അജിത് ടോം
ഒരു വാഹനം വാങ്ങുന്നതിനു മുമ്പുതന്നെ വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. റീസെയില്‍ വാല്യു, മൈലേജ് എന്നിവയാണ് ഒരു വാഹനം തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ഉറപ്പുവരുത്തുന്ന ഘടകങ്ങള്‍. യാത്രാസുഖം, പെര്‍ഫോമന്‍സ് തുടങ്ങിയവയ്ക്കു പലപ്പോഴും കുറഞ്ഞ പരിഗണനയാണ് നല്‍കിവരുന്നത്.
ഇത്തരക്കാരുടെ ചിന്തകള്‍ അവസാനിക്കുന്നത് പലപ്പോഴും മാരുതിയിലാണ്. നാളിതുവരെ ഈ വിശ്വാസത്തിന് വീഴ്ച വരുത്താതിരിക്കാന്‍ മാരുതിക്കായിട്ടുണ്ട്. ഈ വിശ്വാസത്തിനു കൂടുതല്‍ കരുത്തു പകര്‍ന്ന് മാരുതിയില്‍നിന്നു പുറത്തിറങ്ങിയിട്ടുള്ള സുപ്രധാന മോഡലാണ് സിയാസ്. ആളുകളെ സിയാസിലേക്ക് ആകര്‍ഷിക്കുന്നത് സ്റ്റൈലും പെര്‍ഫോമന്‍സുമാണ്. ഹ്യൂണ്ടായി വെര്‍ണ, ഹോണ്ട സിറ്റി, ഫോര്‍ഡ് ഫിയസ്റ്റ എന്നിവ അരങ്ങുവാഴുന്ന കാലത്താണ് ഇവരെ വെല്ലുവിളിക്കാന്‍ മാരുതിയില്‍നിന്ന് ഒരു സെഡാന് വരുന്നത്. എതിരാളികളേക്കാള്‍ ഒട്ടും കുറവു വരാതെയാണ് സിയസ് നിരത്തിലെത്തിയത്. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവില്‍ ഒരു ലക്ഷം കാര്‍ എന്ന വലിയ നേട്ടം സിയാസ് സ്വന്തമാക്കി. ഈ വിജയത്തിനു പിന്നാലെയാണ് ഇന്ധനക്ഷമത പിന്നെയും കൂട്ടാനുതകുന്ന എസ്എച്ച്വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍) സാങ്കേതിക വിദ്യയുമായി സിയാസ് വീണ്ടും താരമാകുന്നത്. സിയാസിന്റെ വിശേഷങ്ങളിലൂടെ…
മാരുതിയുടെ സെഡാന് മോഡലായിരുന്ന എസ്എക്സ്4 പിന്‍വലിച്ചതിനെത്തുടര്‍ന്ന് പുറത്തിറക്കിയ, അഴകും കരുത്തും സംയോജിപ്പിച്ച മോഡലാണ് സിയാസ്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള രൂപകല്പനയുമായാണ് സിയാസ് എത്തിയത്. പ്രതീക്ഷകള്‍ക്കപ്പുറം എന്ന വിശേഷണമാകും ഏറ്റവും യോജിക്കുക. ക്രോം ഫിനീഷിംഗ് ഉള്ള ഫോര്‍ സ്ലാറ്റ് ഗ്രില്ലില്‍ സുസുകിയുടെ ചിഹ്നം പതിച്ചിരിക്കുന്നതാണ് സിയാസിന്റെ മുഖ്യ ആകര്‍ഷണം. ഇതിനു പുറമേ പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്പുകളും ബംപറിന്റെ താഴെ വശങ്ങളിലായി നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പും ചെറിയ എയര്‍ ഡാമുകളും ചേര്‍ന്ന് മുഖത്തിന്റെ ഭംഗികൂട്ടുന്നു.
വശങ്ങളിലെ ക്രോം പ്ലേറ്റഡ് ഡോര്‍ ഹാന്‍ഡിലും ക്രോം ഡോര്‍ ലൈനുകളും ബ്ലാക് ഷേഡ് ബി പില്ലറുകളും വാഹനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്. 4490 എംഎം നീളവും 1730 എംഎം വീതിയും 1485 എംഎം ഉയരവുമുള്ള സിയാസിന്റെ ടോപ്പ് എന്‍ഡ് മോഡലിന് 16 ഇഞ്ച് അലോയിയും മറ്റു മോഡലുകള്‍ക്ക് 15 ഇഞ്ച് അലോയിയും നല്‍കിയിട്ടുണ്ട്.
പിന്‍ഭാഗത്തിന് പുതിയ ഹോണ്ട സിറ്റിയുമായി നേരിയ സാമ്യമുണ്ട്. ഹാച്ച്ഡോറിലും ബോഡിയിലുമായി നല്‍കിയിരിക്കുന്ന ടെയില്‍ ലാമ്പുകളും നമ്പര്‍ പ്ലേറ്റിന്റെ മുകളിലുള്ള ക്രോം സ്ട്രിപ്പും പിന്‍ഭാഗം മനോഹരമാക്കുന്നു. ഇതിനു പുറമെ റിയര്‍ ബംപറിന്റെ താഴെ കറുത്ത പ്ലാസ്റ്റിക് സ്ലോട്ടുകളില്‍ റിഫ്ളക്ടറുകള്‍ നല്‍കിയിരിക്കുന്നത് വാഹനത്തിന് സ്പോര്‍ട്ടി ലുക്ക് പകരുന്നുണ്ട്.
