വെബ്‌ഡെസ്ക്
ഇന്ത്യന്‍ ജനതയ്ക്ക്, പ്രത്യേകിച്ച് തമിഴ് മക്കള്‍ക്ക് ജയലളിതയുടെ മരണം ഉള്‍ക്കൊള്ളാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതില്‍ സംശയമൊന്നുമില്ല. തങ്ങള്‍ ആരാധനയോടെ കാണുകയും ഹൃദയത്തോട് ചേര്‍ന്ന് സ്‌നേഹിച്ചുകൊണ്ടുമിരുന്ന അമ്മയെ വിധി ഇത്ര പെട്ടെന്ന് തട്ടിയെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നുമില്ല. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ നേതാവ് എന്ന് പേരെടുത്ത ജയലളിതയെ നാളുകളായി പലവിധത്തിലുള്ള രോഗങ്ങള്‍ അലട്ടിയിരുന്നു എന്നാണ് പുറം ലോകത്തിന് മനസിലാക്കാന്‍ സാധിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് കടുത്ത പനിയെയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലാണ് ജയലളിതയുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
എന്നാല്‍ ജയലളിത മരിക്കുന്നത് വരെ അവരെ അലട്ടിയിരുന്ന പ്രധാന രോഗങ്ങളെക്കുറിച്ച് ഒന്നും വിട്ട് പറയാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. സെപ്റ്റംബര്‍ 22 മുതല്‍ പല തവണ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനുകളിലും പനിയും നിര്‍ജലീകരണവുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഒരവസരത്തില്‍ ശ്വാസകോശത്തിലെ അണുബാധയാണ് ജയലളിതയുടെ രോഗം എന്നും വ്യക്തമാക്കി. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 5 ാം തിയതി ജയലളിത മരിച്ചതിന് ശേഷമാണ് സെപ്റ്റിസെമിയ എന്ന രോഗമായിരുന്നു അവരെ അലട്ടിയിരുന്നത് എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
രക്തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍ വിഷബാധയുണ്ടാകുന്ന അവസ്ഥയാണ് സെപ്റ്റിസെമിയ. രക്തത്തിലേക്ക് പല മാര്‍ഗങ്ങളിലൂടെ അണുക്കള്‍ കയറുന്നതാണ് രോഗ കാരണം. മതിയായ ചികിത്സ ലഭിച്ചാല്‍ പോലും മരണം സംഭവിച്ചേക്കാം എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രക്തത്തിലൂടെ മറ്റ് പല അവയവങ്ങളിലേക്കും ഈ രോഗാണുക്കള്‍ പടരുകയും ചെയ്യാം. കിഡ്‌നി, മൂത്രാശയം,അടിവയര്‍, ശ്വാസകോശം, എന്നിവിടങ്ങളിലെ അണുബാധകളും സെപ്റ്റീസിമിയയിലേക്ക് നയിക്കാറുണ്ട്.
ഗുരുതരമായ മുറിവുകള്‍, വാര്‍ധക്യം, ബ്ലഡ് കാന്‍സര്‍, എച്ച്‌ഐവി, സ്റ്റിറോയ്ഡ് കുത്തിവയ്ക്കല്‍, കീമോതെറാപ്പി എന്നിവയാണ് പ്രധാനമായും ഈ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ശക്തമായ പനി, നിര്‍ജലീകരണം, ശ്വാസതടസം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക ഇവയൊക്കെയാണ് സാധാരണയായി ഈ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍. ഇതോടെ ആരോഗ്യം നശിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഇതേത്തുടര്‍ന്ന് ഓര്‍മ്മ ശക്തി കുറയുകയും നിരന്തരമായ ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി തീര്‍ത്തും മോശമാവുകയും ചെയ്യും. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇടയ്ക്കിടെ പുറത്ത് വിട്ടിരുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നിന്ന് ജയലളിത ഈ രോഗാവസ്ഥകളിലൂടെ കടന്നുപോയിരുന്നു എന്ന് മനസിലാക്കാവുന്നതാണ്.
ഈ രോഗം മൂര്‍ച്ഛിക്കുന്നതിലൂടെ ശരീരത്തിന് വ്യാപകമായ വീക്കമുണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത വളരെ കൂടുതലാണ്. സെപ്‌സിസ് അവസ്ഥയിലേക്ക് കടന്നാല്‍ രോഗിയെ രക്ഷിക്കാന്‍ ഇസിഎംഒ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേയ്ന്‍ ഓക്‌സിജനേഷന്‍) നല്‍കുകയാണ് പതിവ്.രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോഴും ശ്വാസകോശം വഴി ഓക്‌സിജന്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോഴുമാണ് ഇസിഎംഒ നല്‍കാറ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് നിലനിര്‍ത്തി രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണിത്. മസ്തിഷ്ക മരണം ഒഴിവാക്കുക എന്നതും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. ഈ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയ ശേഷമാണ് ജയലളിതയ്ക്ക് മരണം സംഭവിച്ചത്. എന്നാല്‍ ജയ കടന്നുപോയ അവസ്ഥകളെക്കുറിച്ചോ അവര്‍ സ്വീകരിച്ചിരുന്ന മരുന്നുകളെക്കുറിച്ചോ ഒന്നും തന്നെ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
ജയലളിതയുടെ വളര്‍ച്ചയ്ക്ക് മുഴുവന്‍ ചുക്കാന്‍ പിടിച്ച്, ജയയുടെ എല്ലാമെല്ലാം ആയിത്തീര്‍ന്ന എംജിആറിന്റെ മരണവും ഈ രോഗത്തെത്തുടര്‍ന്നായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മരണത്തിന് മൂന്ന് വര്‍ഷം മുമ്പ് മുതല്‍ കിഡ്‌നി രോഗം അദേഹത്തെ അലട്ടിയിരുന്നു. പിന്നീട് ഹൃദയ സ്തംഭനം സംഭവിച്ചാണ് എംജിആറും മരിച്ചത്. അമേരിക്കന്‍ അഭിനേതാക്കളായ ക്രിസ്റ്റഫര്‍ റീവ്, ജെഫ് കോനാവേ, പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരായ മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റ്, റൂപേര്‍ട്ട് ബ്രൂക്ക്, അമേരിക്കന്‍ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്‍റി ഹാരിസണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ സെപ്‌സിസ് എന്ന ഈ രോഗം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
(രാഷ്ട്രദീപിക വെബ്‌ഡെസ്ക് തയാറാക്കുന്ന സ്‌പെഷല്‍ ഫീച്ചറുകള്‍ ചില വെബ്‌സൈറ്റുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുന്നതാണ്)