നിയമ വ്യവസ്ഥക്കു നേരേയുള്ള വിനുവിന്റെ മറുപടി

VINUസ്വന്തം ലേഖകന്‍

സാധാരണക്കാരന്റെ ജീവിതമായിരുന്നു എന്നും വി.എം. വിനു ചിത്രങ്ങളുടെ ഇതിവൃത്തം. അതുതന്നെയാണ്  കുടുംബ  പ്രേക്ഷകരുടെ പ്രിയ സംവിധായകരുടെ നിരയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയതും. ഇടവേളകളില്ലാതെ സിനിമ ചെയ്ത് സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധ പൂര്‍വം ശ്രമിക്കാറില്ല. ഓരോ സിനിമകള്‍ക്കിടയിലും സംഭവിച്ച ഇടവേളകള്‍ അതു നമ്മളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു വി.എം. വിനു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മമ്മുട്ടി ചിത്രമായ ഫേസ് ടു ഫേസായിരുന്നു ഒടുവില്‍ റിലീസ് ചെയ്തത്. സിനിമകള്‍ക്കിടയിലെ ഇടവേളകളെക്കുറിച്ചും മറുപടിയുടെ വിശേഷങ്ങളും വി.എം. വിനു രാഷ്ട്ര ദീപികയുമായി പങ്കുവയ്ക്കുന്നു.

നാലു വര്‍ഷത്തെ മൗനം ഭേദിക്കുന്ന മറുപടി

ഫേസ് ടു ഫേസിനു ശേഷമുള്ള ഇടവേള മനപ്പൂര്‍വം സംഭവിച്ചതല്ല. അരോമ മൂവീസിനു വേണ്ടി മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറച്ചു നാള്‍. ചിത്രത്തിന്റെ നിര്‍മാണ പൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി എട്ടുമാസത്തോളം ചെലവഴിച്ചു. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കും മറ്റു പല കാരണങ്ങളും കൊണ്ട് സിനിമ നടന്നില്ല. പിന്നീടു നിരവധി കഥകള്‍ കേട്ടു. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന, എനിക്കിഷ്ടപ്പെടുന്ന തിരക്കഥകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. അത്തരത്തില്‍ എനിക്കു ചെയ്യണം എന്നു തോന്നിയ സിനിമയായിരുന്നു മറുപടി.

ഇരയ്ക്കു നീതിയും സംരക്ഷണവും നല്‍കേണ്ട നിയമവും അധികാരികളും ചേര്‍ന്ന് ഇരയെ വേട്ടയാടുന്ന ഈ കാലഘട്ടം ആവശ്യപ്പെടുന്ന പ്രമേയമാണ് മറുപടിയുടേത്. നിലവിലെ നിയമ വ്യവസ്ഥിതിക്കുള്ള മറുപടിയാണ് ഈ ചിത്രം. വേട്ടയാടപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. കേരളത്തില്‍ നിന്നും ജോലിയുടെ ഭാഗമായാണ് ബാങ്ക് ഉദ്യോഗസ്ഥനായ എബിയും കുടുംബവും കോല്‍ക്കത്തയില്‍ എത്തുന്നത്. എബിയും ഭാര്യ സാറയും മകള്‍ റിയയുമൊത്തുള്ള കോല്‍ക്കത്ത ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ദുരന്തങ്ങള്‍ കടന്നു വന്നത്. നിരപരാധികളായ ഈ കുടുംബം കോല്‍ക്കത്ത സെന്‍ട്രല്‍ ജയിലില്‍ കൊടിയ പീഡനങ്ങള്‍ക്ക്  ഇരയാകുന്നു. നിഷേധിക്കപ്പെട്ട നീതിക്കായി ഈ കുടുംബം നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് മറുപടി.

