കാമറയ്ക്കു മുന്നില്‍ ശങ്കിച്ചുനിന്ന കൗമാരക്കാരി! സിനിമാതാരത്തില്‍നിന്നു രാഷ്ട്രീയ സിംഹാസനത്തിലേക്ക്

jayalalitha1

ചെന്നൈ: കാമറയ്ക്കു മുന്നില്‍ ശങ്കിച്ചുനിന്ന കൗമാരക്കാരി പെണ്‍കുട്ടിയില്‍നിന്ന് അണ്ണാ ഡിഎംകെയുടെ സ്ഥാപകന്‍ എം.ജി. രാമചന്ദ്രന്‍ എന്ന എംജിആറിന്റെ ഇദയക്കനി ആയതോടെയാണു കുമാരി ജയലളിത എന്ന ജയലളിത ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞടുക്കപ്പെട്ടതടക്കം ഉയര്‍ച്ച താഴ്ചകള്‍നിറഞ്ഞതായിരുന്നു പിന്നീട് അവരുടെ നാല്പതു വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം.

പതിനഞ്ചാം വയസില്‍ സിനിമാജീവിതം ആരംഭിച്ചു. വിദ്യാര്‍ഥിനി എന്ന നിലയില്‍ പഠനത്തെ ഒരുപാട് സ്‌നേഹിച്ചു. സിനിമയോടുള്ള കമ്പം അവരെ താരറാണിയാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാള്‍ കൂടിയായ എംജിആറിന്റെ ജോടിയായി 28 സിനിമകളില്‍ അഭിനയിച്ചു. ഈ കൂട്ടുകെട്ടാണു ജയലളിതയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വഴിതെളിച്ചത്.
jayalalitha2
കരുണാനിധിയുടെ ഡിഎംകെയില്‍നിന്നു പിരിഞ്ഞ് 1983ല്‍ എംജിആര്‍ എഡിഎംകെ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറിയായി ജയലളിത നിയമിക്കപ്പെട്ടു. ഇംഗ്ലീഷിലുള്ള പരിജ്ഞാനം ജയലളിതയെ രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യുന്നതിനു കാരണമായി. 1984ല്‍ എംജിആര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നതിനാല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. 1987 ഡിസംബറില്‍ എംജിആര്‍ മരിച്ചു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിനിടയില്‍ അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെ സഹായികള്‍ ജയയെ അപമാനിച്ചു. ഇതു പാര്‍ട്ടിയിലെ ഭിന്നതയ്ക്കു വഴിതെളിച്ചു.

1989ല്‍ ജയലളിത ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടു. അന്നു പ്രതിപക്ഷ സ്ഥാനത്തിരുന്ന അവര്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയുണ്ടായ സഹതാപതരംഗം മുതലെടുത്തു കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി 1991ല്‍ മുഖ്യമന്ത്രിയായി. എന്നാല്‍, 1991–96 കാലഘട്ടത്തിലാണു ജയയുടെ അപരാജിത മുന്നേറ്റത്തിനു തടസമുണ്ടാക്കി ആരോപണങ്ങള്‍ ഉടലെടുത്തത്. ജയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരി ശശികല, ദത്തുപുത്രന്‍ സുധാകരന്‍ എന്നിവരുടെ പേരിലാണു ജയ പ്രതിരോധത്തിലായത്. സുധാകരന്റെ വിവാഹത്തിനു അഞ്ചു കോടി രൂപ ചെലവഴിച്ചു എന്നുള്ളതാണ് ഒരു ആരോപണം.

ഈ അഴിമതി ആരോപണങ്ങള്‍ എഡിഎംകെയെ നിലംപരിശാക്കിയെന്നു 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഡിഎംകെ– ടിഎംസി സംഖ്യം സീറ്റുകള്‍ തൂത്തുവാരി. 1996ല്‍ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദന കേസടക്കം ചില കേസുകളില്‍ ജയ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, പോരാട്ടവീര്യത്തിനു പേരുകേട്ട ജയ ബിജെപിയുമായി കൈകോര്‍ത്ത് എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായി. എന്നാല്‍, 1999ലെ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ പിന്‍വലിച്ചതോടെ വാജ്‌പേയി സര്‍ക്കാര്‍ താഴെവീണു.
jayalalitha3
സംസ്ഥാന തലത്തില്‍ 2001ലെ തെരഞ്ഞടുപ്പില്‍ ജയയുടെ പാര്‍ട്ടിയും വീണ്ടും അധികാരത്തില്‍വന്നു. മത്സരിക്കാതെ മന്ത്രിയാകാന്‍ നടത്തിയ ശ്രമം താന്‍സി ഭൂമിയിടപാടു കേസില്‍ പങ്കുള്ളതിനാല്‍ സുപ്രീംകോടതി തടഞ്ഞു. അതിനാല്‍ തന്റെ വിശ്വസ്തനായ ഒ. പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി നിയമിച്ചു. എന്നാല്‍, ഭരണം ജയയുടെ കൈകളിലായിരുന്നു. പിന്നീട് താന്‍സി കേസില്‍ കുറ്റക്കാരിയല്ലെന്നു വിധി വന്നതോടെ 2001 ഡിസംബറില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു. 2006ല്‍ പ്രതിപക്ഷ സ്ഥാനത്തായിരുന്ന ജയലളിത 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2014 സെപ്റ്റംബര്‍ 27 നു ജയലളിത, തോഴി ശശികല, ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചു. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടിരൂപ വീതവും പിഴ വിധിച്ചു. ജയലളിതയെയും മൂന്നുപേരെയും ബംഗളൂരുവിലെ പരപ്പന ആഗ്രഹാര ജയിലിലടച്ചു.

2014 ഒക്ടോബര്‍ ഏഴിനു ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. 2014 ഒക്ടോബര്‍ 17 നു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2015 മേയ് 11നു കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. 2015 മേയ് 27നു ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ ഉജ്വല വിജയം നേടിയതിനെത്തുടര്‍ന്നു 2016 മേയ് 16നു വീണ്ടും ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പനിയും നിര്‍ജലീകരണവും മൂലം 2016 സെപ്റ്റംബര്‍ 22ന് ആണു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് യുകെ, സിംഗപ്പൂര്‍, ഡല്‍ഹി എയിംസ് എന്നിവിടങ്ങളില്‍നിന്നു വിദഗ്ധ ഡോക്ടര്‍മാര്‍ അപ്പോളോ ആശുപത്രിയിലെത്തി ചികിത്സ നല്കിയിരുന്നു. രണ്ടര മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

Related posts