ഉള്‍വശം: ഡുവല്‍ ടോണ്‍ കളറില്‍ രൂപകല്പന ചെയ്ത ഇന്റീരിയറാണ് സിയാസിനുള്ളത്. ഡാഷ്ബോര്ഡില്നിന്നു തുടങ്ങിയാല്‍ അപ്പര്‍ പോര്‍ഷന്‍ ബ്ലാക്കും ലോവര്‍ പോര്‍ഷന്‍ വൈറ്റും കളറിലുള്ള സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കിലാണ് ഡാഷ്ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്. ചതുരാകൃതിയിലുള്ള എസി വെന്റുകള്‍ ഡാഷിന്റെ മുകള്‍ഭാഗത്താണ്. താഴ്ഭാഗത്താണ് സെന്റര്‍ കണ്‍സോള്‍. ജിപിഎസ്, റിവേഴ്സ് കാമറ സ്ക്രീനും എസ്ഡി കാര്‍ഡ്, യുഎസ്ബി, ഓക്സിലറി, ഐ പോഡ് എന്നീ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളിന്റെ മുഖ്യ ആകര്‍ഷണം.
സിസ്റ്റത്തിനു താഴെ ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റുണ്ടെങ്കിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റിന്റെ അഭാവം ഇവിടെ നിഴലിക്കുന്നുണ്ട്. ഇതിനു താഴെ യുഎസ്ബി സ്ലോട്ടും ഗ്ലോ ബോക്സും ഒരുക്കിയിരിക്കുന്നു.
സ്പീഡ്, ആര്‍പിഎം എന്നിവ കാണിക്കുന്ന വലിയ രണ്ട് അനലോഗ് മീറ്ററും ടെംപറേച്ചര്‍, ഫ്യൂവല്‍ എന്നിവ കാണിക്കുന്ന രണ്ട് ചെറിയ മീറ്ററും ഒരു ചെറിയ ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുമടങ്ങിയതാണ് മീറ്റര്‍ കണ്‍സോള്‍.
സ്റ്റിയറിംഗിന്റെ ലെഫ്റ്റ് ഹാന്‍ഡ് സ്പോര്ക്കില് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കാനുള്ള സ്വിച്ചുകളും സ്റ്റിയറിംഗ് വീലിന്റെ താഴെ വോയിസ് കമാന്‍ഡ് സ്വിച്ചുകളും നല്‍കിയിട്ടുണ്ട്. താരതമ്യേന ചെറിയ സ്റ്റിയറിംഗ് വീലാണു സിയാസിന്റേത്. അഞ്ച് ആളുകള്‍ക്ക് വിശാലമായി യാത്ര ചെയ്യാവുന്ന വലിയ സീറ്റുകളാണ് ഇതിലുള്ളത്. കൂടാതെ, 510 ലിറ്റര്‍ ബൂട്ട് സ്പേസും നല്‍കിയിട്ടുണ്ട്.
സുരക്ഷ: ടോപ്പ് എന്‍ഡ് മോഡലില്‍ ഡുവല്‍ എയര്‍ ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനം, റിയര്‍ ഡി ഫോഗര്‍ ലൈന്‍സ്, റിവേഴ്സ് സെന്‍സര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
എന്ജിന്: 1.4 ലിറ്റര്‍ പെട്രോള്‍ എന്ജിന്, 1.3 ലിറ്റര്‍ ഡീസല്‍ എന്ജിന്. 1372 സിസി പെട്രോള്‍ എന്‍ജില്‍ 130 എന്‍എം ടോര്‍ക്കില്‍ 91 പിഎസ് പവറും, 1248 സിസി ഡീസല്‍ എന്ജിന് 200 എന്‍എം ടോര്‍ക്കില്‍ 89 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സിലും, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സിലും സിയാസ് എത്തിയിട്ടുണ്ട്.
മൈലേജ്: പെട്രോള്‍ മാന്വല്‍ മോഡലിന് 20.73 കിലോമീറ്ററും ഓട്ടോമാറ്റികിന് 19.12 കിലോമീററും മൈലേജ് നല്കുമ്പോള് എസ്എച്ച് വിസ് ടെക്നോളജിയുടെ പിന്‍ബലത്തില്‍ ഡീസലില്‍ 28.09 കിലോമീറ്റര്‍ മൈലേജാണ് സീയാസിന് ഉറപ്പു നല്‍കുന്നത്.
വില: സിയാസ് പെട്രോള്‍ മോഡലിന് 8.9 ലക്ഷം മുതല്‍ 12.54 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 9.80 ലക്ഷം മുതല്‍ 12.35 ലക്ഷം രൂപ വരെയുമാണ് കോട്ടയത്തെ ഓണ്‍റോഡ് വില.
ടെസ്റ്റ് ഡ്രൈവ്: എവിജി മോട്ടോഴ്സ്, കോട്ടയം ഫോണ്‍: 9447035099