ഓണ്‍ലൈന്‍ ബാങ്കിംഗ്: ജാഗ്രത പുലര്‍ത്താം

bd2016dec03fa1

ആതിര ജോലിക്കാരിയാണ്. മൊബൈല്‍ ഫോണ്‍ ഒരു അവയവംപോലെ കൊണ്ടുനടക്കുന്നവള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാമോ അതില്‍ സമര്‍ത്ഥയാണ്.

അതുകൊണ്ടുതന്നെ ഇടപാടുകളെല്ലാം തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ ആതിര ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നത്, സാധനങ്ങള്‍ വാങ്ങിക്കുന്നത്, ബില്ലുകളടക്കുന്നത് എന്നു തുടങ്ങി നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് എന്തൊക്കെ സേവനങ്ങളുണ്ടോ അതിന്റെയെല്ലാം ഉപയോക്താവാണ് ആതിര.

നഗരത്തിലെ മികച്ച സ്ഥാപനത്തിലുള്ള ജോലിയും എപ്പോഴും യാത്രകള്‍ ചെയ്യേണ്ടി വരുന്നതിനാലും ഇതു തന്നെയാണ് ഏറ്റവും സുരക്ഷിതവും എളുപ്പമായ മാര്‍ഗമെന്നും ആതിര വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരോട് അത് എപ്പോഴും പറയുകയും ചെയ്യുന്നു. സംഗതി ശരിയാണുതാനും.
ഏതു പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും നല്ല ധാരണ തനിക്കുണ്ട് എന്ന വിശ്വാസം കൂടിയായപ്പോള്‍ ആതിര തന്റെ പണമിടപാടുകളെ തന്റെ കൈക്കുള്ളിലാക്കി.

അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നു എന്ന് കാണിച്ച് ഒരു ദിവസം ആതിരയുടെ മൊബൈലിലേക്ക് ഒരു മെസേജു വന്നു. താന്‍ നടത്തിയ ഇടപാടിന്റെ തന്നെയാണെന്നു കരുതി ആതിരയതു കാര്യമാക്കിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പണം പിന്‍വലിച്ചിരിക്കുന്നു എന്നു പറഞ്ഞ് മെസേജ് വന്നു. ഇത്തവണ പിന്‍വലിക്കപ്പെട്ട പണം അല്‍പം കൂടുതലാണ്.

അപ്പോഴാണ് ആതിരക്കു മനസിലാകുന്നത് ഇത് കളിയല്ല കാര്യമാണെന്ന്.

ആരോ തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നുണ്ടെന്നുള്ള അന്വേഷണത്തില്‍ വിദേശത്തുള്ളവരാണ് ഇതിനു പിന്നിലെന്നു മനസിലായി. ഉടനെ പാസ് വേര്‍ഡ് മാറ്റലായി ആകെ ബഹളം!

നാണയത്തിന്റെ രണ്ടു വശം

സാങ്കേതിക വിദ്യകള്‍ വളര്‍ന്നു, വിരല്‍ തുമ്പില്‍ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്. പക്ഷേ, ഒരു നാണയത്തിന്റെ രണ്ടു പുറം പോലെയാണ് ഇവ നേട്ടം നല്‍കുന്നതിനോടൊപ്പം തന്നെ കോട്ടവുമുണ്ട്. ഇതിനുള്ള പരിഹാരം എന്താണെന്നു ചോദിച്ചാല്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നേ പറയാനാവൂ. സ്വയം ഒരുക്കുന്ന സുരക്ഷ ഇത്തരം കാര്യങ്ങളില്‍ വളരെ പ്രധാനമാണ്.

ബാങ്കുകളിലെ കോര്‍ ഡാറ്റ ബേസ്. എടിഎം സെര്‍വറുകള്‍, ഇന്റര്‍ നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍, വിവിധ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ശൃംഖല എന്നിവ സുരക്ഷിതമാണെങ്കില്‍ ഇടപാടുകളെല്ലാം സുരക്ഷിതമായിരിക്കും.

