ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: വിപണിയുടെ എല്ലാ ശ്രദ്ധയും കേന്ദ്രബാങ്കിലേക്കു തിരിയുകയാണ്. ബുധനാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകനം. സാമ്പത്തിക രംഗത്തെ പുത്തന്‍ പരിഷ്കാരങ്ങള്‍ കണക്കിലെടുത്താല്‍ ബാങ്കിംഗ് മേഖലയ്ക്കു കൂടി ഊര്‍ജം പകരുന്ന പ്രഖ്യാപനങ്ങള്‍ ആര്‍ബിഐയില്‍നിന്നു പ്രതീക്ഷിക്കാം.ഈ വാരവും പ്രമുഖ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരാം. നിഫ്റ്റി 8,070–8,244 പോയിന്റില്‍ സഞ്ചരിച്ച ശേഷം വാരാന്ത്യം 27 പോയിന്റ് നഷ്ടത്തില്‍ 8,086ലാണ്. ഇന്ന് നിഫ്റ്റിക്ക് 8,060–8,050 പോയിന്റ് ഏറെ നിര്‍ണായകമാണ്. ഈ സപ്പോര്‍ട്ട് കാത്തുസൂക്ഷിച്ചാല്‍ 8,196–8,307ലേക്ക് ഹ്രസ്വകാലയളവില്‍ വിപണി മുന്നേറാം.
ഈ പ്രതിരോധമേഖല മറികടക്കാനായാല്‍ 8,370 വരെ ഉയരാം. ഈ വാരം വിപണിയുടെ താങ്ങ് 8,022–7,959ലാണ്. ഇത് നഷ്ടപ്പെട്ടാല്‍ 7,848 വരെ പരീക്ഷണം തുടരാം. നിഫ്റ്റിയുടെ മറ്റു സാങ്കേതികവശങ്ങള്‍ പരിശോധിച്ചാല്‍ പാരാബോളിക്ക് എസ്എആര്‍ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഒരു പുള്‍ ബാക്ക് റാലിക്കുള്ള ഒരുക്കത്തിലുമാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവര്‍ ബോട്ടാണ്. അതേസമയം ആര്‍എസ്ഐ 14 ന്യൂട്ടറല്‍ റേഞ്ചിലും.
ബോംബെ സെന്‍സെക്സ് 26,270 റേഞ്ചില്‍നിന്ന് നിത്യേന ഉയര്‍ന്ന് 26,721 വരെ എത്തിയ ശേഷം വാരാന്ത്യം 26,231 പോയിന്റിലാണ്. ഈവാരം ആദ്യ സപ്പോര്‍ട്ടായ 26,037ല്‍ പിടിച്ചു നില്‍ക്കാനായാല്‍ 26,573–26,915 പോയിന്റിനെ ലക്ഷ്യമാക്കി മുന്നേറാനാവും. എന്നാല്‍, ആദ്യ താങ്ങില്‍ കാലിടറിയാല്‍ സൂചിക 25,843–25,501 ലേക്കു വരുംദിനങ്ങളില്‍ തളരാം.വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞ 17 ദിവസത്തിനിടെ ഇന്ത്യയില്‍നിന്ന് 18,800 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. പോയവാരം 3,179 കോടി രൂപയുടെ ബാധ്യതകളാണ് അവര്‍ വിറ്റത്. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 419 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ കൈവെടിഞ്ഞു.
ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപ പ്രതിസന്ധികളെ മറികടന്ന് കരുത്തു കാണിച്ചു. 68.47ല്‍നിന്ന് 68.76ലേക്ക് ഇടിഞ്ഞ രൂപയുടെ മൂല്യം വാരാന്ത്യം 68.03ലാണ്. കേന്ദ്ര ബാങ്ക് വന്‍തോതില്‍ ഡോളര്‍ വില്പനയ്ക്കിറക്കിയത് രൂപയ്ക്കു നേട്ടമായി.നീണ്ട ഇടവേളയ്ക്കു ശേഷം ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കാന്‍ ഒപ്പെക്ക് തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ 12 ശതമാനം നേട്ടവുമായി ബാരലിന് 51.68 ഡോളറായി. 2011ന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടം. 2008ന് ശേഷം ആദ്യമായാണ് ഒപ്പെക്ക് അംഗരാജ്യങ്ങളും എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് രാജ്യങ്ങളും സംയുക്തമായി ഉത്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ യോജിപ്പില്‍ എത്തുന്നത്.
ഈ വാരം 52 ഡോളറിലെ പ്രതിരോധം വിപണി മറികടന്നാല്‍ 54–57 ഡോളര്‍ വരെ മുന്നേറാന്‍ എണ്ണ മാര്ക്കറ്റിനാവും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ക്രിസ്മസ്–ന്യൂ ഇയര്‍ അവധികള്‍ക്കായി ഫണ്ടുകള്‍ രംഗം വിടുന്നത് നിക്ഷേപതാത്പര്യം ചുരുങ്ങാന്‍ ഇടയാക്കുന്നത് കണക്കിലെടുത്താല്‍ 50–46 ഡോളറില്‍ താങ്ങു പ്രതീക്ഷിക്കാം.ജനുവരി മുതല്‍ പ്രതിദിന എണ്ണ ഉത്പാദനത്തില്‍ മൂന്ന് ശതമാനം കുറവ് വരുത്താന്‍ തീരുമാനം. നിത്യേന 1.2 കോടി ബാരല്‍ എണ്ണയുടെ കുറവ്. ഒപ്പെക്കിന്റെ പ്രതിദിന എണ്ണ ഉത്പാദനം 3.25 കോടി ബാരലാണ്. ഒപ്പെക്കില്‍ അംഗമല്ലാത്ത റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് ഉത്പാദക രാജ്യങ്ങള്‍ വെള്ളിയാഴ്ച യോഗം ചേരും.
ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ റഷ്യ മൂന്നു ലക്ഷം ബാരലിന്റെ കുറവ് അടുത്ത വര്‍ഷം വരുത്താനുള്ള തയാറെടുപ്പിലാണ്.ഏഷ്യന്‍–യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ പലതും നഷ്ടത്തിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക നഷ്ടത്തിലാണെങ്കിലും എസ് ആന്‍ഡ് പി, നാസ്ഡാക് സൂചികകള്‍ മികവു നിലനിര്‍ത്തി.