തരമൊരു പേരിലെത്തുന്ന നായിക മലയാള സിനിമയില്‍ തന്നെ ആദ്യമായിരുന്നു. ചിത്രത്തിലെ നായിക ജിംസിയുടെ പേര് സംവിധായകന്‍ ദിലീഷ് പോത്തന്റെ തന്നെ ഭാര്യയുടെ പേര് കടമെടുത്തതാണെന്നറിയുമ്പോഴാണ് അതില്‍ കൗതുകം നിറയുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കറും സംവിധായകന്‍ ദിലീഷ് പോത്തനും വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ്. തന്റെ ആദ്യ സിനിമയുടെ പൂര്‍ണതയില്‍  നിര്‍ബന്ധമുള്ള ദിലീഷ് കഥാപാത്രങ്ങളുടെ പേരു പോലും ഇടുക്കിയിലെ ക്രിസ്ത്യന്‍ പശ്ചാത്തലമുള്ളതായിരിക്കണമെന്ന് തിരക്കഥാകൃത്തിനോട് നിര്‍ബന്ധം പറഞ്ഞിരുന്നു. ചിത്രത്തിന്റെ രചന വേളയിലാണ് രണ്ടാം പകുതിയിലെത്തുന്ന നായികയ്ക്കു പുതുമയുള്ളൊരു പേരു വേണം എന്ന ചിന്ത ഇരുവര്‍ക്കും ഉദിക്കുന്നത്. എന്തുകൊണ്ടു തന്റെ ഭാര്യയുടെ പേര് നായികയ്ക്കു ഇട്ടുകൂടാ? അതിനു ഒരു ഇടുക്കി സ്വഭാവമുണ്ടല്ലോ ? എന്നു ശ്യം പുഷ്കര്‍ ദിലീഷ് പോത്തനോട് ചോദിച്ചു. സംവിധായകനും അതു സമ്മതമായിരുന്നു. കാരണം ആ പേരില്‍ ഒരു പുതുമ ഉണ്ട്. തിരക്കഥാകൃത്തിന്റെ ആ ചോദ്യത്തില്‍ നിന്നുമാണ് സംവിധായകന്‍ ദിലീഷ് പോത്തന്റെ ഭാര്യ ജിംസിയുടെ പേര് തന്നെ ആദ്യ ചിത്രത്തിന്റെ നായികയുടെ പേരായി മാറുന്നത്.
jimsi
നായികയ്ക്കു പേരായി കഴിഞ്ഞപ്പോള്‍ അടുത്ത പ്രശ്‌നം, ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഇതേ നായികയുടെ സഹോദരനാണ്. നായികയുടെ പേരിനൊപ്പം ചേരുന്ന ഒരു പേര് ആ വില്ലനും കണ്ടെത്തണം. ഉടന്‍ തന്നെ സംവിധായകന്‍ മറുപടിയുണ്ടായിരുന്നു, ജിംസിയുടെ സഹോദരന്‍ ജിംസണ്‍. ആ പേരു സംവിധായകനു ആലോചിച്ചു പറയണ്ട കാര്യമില്ല, കാരണം, ദിലീഷ് പോത്തന്റെ ഭാര്യ സഹോദരന്റെ പേര് ജിംസണ്‍ എന്നാണ്. ജിംസിയും ജിസണും യാതൃശ്ചികമായി അങ്ങെ കഥാപാത്രങ്ങളുടെ പേരായി മാറുകയായിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായികയ്ക്കും വില്ലനും തന്റെ കുടുംബത്തില്‍ നിന്നും പേരു കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു സംവിധായകനും. മഹേഷിന്റെ പ്രതികാരം ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായപ്പോള്‍ ആ രണ്ടു പേരുകളും മലയാളികളുടെ മനസിലേക്കാണ് ഇടം പിടിച്ചത്.

Related posts