റഹ്മാനും ഭാമയും

ബാങ്ക് ഉദ്യോഗസ്ഥനായ എബിയായി റഹ്മാന്‍ എത്തുമ്പോള്‍ എബിയുടെ ഭാര്യ സാറയായി ഭാമയും എത്തുന്നു. ഇരുവരുടെയും അഭിനിയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളായിരിക്കും എബിയും സാറയും. തിരക്കഥ കൈയിലെത്തിയപ്പോള്‍ തന്നെ എബിയായി മനസില്‍ വന്ന മുഖം റഹ്മാന്റേതായിരുന്നു. വീട്ടമ്മമാര്‍ക്കിടയില്‍ ഇന്നു റഹ്മാനൊരു സ്ഥാനമുണ്ട്. നിരവധി ഓഫറുകള്‍ മലയാളത്തില്‍ നിന്നും റഹ്മാനെ തേടി എത്തുന്നുണ്ടെങ്കിലും ശക്തമായ  കഥകളില്ലാത്തതിനാല്‍ അവ ഉപേക്ഷിക്കുകയായിരുന്നു. തന്റെ കഥാപാത്രം എങ്ങനെയുള്ളത് എന്നു മാത്രമല്ല ചിത്രത്തിന്റെ കഥയും ശക്തമാണോയെന്നും റഹ്മാന്‍ ശ്രദ്ധിക്കാറുണ്ട്. മറുപടിയുടെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ അടുത്ത ദിവസം വിളിക്കാം എന്നു പറഞ്ഞു. പിറ്റേന്ന് വിളിച്ചപ്പോള്‍ ചില കാര്യങ്ങള്‍ കൂടെ ചോദിച്ചു മനസിലാക്കിയ ശേഷം സമ്മതം അറിയിക്കുകയായിരുന്നു.

സാറയുടെ കഥാപാത്രത്തിനായി ഭാമയെ സമീപിക്കുന്നതിനു മുമ്പു മലയാളത്തില്‍ പ്രശസ്തരായ രണ്ടു താരങ്ങളയാണ് സമീപിച്ചത്. എന്നാല്‍ 15 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ അവര്‍ തയാറായില്ല. നായകന്റെ നിഴലാകാന്‍ വിധിക്കപ്പെട്ടവരാണ് നായികമാരെന്നു ദിനം പ്രതി വിലപിക്കുന്ന നമ്മുടെ നായികമാര്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഇമേജിന്റെ പിന്നാലെ പോകുകയാണ്. അതു മാത്രമല്ല ഈ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസവും അവര്‍ക്കില്ലായിരുന്നു. അതിനു ശേഷമാണ് ഞാന്‍ ഭാമയെ സമീപിക്കുന്നത്. കഥ മുഴുവന്‍ കേട്ടു കഴിഞ്ഞ് കുറച്ചു സമയത്തേക്ക് ഭാമ ഒന്നും മിണ്ടിയില്ല. പിന്നീടു ചോദിച്ചു, ” എന്നെ വച്ച് ഈ കഥാപാത്രം ചെയ്യിക്കാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടോ? കാരണം എനിക്കാ കോണ്‍ഫിഡന്‍സ് ഇല്ല’. എന്നാല്‍, ഇക്കാര്യത്തില്‍ എനിക്കു നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നു. എന്റെ പ്രതീക്ഷകള്‍ക്കും മുകളില്‍ നില്‍ക്കുന്നതായിരുന്നു ഭാമയുടെ പ്രകടനം. ഭാമയിലെ അഭിനേത്രിയെ മലയാളം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.

ചിത്രീകരണത്തിലെ വെല്ലുവിളികള്‍

കോല്‍ക്കത്ത, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകള്‍. കോല്‍ക്കത്തയിലെ ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ജയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ജയിലിന്റെ അനുവദിക്കപ്പെട്ട ഭാഗങ്ങളിലല്ലാതെ മറ്റു ഭാഗങ്ങളില്‍ പോകുന്നതിനോ അവിടെ എന്തു നടക്കുന്നു എന്നു കാണുന്നതിനോ അനുവാദമില്ലായിരുന്നു. 35 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഒരു ലൊക്കേഷനില്‍  നിന്നു മറ്റൊന്നിലേക്കുള്ള യാത്രയ്ക്കായിരുന്നു കൂടുതല്‍ ദിവസമെടുത്തിരുന്നത്.