പൊതു കമ്പ്യൂട്ടറുകള്‍

ഒരിക്കലും പൊതു കമ്പ്യൂട്ടറുകളില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാരണം നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന കാര്യങ്ങള്‍ ഫേവറൈറ്റ് ലിസ്റ്റില്‍ തന്നെയുണ്ടാകും എല്ലാവരും ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഇത്തരം കാര്യങ്ങളുണ്ടെങ്കില്‍ പെട്ടന്നു തന്നെ മറ്റുള്ളവര്‍ക്ക് അതു കൈക്കലാക്കാന്‍ പറ്റും എന്നതോര്‍ക്കുക. കൂടാതെ പൊതുവായ ഒരു കമ്പ്യൂട്ടറില്‍ നിശ്ചയമായും വൈറസുകളുണ്ടാകും. അവയും വിവരങ്ങള്‍ ചോര്‍ത്തിയെടുതിതി നമുക്ക് പണി തരും. ഇത്തരം കമ്പ്യൂട്ടറുകളില്‍ വിവരങ്ങള്‍ സോവ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ഇന്റെര്‍നെറ്റ് ബാങ്കിംഗ് ഉപയോഗശേഷം സൈന്‍ ഓഫ് ചെയ്തു എന്ന ഓരോ തവണയും ശേഷം ഉറപ്പാക്കുക. കമ്പ്യൂട്ടറിന്റെ ഹിസ്റ്ററി മായിച്ചു കളയുകയും ചെയ്യുക.

പിന്‍ നമ്പറിലും വേണം ശ്രദ്ധ

ബാങ്കുകള്‍ തന്ന പിന്‍മ്പറുകള്‍ നിര്‍ബന്ധമായും മാറണം. ഇനി മാറുമ്പോള്‍ അച്ഛന്റെ, അമ്മയുടെ സഹോദരങ്ങളുടെ പേര്, ജനനവര്‍ഷം അങ്ങനെ അവനവനുമായി ബന്ധമുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. കാരണം അവ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. എടിഎം കാര്‍ഡടക്കം പോക്കറ്റടിച്ചു പോയി എന്നിരിക്കട്ടെ. നിങ്ങളുടെ പേര് ഒന്നു ഫെയിസ് ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങളെല്ലാം പോക്കറ്റടിച്ചവനു കിട്ടും. അതവന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.

അതിനാല്‍ ഒരിക്കലും 1,2,3,4 എന്നിങ്ങനെയുള്ള നമ്പറുകള്‍, ഇന്ത്യ, കേരള എന്നിങ്ങനെയുള്ള പേരുകള്‍ മുതലായവ പാസ്വേഡായി നല്‍കാതിരിക്കുക. ഇത് മൊബൈലിലും മറ്റും സേവ് ചെയ്യാതിരിക്കുക. മറ്റൊന്ന് ഇടയ്ക്കിടെ പിന്‍ നമ്പറുകള്‍ മാറ്റിക്കൊണ്ടിരിക്കുകയെന്നതാണ്. ചില ബാങ്കുകള്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ്വേഡുകള്‍ 90 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റിക്കാറുണ്ട്.

കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍

ഇന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ കാര്‍ഡുപയോഗിച്ചാണ് എല്ലാവരും തന്നെ ബില്ലുകളടക്കുന്നത്. പക്ഷേ, അവിടെയും വേണം സ്വയം സുരക്ഷ. നമ്മുടെ മുന്നില്‍ നിന്നും മാത്രം കാര്‍ഡ് സ്വൈപ് ചെയ്യാനനുവദിക്കുക. പിന്‍ നമ്പര്‍ ഒരിക്കലും പറഞ്ഞു കൊടുക്കാതിരിക്കുക. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചതിനുശേഷവും കാര്‍ഡ് വെയിറ്ററുടെ കയ്യില്‍ കൊടുത്തുവിടാതെ സ്വയം ബില്ലടയ്ക്കുക. ഉപഭോക്താവിനു സമീപത്തേക്ക് കൊണ്ടു വരത്തക്ക വിധത്തില്‍ വയര്‍ലെസ് സംവിധാനമാണ് കാര്‍ഡുപയോഗിച്ചുള്ള പേമെന്റിനുള്ളത്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അല്ലെങ്കില്‍ മറ്റു വിവരങ്ങള്‍ തുടങ്ങിയവ ഫോണ്‍ വഴി നല്‍കുന്നതു വളരെയധികം ശ്രദ്ധിച്ചായിരിക്കണം. ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ ഇത്തരത്തില്‍ ഫോണില്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ല.

ക്രമമായി സേവിംഗ്‌സ് അക്കൗണ്ട് ചെക്ക് ചെയ്യുക

ഓണ്‍ലൈന്‍ ഇടപാടു നടത്തിയതിനുശേഷം നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക. അക്കൗണ്ടില്‍നിന്നു കൃത്യമായ തുകയാണോ എടുത്തിട്ടുള്ളതെന്നു പരിശോധിച്ചു ഉറപ്പു വരുത്തുക. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി തോന്നിയാല്‍ ഉടനേ ബാങ്കിനെ അറിയിക്കുക.

