ബള്‍ഗേറിയയിലെ ഷൂട്ടിംഗ് സെറ്റില്‍നിന്ന് അജിത്ത് ചെന്നൈയിലേക്ക് പാഞ്ഞെത്തി, ജയയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രചാരണം ശക്തം

ajith newചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകള്‍ പല കോണുകളിലും പുരോഗമിക്കുന്നതിനിടെ തല എന്ന വിളിപ്പേരുള്ള നടന്‍ അജിത്ത് ചെന്നൈയില്‍ എത്തി. തെക്കു–കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് റദ്ദാക്കിയാണ് താരം എത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിക്ക് ഒപ്പമുള്ള രംഗങ്ങളായിരുന്നു ബള്‍ഗേറിയയില്‍ ഷൂട്ട് ചെയ്തിരുന്നത്.

ജയയുടെ മരണത്തെ തുടര്‍ന്ന് ഷൂട്ടിംഗ് റദ്ദാക്കി താരം ചെന്നൈയിലേക്ക് വിമാനം കയറുകയായിരുന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അജിത്ത് ചെന്നൈയില്‍ എത്തിയയുടന്‍ ഭാര്യ ശാലിനിയ്‌ക്കൊപ്പം ജയയെ അടക്കം ചെയ്ത മറീന ബീച്ചില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ജയയുടെ പിന്‍ഗാമിയായി അജിത്ത് അണ്ണാ ഡിഎംകെ തലപ്പത്തേയ്ക്ക് വരുമെന്ന പ്രചരണങ്ങള്‍ ശക്തമായിരുന്നു. സെപ്റ്റംബറില്‍ ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ അജിത്ത് അവരെ സന്ദര്‍ശിക്കാന്‍ പോയിരുന്നു.

അണ്ണാ ഡിഎംകെ തലപ്പത്തേയ്ക്ക് എത്തുന്നതായുള്ള വാര്‍ത്തകളോട് പാര്‍ട്ടി വൃത്തങ്ങളോ അജിത്തോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഷൂട്ടിംഗ് റദ്ദാക്കി താരം ചെന്നൈയില്‍ എത്തിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Related posts