സ്ത്രീപക്ഷ കഥ പറഞ്ഞ വനിതാ തിരക്കഥാകൃത്ത്

ഈ സിനിമയുടെ നിര്‍മാതാവായ അഷറഫ് ബേദിയുടെ ഭാര്യ ജുലൈന അഷറഫാണ് മറുപടിയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. വളരെ ആഴമുള്ളതും ഇന്നത്തെ കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമായതിനാലുമാണ് ഈ തിരക്കഥ സിനിമയാക്കാന്‍ തീരുമാനിച്ചത്. സ്ത്രീയുടെ, അമ്മയുടെ, മകളുടെ ചിന്തകള്‍ പുരുഷനെക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയുക സ്ത്രീക്കാണ്. ഈ കഥ ആവശ്യപ്പെട്ടതും സ്ത്രീപക്ഷത്തു നിന്നുള്ള രചനയായിരുന്നു.

മറുപടിയുടെ പ്രത്യേകത

കഥയ്ക്ക് അനുയോജ്യരായ അഭിനേതാക്കളെ ലഭിച്ചുവെന്നതാണു മറുപടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഭാമയ്ക്കും റഹ്മാനും പുറമെ ശക്തമായ താര നിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ബേബി നയന്‍ താരയാണ് റഹ്മാന്റെയും ഭാമയുടെയും മകളായി അഭിനയിക്കുന്നത്. ഒപ്പത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറിയ മീനാക്ഷി ഭാമയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നു.

ബംഗാളി താരവും നാടക നടനുമായ സുദീപ് മുഖര്‍ജി ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നു. കോല്‍ക്കത്ത ജയിലിലെ സൂപ്രണ്ടിന്റെ വേഷമാണ് സുദീപിന്. വനിത ജയില്‍ സൂപ്രണ്ടായി എത്തുന്നത് നൃത്ത സംവിധായികയായ സുജയാണ്. പാതി മലയാളിയും പാതി തമിഴുമാണ് സുജയുടെ സൂപ്രണ്ട് കഥാപാത്രം. സംസ്ഥാന അവാര്‍ഡു ജേതാവായ അഞ്ജലി ഉപസാനയും ചിത്രത്തിലെ ശക്തമായ സാന്നിധ്യമാകുന്നു. ഇവരെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, ജനാര്‍ദനന്‍, കൃഷ്ണകുമാര്‍, ദേവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ എന്റെ മകള്‍ വര്‍ഷ വിനു പിന്നണി ഗായകയായി അരങ്ങേറ്റം കുറിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

സിനിമകള്‍ക്കിടയിലെ ഇടവേളകള്‍

ഇടവേളകള്‍ മനപ്പൂര്‍വം സംഭവിക്കുന്ന ഒന്നല്ല. എനിക്കു തൃപ്തി നല്‍കുന്ന, പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന, കുടുംബത്തോടെ തിയറ്ററില്‍ പോയി കാണാന്‍ സാധിക്കുന്ന തിരക്കഥകള്‍ക്കായുള്ള കാത്തിരിപ്പാണ് ഇടവേളകള്‍. ഒന്നിനു പുറകെ ഒന്നായി തിരക്കിട്ട് സിനിമകള്‍ ചെയ്യാന്‍ എനിക്കു താല്പര്യമില്ല. തിരക്കില്‍ നിന്നും മാറി നടക്കാനാണ് എനിക്കിഷ്ടം. സിനിമ മേഖലയില്‍ ഞാന്‍ സജീവമാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി സിനിമകള്‍ ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫേസ് ടു ഫേസിനു ശേഷമുള്ള നാലു വര്‍ഷത്തെ ഇടവേള ധാരാളം കഥകള്‍ കേള്‍ക്കുന്നതിനായാണ് ചെലവഴിച്ചത്. ഈ സമയത്ത് രണ്ടു തിരക്കഥകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. താരങ്ങളുടെ തിരക്കുമൂലമാണ് അവ സിനിമയാക്കാന്‍ വൈകിയത്. മറുപടിക്കു ശേഷം ആ തിരക്കഥകളുമായി മുന്നോട്ടു പോകും. അടുത്ത സിനിമ നിര്‍മിക്കുന്നത് അരോമ മൂവീസാണ്. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല.

