ചെന്നൈ: ജയലളിത മരിക്കുന്നതിനു തൊട്ടുമുമ്പ് അപ്പോളോ ആശുപത്രിയില്‍ ശശികല നടത്തിയ രഹസ്യയോഗത്തിലെ നടപടികളില്‍ ദുരൂഹതയേറി. രാവിലെ നടത്തിയ യോഗത്തില്‍ മന്ത്രിമാരെയും എഐഎഡിഎംകെ എംഎല്‍എ മാരെയുമാണ് വിളിച്ചിരുന്നത്. യോഗത്തില്‍ പങ്കെടുത്തവരില്‍നിന്നു മൂന്നു വെള്ളപേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയതാണ് ഇപ്പോള്‍ ദുരൂഹതയുണര്‍ത്തുന്നത്.
കടലാസില്‍ ആകെയുണ്ടായിരുന്നത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പേരുകള്‍ മാത്രമാണ്. ഓരോരുത്തരുടെയും പേരിനു നേരേ ഒപ്പിടുകയായിരുന്നു. എന്നാല്‍ ഈ മൂന്നു പേപ്പറുകള്‍ എന്തിനാണ് ഉപയോഗിക്കുക എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു സൂചനയുമില്ലെന്നു പേരു വെളിപ്പെടുത്താനാകാത്ത പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയതാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇങ്ങനെയൊരു യോഗംപോലും നടന്നിട്ടില്ലെന്ന് എഐഎഡിഎംകെയുടെ രാജ്യസഭാ എംപി മൈത്രേയന് പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ശശികലയുടെ തന്ത്രമായി ഇതു വ്യാഖ്യാനിക്കപ്പെടുകയാണ്. എന്തായാലും ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ശശികലയും ഭര്‍ത്താവും ബന്ധുക്കളും കയറിപ്പറ്റിക്കഴിഞ്ഞു. ഒരിക്കല്‍ കാസറ്റ് വില്പന നടത്തി ഉപജീവനം കഴിച്ചിരുന്ന ശശികല പിന്നീട് ജയലളിതയുടെ വിശ്വസ്തയായി വളരുകയായിരുന്നു. ജയലളിതയോടെന്നപോലെ ശശികലയോടും വിധേയത്വം പുലര്‍ത്തുന്ന നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പനീര്‍ ശെല്വമെന്നതും ശ്രദ്ധേയമാണ്.