ചിങ്ങവനം: പനച്ചിക്കാട് കാടു പിടിച്ചു കിടക്കുന്ന തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അവശിഷ്ടങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ഇന്നു പോസ്റ്റ്മോര്‍ട്ടം നടന്നേക്കുമെന്നും പോലീസ് വ്യക്തമാക്കി.
പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള ഒന്നരയേക്കര്‍ തോട്ടത്തില്‍ ഇന്നലെ വൈകുന്നേരം ആനയെ തളയ്ക്കാനെത്തിയവരാണ് അസ്ഥികൂടം ആദ്യമായി കണ്ടെത്തിയത്. തലയോട്ടിയും മറ്റ് അസ്ഥികളും കാട്ടിനുള്ളിലെ തേക്കുമരത്തിന് ചുവട്ടിലാണ് കാണപ്പെട്ടത്. ഇതേ മരത്തില്‍ കുരുക്കിട്ട നിലയില്‍ കയറും കാണപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പ് ഇതിനു സമീപം താമസിക്കുന്ന വയോധികനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു. അസ്ഥികൂടത്തിനരികില്‍ നിന്നും ലഭിച്ച വസ്ത്രങ്ങള്‍ കാണാതായ ആളുടേതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചങ്ങനാശേരി ഡിവൈഎസ്പി, വി.അജിത്, ചിങ്ങവനം എസ്.ഐ, എംഎസ് ഷിബു തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.