കോഴിക്കോടിന്റെ സിനിമാ സൗഹൃദം

ഊഷ്മളമായൊരു സൗഹൃദക്കൂട്ടം കോഴിക്കോടുണ്ട്. ടി.എ. ഷാഹിദ്, ടി.എ. റസാഖ്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ സുഹൃത്തുക്കളുടെ വേര്‍പാട് ഉള്ളില്‍ തീരാ വേദനയായി തുടരുകയാണ്. ഇവരുമായി സിനിമയിലും സിനിമയ്ക്കു പുറത്തുമുള്ള ബന്ധമായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമ മുതലുള്ള സൗഹൃദമാണ് രഞ്ജിത്തുമായി. രഞ്ജിത്തിന്റെ കഥയില്‍ പെണ്‍പട്ടണം ചെയ്തതൊഴിച്ചു നിറുത്തിയാല്‍ ഞങ്ങള്‍ ഒരുമിച്ചു സിനിമ ചെയ്തിട്ടില്ല. ശക്തമായ സൗഹൃദം ഞങ്ങളിരുവരും കാത്തു സൂക്ഷിക്കുന്നണ്ട്.

ടി.എ. റസാഖിന്റെ വേര്‍പാട് എന്നെ സംബന്ധിച്ചു വലിയ നഷ്ടമാണ്. എനിക്കു വളരെ എളുപ്പം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന തിരക്കഥാകൃത്തായിരുന്നു റസാഖ്. സമൂഹത്തിലെ ജനകീയ വിഷയങ്ങളെ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ റസാഖിനു പ്രത്യേകമായ കഴിവുണ്ടായിരുന്നു. ഷാഹിദിനെക്കാള്‍ അടുപ്പവും റസാഖുമായിട്ടായിരുന്നു. റസാഖിന്റെ തിരക്കഥയില്‍ ഒരു മമ്മുട്ടി ചിത്രം ഞങ്ങളുടെ ആലോചനയില്‍ ഉണ്ടായിരുന്നു. അതിനിടെയാണ് റസാഖ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. ആശുപത്രിയല്‍ നിന്നും തിരിച്ചെത്തിയാലുടന്‍ കഥയുടെ ചര്‍ച്ചകളിലേക്കു കടക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിധി അനുവദിച്ചില്ല. ബാലേട്ടന്‍ മാത്രമാണ് ഷാഹിദിനൊപ്പം ചെയ്ത സിനിമ. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു തിരക്കഥ തയാറാക്കിയെങ്കിലും അത് ബാലേട്ടന്റെ  മറ്റൊരു വകഭേദമായി തോന്നിയതു കൊണ്ടു ചെയ്തില്ല.

മറുപടിയുടെ കാമറയ്ക്കു മുന്നിലും പിന്നിലും പ്രഗല്ഭരുടെ സാന്നിധ്യമുണ്ട്. എം. ജയചന്ദ്രന്റെ സംഗീതത്തിന് വരികളെഴുതുന്നത് റഫീക് അഹമ്മദാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. കാലിക പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്യുന്ന മറുപടി ഡിസംബര്‍ 9ന് ഉള്ളാട്ടില്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. പിന്നാലെ സിനിമകളുടെ ഇടവേളകളില്‍ തന്നെ തേടിയെത്തിയ കഥകളില്‍ ഏറെ പ്രിയം തോന്നിയ കഥയുമായി വി.എം. വിനു അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്കു കടക്കും.

Related posts