കണ്ണൂരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി വിദ്യാര്‍ഥിനി ഉള്‍പ്പെടെയുളള സംഘത്തെ പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ബംഗളൂരുവിലേക്ക്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെയുളള നാലുപേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നു മട്ടന്നൂര്‍ എസ്‌ഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്. ബംഗളൂരുവില്‍ കച്ചവടം നടത്തുന്ന ന്യൂ മാഹിയിലെ കുഞ്ഞി വീട്ടില്‍ ടി.എം.മുനീര്‍ (27), ചക്കരക്കല്‍ മൗവഞ്ചേരിയിലെ ഡിആര്‍ ഹൗസില്‍ എ.മിദ്‌ലാജ് (28), ചക്കരക്കല്‍ മൗവഞ്ചേരിയിലെ വി.കെ.ഹൗസില്‍ പി.എം.സാബിഖ് (26), നഴ്‌സിംഗ് വിദ്യാര്‍ഥിനി തൃശൂരിലെ ശ്രീതു എന്ന തത്ത(23) എന്നിവരെ അറസ്റ്റ് ചെയ്തത.് ഇവരില്‍ നിന്ന് 120 ഗ്രാം ചരസും അഞ്ചു ഗ്രാം കൊക്കയിനും മയക്കു മരുന്നു ഉപയോഗിക്കുന്ന കുഴലും പിടികൂടിയിരുന്നു.
ബംഗളൂരുവില്‍ നിന്നും അഞ്ചുലക്ഷത്തോളം രുപ വിലമതിക്കുന്ന മയക്കുമരുന്നു ചക്കരക്കല്ലിലേക്ക് സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ഹിമാചല്‍ പ്രദേശിലുളള മണാലി എന്ന സ്ഥലത്തു നിന്നും വില്‍പനയ്ക്കു കൊണ്ടു വന്നതായിരുന്നു മയക്കുമരുന്ന്. ബംഗളൂരില്‍ നിന്നു വിമാനത്തില്‍ പോയാണ് ഹിമാചാല്‍ പ്രദേശില്‍ നിന്നും ഇവര്‍ മയക്കുമരുന്നു വാങ്ങി കൊണ്ടു വരുന്നതെന്നു പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായവര്‍ക്ക് മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്ടോയെന്നു സംഘത്തില്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ അകപ്പെട്ടിണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
നവദമ്പതികളെന്ന ഭാവത്തിലായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. ശ്രീതുവാണ് സംഘത്തിലെ നേതാവെന്നാണ് സൂചന. പോലീസിനെ കണ്ടപ്പോള്‍ യുവാക്കളുടെ കയ്യിലുണ്ടായ ബാഗ് പെണ്‍കുട്ടിയുടെ കയ്യില്‍ നല്‍കുകയായിരുന്നുവെന്നു പറയുന്നു. പിടിയിലായവര്‍ കച്ചവടം നടത്തുന്ന സ്ഥലങ്ങളിലും മറ്റും പോയി അന്വേഷണം നടത്തിയാലെ കൂടുതല്‍ വിവരം ലഭിക്കുകയുളളുവെന്നും പോലീസ് പറഞ്ഞു. വടകര എന്‍ ഡി പി എസ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്ത ദിവസം കൂടുതല്‍ അന്വേഷണം നടത്തുന്നതിന് പോലീസ് സംഘം ബംഗ്ലൂരിലേക്ക് പോകും. മട്ടന്നൂര്‍ സി ഐ ഷജു ജോസഫിനാണ് അന്വേഷണ ചുമതല.