കോയമ്പത്തൂര്‍: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന്് കോയമ്പത്തൂര്‍ നഗരം ഇനിയും സാധാരണനിലയിലേക്ക് എത്തിയില്ല. സ്വന്തംവീട്ടില്‍ മരണം നടന്നതുപോലെ എല്ലാവരും അതീവ ദുഃഖത്തിലാണ്. വിദ്യാലയങ്ങളും കലാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ ജയലളിതയുടെ ഫോട്ടോയ്ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും പ്രധാന പരിപാടികളെല്ലാം റദ്ദാക്കി.
അമ്പലങ്ങളിലും ദേവാലയങ്ങളിലും അന്തരിച്ച നേതാവിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.വിവിധ സംസ്ഥാനങ്ങളില്‍ ബന്തും ഹര്‍ത്താലും നടന്നിരുന്നെങ്കിലും തമിഴ്‌നാട്ടില്‍ ഹര്‍ത്താല്‍ നടത്താന്‍ അമ്മ അനുവദിച്ചിരുന്നില്ല. എന്നാല്‍ മരണത്തില്‍ മക്കള്‍ അമ്മയ്ക്കായി അവരുടെ ഒരുദിനം മാറ്റിവച്ചു.
ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയതിനു പുറമേ അന്യസംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കുമുള്ള സര്‍വീസുകളും നടത്തി. ബാബറി മസ്ജിദ് ദിനമായതിനാല്‍ പ്രശ്‌നസാധ്യതയുണ്ടായിരുന്ന സെല്‍വപുരം, ഉക്കടം, കോട്ടമേട് എന്നിവിടങ്ങളിലും സമാധാനാന്തരീക്ഷം നിലനിര്‍ത്താനുമായി.