ലൈസന്‍സുള്ള ആന്റി വൈറസ് ഉപയോഗിക്കുക

നിങ്ങളുടെ കംപ്യൂട്ടറില്‍ ലൈസന്‍സ് ഉള്ള ആന്റി വൈറസ് സോഫ്‌റ്റ്വേര്‍ ഉപയോഗിക്കുക. മാത്രവുമല്ല, ഈ ആന്റി വൈറസ് സോഫ്‌റ്റ്വേര്‍ കാലോചിതമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഇതുവഴി രഹസ്യമായി സൂക്ഷിക്കേണ്ട എല്ലാ വിവരങ്ങളും അത്തരത്തില്‍ സംരക്ഷിക്കപ്പെടാന്‍ സഹായിക്കുന്നു.

ലോഗിന്‍ ചെയ്ത സമയം പരിശോധിക്കാം

ഇടക്കിടക്ക് അവസാനം ലോഗിന്‍ ചെയ്ത സമയം പരിശോധിക്കുക. ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ വെബ്‌സൈറ്റില്‍ നിന്നും തീയതി, സമയം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.

തട്ടിപ്പിനിരയായാല്‍

മുന്‍ കരുതലുകളെല്ലാം എടുത്തു പക്ഷേ, മൊബൈല്‍ ഫോണും പേഴ്‌സും പോക്കറ്റടിച്ചു പോയി! ഇനി എന്തു ചെയ്യും. തട്ടിപ്പിനിരയാകുകയോ എടിഎം കാര്‍ഡ് മുതലായവ നഷ്ടപ്പെടുകയോ ചെയ്താല്‍ ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചു വിവരം അറിയിക്കും അക്കൗണ്ടിലെ ഇടപാടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് ആദ്യം ചെയ്യേണ്ടത്.

അതിനും മുന്നേ അക്കൗണ്ടു തുറക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പര്‍, ബാങ്ക്് മാനേജരുടെയോ മറ്റുദ്യോഗസ്ഥരുടെയോ നമ്പര്‍. അല്ലെങ്കില്‍ ശാഖയില്‍ ബന്ധപ്പെടേണ്ട തുടങ്ങിയവ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുക. ഫോണില്‍ സൂക്ഷിക്കുന്നതോടൊപ്പം തന്നെ എവിടെയെങ്കിലും കുറിച്ചു വയ്ക്കുകയുമാകാം. കാരണം ഫോണ്‍ നഷ്ടപ്പെട്ടാലും ബാങ്കിലേക്കു വിളിക്കണമല്ലോ. ബാങ്കിലേക്ക് വിളിച്ച് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാം. ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയാണ് തട്ടിപ്പിനിരയാകുന്നതെങ്കില്‍ ഉടനെ പാസ് വേര്‍ഡ് മാറ്റുക എന്നതാണ് പോംവഴി.

തട്ടിപ്പുകളുടെ ചില മാതൃകകള്‍

ഫിഷിംഗ്: ബാങ്കുകള്‍ ലോകമെങ്ങും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഫിഷിംഗ്. നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍ തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്നു വിളിക്കുന്നത്. ബാങ്കില്‍നിന്നോ മറ്റ് അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍നിന്നോ എന്ന വ്യാജേനയുള്ള ഇ– മെയിലുകളാണ് ഫിഷിംഗ്. ഓര്‍മിക്കുക, ലോഗിന്‍, ട്രാന്‍സാക്ഷന്‍ പാസ്വേഡുകള്‍ വണ്‍ ടൈം പാസ്വേഡ് ( ഒടിപി), യുണിക് റെഫറന്‍സ് നമ്പര്‍ തുടങ്ങിയവ രഹസ്യ വിവരങ്ങള്‍ ബാങ്കുകള്‍ ഇടപാടുകാരില്‍നിന്ന് ഒരിക്കലും ഇത്തരം ഇ–മെയിലുകള്‍ വഴി തേടുകയില്ല.

