മാവേലിക്കര: ചുനക്കര പഞ്ചായത്തില്‍നിന്നും നന്നങ്ങാടികള്‍ കണ്ടെത്തി. ചുനക്കര ജിയോഭവനത്തില് എം.ടി. ജോര്‍ജിന്റെ പുരയിടത്തില്‍ ഞായറാഴ്ച വൈകുന്നേരം കൃഷി ആവശ്യത്തിനായി തൊഴിലാളികള്‍ മണ്ണു നീക്കിയപ്പോള്‍ പിക്കാസ് കട്ടിയുള്ള എന്തിലോ തടഞ്ഞതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വലിയ കുടം ലഭിച്ചത്. കുഴിച്ചെടുക്കുന്നതിനിടയില്‍ ആദ്യത്തെ കുടത്തിന് കേടുപാടുകള്‍ പറ്റി. വീണ്ടും പരിശോധിച്ചപ്പോഴാണ് കൂടുതല്‍ കുടങ്ങളുള്ളതായി മനസിലായത്.
തുടര്‍ന്ന് വീട്ടുടമസ്ഥര്‍ പോലീസ്സ്റ്റേഷനില്‍ വിവരമറിയിക്കുകയും പുരാവസ്തു വകുപ്പധികൃതര്‍ക്ക് വിവരം കൈമാറുകയും ചെയ്തു. പുരാവസ്തു അധികൃതര്‍ തിരുവനന്തപുരത്തുനിന്നെത്തി സ്ഥലം പരിശോധിക്കുകയും ഒരാഴ്ചക്കുള്ളില്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്കായി എത്തുമെന്നറിയിക്കുകയും ചെയ്തു. അതുവരെ പ്രദേശത്ത് ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് നിര്‍ദേശം നല്കി.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിലനിന്നിന്നിരുന്ന മൃതസംസ്കാര ആചാരങ്ങളുടെ ഭാഗമായി മരണപ്പെടുന്നവരുടെ മൃതദേഹം ചിതയില്‍ കത്തിച്ചതിനുശേഷം ചിതാഭസ്തമവും എല്ലുകളും സൂക്ഷിച്ചിരുന്ന വലിയ കുടങ്ങളായിരുന്നു നന്നങ്ങാടികള്‍. കുടങ്ങള്‍ കണ്ടെത്തിയ പ്രദേശം പതിറ്റാണ്ടുകള്‍ക്കുമുമ്പ് മാവേലിക്കര രാജകുടുംബത്തിന്റെ വസ്തു വകകളായിരുന്നു. പലര്‍ക്കായി പാട്ടക്കൃഷിക്കു വിട്ടുകൊടുത്തിരുന്ന ഇവിടെ പിന്നീടാണ് കൂടുതല്‍ താമസക്കാരുണ്ടായത്. കൊട്ടാരംപറമ്പില്‍ എന്നറിയപ്പെടുന്ന ഇവിടം ഇന്നു ജനങ്ങളേറെ വസിക്കുന്ന പ്രദേശമാണ്.