നഗരത്തിലെ ഓട്ടോറിക്ഷകളിലും ‘വ്യാജന്‍”; ഓടുന്നത് പെര്‍മിറ്റില്ലാതെ;നഗരപെര്‍മിറ്റിന് ലഭിക്കാന്‍ ഇടനിലക്കാര്‍ നല്‍കുന്നത് ലക്ഷങ്ങള്‍; പെര്‍മിറ്റില്ലാതെ അഞ്ഞൂറോളം ഓട്ടോകളുണ്ടെന്ന് സൂചന

pkd-autoസ്വന്തംലേഖകന്‍
തൃശൂര്‍: ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍മാര്‍ ഓട്ടോറിക്ഷകളിലും! തൃശൂര്‍ നഗരത്തിലാണ് വ്യാജ പെര്‍മിറ്റുകളുമായി ഓട്ടോറിക്ഷകള്‍ കറങ്ങുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമാകുന്ന ഈ ഓട്ടോറിക്ഷകള്‍ക്കെതിരെ ഓട്ടോ തൊഴിലാളികള്‍ തന്നെ രംഗത്തെത്തിയതോടെയാണ് പോലീസും അനങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ ഓടുന്നതിന് പ്രത്യേക പെര്‍മിറ്റെടുക്കുകയും ഓട്ടോയടെ മുന്‍വശം മഞ്ഞ കളര്‍ ഇറക്കി പെയിന്റ് ചെയ്യുകയും വേണം. കൂടാതെ ടിപി നമ്പര്‍ ഓട്ടോറിക്ഷയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

എന്നാല്‍ വ്യാജ ഓട്ടോറിക്ഷകളിലും ഇതൊക്കെ വ്യക്തമായ ചെയ്തിട്ടുണ്ടാകും. നഗരത്തിലെ ഓട്ടോകളുടെ പെയിന്റു പോലെ അടിച്ച് ടിപി നമ്പര്‍ വ്യാജമായി എഴുതിയുമാണ് നഗരത്തില്‍ ഇത്തരം ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നത്. നഗരത്തിലെ ഓട്ടോസ്റ്റാന്‍ഡുകളില്‍ കൊണ്ടിട്ടാണ് ഈ വ്യാജന്‍മാരും ഓടുന്നത്. മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ക്കാകട്ടെ ഇത് പെട്ടന്ന് മനസിലാകില്ല. പോലീസിനും ഇത് പെട്ടന്ന് കണ്ടുപിടിക്കാനാകില്ല. കാരണം പെയിന്റും നമ്പറുമൊക്കെ ഓട്ടോയില്‍ ഉണ്ടാകും. രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ പെര്‍മിറ്റ് വ്യാജമാണോയെന്ന് അറിയാനാകൂ.

നഗരത്തില്‍ അനുവദിച്ച പെര്‍മിറ്റുകളുള്ള ഓട്ടോറിക്ഷകള്‍ക്കു പുറമേ പെര്‍മിറ്റില്ലാതെ അഞ്ഞൂറോളം ഓട്ടോകള്‍ നഗരത്തിലോടുന്നുണ്ടെന്നാണ് സൂചന. ഇത്തരക്കാര്‍ മീറ്റര്‍ ചാര്‍ജിലും കൂടുതല്‍ യാത്രക്കാരില്‍ നിന്ന് വാങ്ങി പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ യഥാര്‍ഥ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും പോലീസ് സംശയത്തോടെയാണ് കാണുന്നതെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. നഗരത്തില്‍ പെര്‍മിറ്റ് നല്‍കിയിരിക്കുന്ന 4861 ഓട്ടോറിക്ഷകള്‍ക്കു പുറമേ കോടതി വഴി വന്ന ഓട്ടോകളടക്കം അയ്യായിരത്തോളം ഓട്ടോറിക്ഷകള്‍ക്കാണ് യഥാര്‍ഥ പെര്‍മിറ്റുള്ളത്. മുനിസിപ്പല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്കു മാത്രമേ നഗരത്തിലോടുന്നതിനുള്ള ഓട്ടോപെര്‍മിറ്റ് നല്‍കൂ. എന്നാല്‍ ഇപ്പോള്‍ ജില്ലയുടെ പല ഭാഗത്തുള്ളവരാണ് നഗരത്തിലോടുന്ന പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ ഉടമകള്‍.

പെര്‍മിറ്റിന് രണ്ടു ലക്ഷം
നഗരത്തിലോടുന്ന പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ രണ്ടു ലക്ഷം രൂപ കൊടുക്കണം. 350 രൂപയ്ക്ക് കിട്ടുന്ന പെര്‍മിറ്റാണ് ഇത്തരത്തില്‍ വില്‍പന നടത്തി ഉടമകളും ബ്രോക്കര്‍മാരും പണമുണ്ടാക്കുന്നത്. പെര്‍മിറ്റ് വില്‍ക്കുന്നതിനു മാത്രമായി നഗരത്തില്‍ ബ്രോക്കര്‍മാരുടെ ഒരു സംഘമുണ്ടത്രേ. ഇവര്‍ക്ക് ഒരു പെര്‍മിറ്റ് വില്‍പന നടത്തിയാല്‍ മുപ്പതിനായിരം രൂപയെങ്കിലും പോക്കറ്റില്‍ വീഴും. പെര്‍മിറ്റെടുത്ത് വില്‍പന നടത്തുന്ന ഉടമകളും നിരവധിയാണ്.

മുപ്പത് ഓട്ടോറിക്ഷകള്‍ വരെ വാങ്ങി വിറ്റിട്ടുള്ളവര്‍ നഗരത്തിലുണ്ട്. പെര്‍മിറ്റ് വില്‍പന നടത്തി മാത്രം ലക്ഷങ്ങളാണ് ഇവര്‍ നേടിയിരിക്കുന്നത്. ഇപ്പോള്‍ നഗരത്തിലോടുന്ന ഓട്ടോറിക്ഷകളുടെ ഉടമകള്‍ കൂടുതലും ഇപ്പോള്‍ മുനിസിപ്പല്‍ പ്രദേശത്തിനു പുറത്തുള്ളവരാണ്. ഇവരൊക്കെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ നല്‍കി പെര്‍മിറ്റ് വാങ്ങിയാണ് സര്‍വീസ് നടത്തുന്നത്. യഥാര്‍ഥ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്കും വ്യാജന്‍മാര്‍ ഭീഷണിയായി മാറിയതോടെ ഈ ഓട്ടോകള്‍ പിടികൂടാന്‍ തൊഴിലാളികള്‍ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്.

ബിഎംഎസ് ഓട്ടോറിക്ഷ യൂണിയന്റെ നേതൃത്വത്തില്‍ മസ്ദൂര്‍ സംഘം സ്ക്വാഡുണ്ടാക്കിയാണ് വ്യാജ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളെ പിടികൂടി പോലീസിന് വിവരം നല്‍കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വ്യാജ പെര്‍മിറ്റുള്ള ഒരു ഓട്ടോറിക്ഷ ട്രാഫിക് പോലീസ് പിടികൂടിയിരുന്നു. വ്യാജ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളും സമീപ പഞ്ചായത്തുകളില്‍ നിന്നു വരുന്ന ഓട്ടോറിക്ഷകളും പിടികൂടി പോലീസിനെ ഏല്‍പ്പിക്കുന്നതിനായാണ് സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നതെന്ന് യൂണിയന്‍ നേതാവ് സോണി പറഞ്ഞു.

Related posts