വിഷിംഗ്: ഫിഷിംഗ് പോലെതന്നെയുള്ള ഒരു തട്ടിപ്പു പരിപാടിയാണ് വിഷിംഗും. വ്യത്യാസം സാങ്കേതികവിദ്യയില്‍ മാത്രമേയുള്ളു. ഫിഷിംഗില്‍ ഇ– മെയിലാണ് ഇടപാടുകാരനെ വീഴിക്കുവാന്‍ ഉപയോഗിക്കുന്നതെങ്കില്‍ വിഷിംഗില്‍ ടെലിഫോണ്‍ സര്‍വീസുകള്‍, ടെലിഫോണ്‍ സംഭാഷണം തുടങ്ങിയവ ഉപയോഗിക്കുന്നു. ബാങ്കിലെയോ സ്ഥാപനത്തിലെയോ ജോലിക്കാരന്‍ എന്ന നിലയില്‍ ഇടപാടുകരാനെ വിളിച്ച് വ്യക്തിഗത വിവരങ്ങള്‍ അന്വേഷിക്കുകയാണ് വിഷിംഗ് തട്ടിപ്പിന്റെ രീതി. ഇത്തരത്തില്‍ വിളി വന്നാല്‍ അതിനു മറുപടി കൊടുക്കാതെ വിവരം ബാങ്കിനെ അറിയിക്കുക.

സ്കിമ്മിംഗ്: ഇടപാടുകാരന്‍ എടിഎമ്മില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിന്റെ വിവരങ്ങളും പിന്‍ നമ്പരും ചോര്‍ത്താന്‍ മെഷീനോ കാമറയോ സ്ഥാപിക്കുന്നതാണ് സ്കിമ്മിംഗ്. ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകാരന്‍ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കുന്നു. ഈയടുത്തുകാലത്തു തിരുവന്തപുരത്തും മറ്റും നടന്ന സംഭവങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല.

ക്ലോണിംഗ്: ഓണ്‍ലൈനിലും ഓഫ് ലൈനിലും ക്ലോണിംഗും സംഭവിക്കാറുണ്ട്. എടിഎമ്മിലോ പിഒഎസ് മെഷിനിലോ കാര്‍ഡ് ക്ലോണിംഗ് ഉപകരണം സ്ഥാപിച്ച്, കാര്‍ഡ് സ്വൈപ് ചെയ്യുമ്പോള്‍ വിവരംശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നു.

മാല്‍വേര്‍: കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സോഫ്‌റ്റ്വേറുകള്‍ ഉടമസ്ഥന്‍ അറിയാതെ കംപ്യൂട്ടറുകളില്‍ നിക്ഷേപിക്കുന്ന ചില വെബ്‌സൈറ്റുകള്‍, അല്ലെങ്കില്‍ ചില ഫയലുകള്‍, വീഡിയോ തുടങ്ങിയ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഇത്തരം മാല്‍വേറുകള്‍ കംപ്യൂട്ടറിലെത്തുന്നത്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കുള്ള മറ്റു ചില ചാനലുകളാണ് കൃത്രിമ ആപ്പുകള്‍, സ്വിം കാര്‍ഡ് സ്വാപ്പിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ദുരുപയോഗം, മൊബൈല്‍ ആപ്ലിക്കേഷന്‍ ഹാക്കിംഗ് തുടങ്ങിയവ.

മൊബൈല്‍ നമ്പറും ഒടിപിയും

ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇന്ന് സാധാരണമായൊരു പ്രക്രിയായി മാറിയിരിക്കുകയാണ്. നെറ്റ് ബാങ്കിംഗ് വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ അതീവ സുരക്ഷ അത് നല്‍കുന്നുണ്ട്. യൂസര്‍ നെയിമും പാസ്വേഡും നല്‍കി വേണം അതിലേക്കു കയറാന്‍ പിന്നെ ബാങ്കിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ചോദിക്കും ഇത് ബാങ്ക് നല്‍കുന്ന സുരക്ഷയാണ്.

ഇതിനൊക്കെ പുറമെ വണ്‍ ടൈം പാസ് വേര്‍ഡുമുണ്ട് (ഒടിപി). ഇതു ഉപഭോക്താവിനായി മാത്രം ബാങ്ക് അയച്ചു തരുന്നതാണ്. കൂടാതെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഈ ഒടിപി അയക്കുന്നത്. അക്കൗണ്ട് എടുത്തിട്ട് കുറെയധികം വര്‍ഷമായി അതിനോടകം തന്നെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റി. പക്ഷേ, ബാങ്കിലെ മൊബൈല്‍ നമ്പര്‍ മാറ്റിയില്ല എന്നിരിക്കട്ടെ അവിടെ തീര്‍ന്നു എല്ലാം!

നമ്മുടെ ഒടിപി ചെല്ലുന്നത് മറ്റാരുടെയങ്കിലും മൊബൈലിലേക്കായിരിക്കും. അതിനാല്‍ മൊബൈല്‍ നമ്പര്‍ മാറ്റി ലോകത്തിന്റെ ഏതു കോണിലേക്കു പോയാലും ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളും മാറ്റുക എന്നത് ഒരിക്കലും മറക്കാതിരിക്കുക. കാരണം നമ്മുടെ മ്യൂച്ചല്‍ ഫണ്ട്, ഇന്‍കം ടാക്‌സ് എന്നു തുടങ്ങി എല്ലായിടത്തും മൊബൈല്‍ നമ്പര്‍ അത്യാവശ്യമാണ്. അതിനാല്‍ ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക.

ആപ്പുകള്‍ ആപ്പാകരുത്

ഓരോ ബാങ്കുകള്‍ക്കും അവരവരുടേതായ ആപ്ലിക്കേഷനുകളുണ്ട്. കൂടാതെ ചില്ലര്‍, പേടിഎം തുടങ്ങിയ ഓണ്‍ ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന ആപ്പുകളുമുണ്ട് ഇവ ഒരിക്കലും നമുക്ക് ആപ്പാകാതെ സൂക്ഷിക്കണം. ഇത്തരം ആപ്പുകള്‍ സേവനം നല്‍കുന്നത് നമ്മെുട കാര്‍ഡ് ഉപയോഗിച്ചാണ്. കാര്‍ഡ് നമ്പര്‍ സിവിവി നമ്പര്‍ എന്നിവയൊക്കെ ഇവയുടെ സേവനത്തിനായി നല്‍കണം. നല്‍കാം പക്ഷേ, ഇവ ഒരിക്കലും സേവ് ചെയ്തിടരുത്. മറ്റുള്ളവര്‍ക്ക് മെസേജ് വഴി കൈമാറുകയും ചെയ്യരുത്.

ഫോണിലോ ഇ–മെയിലിലോ ഒരു ബാങ്ക് ഒരിക്കലും നിങ്ങളോട് വിവരങ്ങള്‍ തേടുകയില്ല. ഇത്തരത്തില്‍ ഫോണ്‍ കോളോ ഇ– മെയിലോ ലഭിച്ചാല്‍ നിങ്ങള്‍ വിവരങ്ങള്‍ നല്‍കരുത്. മാത്രവുമല്ല ഈ വിവരം ഉടനേ ബാങ്കിനെ അറിയിക്കുകയും ചെയ്യണം.

സ്ഥിരമായി അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുക

അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകള്‍ ഇടക്കിടക്ക് പരിശോധിക്കുക എന്നത് ഒരു സ്ഥിരം സ്വഭാവമായി മാറ്റിയെടുക്കുക. ഇന്റെര്‍നെറ്റ് ബാങ്കിംഗ് വഴി മിനി സ്‌റ്റേറ്റ്‌മെന്റും വിശദമായ സ്‌റ്റേറ്റ്‌മെന്റും ലഭിക്കും അവ ഇടക്കിടയ്ക്ക് പരിശോധിക്കുക.

ഇനി ഡിജിറ്റല്‍ മണിയുടെ കാലം

ഇടപാടുകള്‍ക്ക് കടലാസു പണം ഇല്ലാതാകുന്ന കാലം അതി വിദൂരമല്ല. അച്ചടിച്ചിറങ്ങുന്ന കറന്‍സയിലാണ് കള്ളനോട്ടുകളും മറ്റും ഉണ്ടാകുന്നത്. ഇടപാടുകളെല്ലാം ഡിജിറ്റലായി കഴിയുമ്പോള്‍ വ്യജനോട്ടിനെക്കുറിച്ചുള്ള പേടി വേണ്ട. കൈകളിലൂടെ പണം കടന്നു പോകുമ്പോള്‍ മാത്രമാണ് കള്ളനോട്ട് കയറിക്കൂടുക. ഡിജിറ്റല്‍ സേവനങ്ങള്‍ വരുമ്പോള്‍ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ഇവിടെ കള്ളനോട്ടില്ല, പോക്കറ്റടിക്കും എന്ന പേടി വേണ്ട, നോട്ടുകള്‍ കീറിപോകും എന്നു പേടിക്കേണ്ട. കള്ളപ്പണത്തെ തടയാം അങ്ങനെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക ്‌നേട്ടങ്ങള്‍ നിരവധിയാണ്.

പക്ഷേ, ശ്രദ്ധയോടെ നിര്‍വഹിച്ചില്ലെങ്കില്‍ നാം ആഗ്രഹിക്കുന്നവരുടെ കൈകളില്‍ പണം എത്തില്ല. ഇങ്ങനെ തെറ്റായ കൈകളില്‍ എത്തിയ പണം തിരിച്ചു കിട്ടാനും പ്രയാസമാണ്.

നൊമിനിറ്റ ജോസ്

Related posts