കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഫ്രിഡ്ജ് വാങ്ങാന്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ്ലിമിറ്റഡ് (കെഎസ്‌ഐഇ) ആവശ്യപ്പെട്ടത് 68,000 രൂപ. സംശയം തോന്നിയ പിണറായി വിജയന്‍ വിജിലന്‍സിനോടു പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത് ഇതേ മോഡലിലുള്ള ഫ്രിഡ്ജിന്റെ പരമാവധി വില 51,000 രൂപ.
ഒരു ഫ്രിഡ്ജ് വാങ്ങാന്‍ മുഖ്യമന്ത്രിയോടു പോലും ഒരു പൊതുമേഖലാ സ്ഥാപനം 17,000 രൂപ അധികം ചോദിച്ചതു വിവിധ തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്കു പണം വീതിച്ചെടുക്കാനാണെന്നും വിജിലന്‍സ് കണ്ടെത്തി.
ഇതു സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്നാണു സൂചന. ഏതാനും നാള്‍ മുന്‍പാണു ക്ലിഫ് ഹൗസിലേക്കു 465 ലിറ്ററിന്റെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രിഡ്ജ് വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനുള്ള ജോലി പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയെ ഏല്‍പിച്ചു.കെഎസ്‌ഐഇ 68,000 രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണു ഇക്കാര്യം പരിശോധിക്കാന്‍ വിജിലന്‍സിനെ ഏര്‍പ്പാടാക്കിയത്.
എസ്പി ആര്‍. സുകേശന്റെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനായിരുന്നു പരിശോധനാ ചുമതല. ഡിവൈഎസ്പി നജ്മല്‍ ഹസന്റെ നേതൃത്വത്തിലുള്ള സംഘം തലസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ വിതരണക്കാരുടെ കടകളില്‍ ഫ്രിഡ്ജിനെ സംബന്ധിച്ചു വിശദമായി പഠിച്ചു.
ഇതേ അളവിലുള്ള ഒരു ഫ്രിഡ്ജിനും 51,000– 52,000 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് ഇത്രയും തുക ക്വോട്ട് ചെയ്തവരെ വിജിലന്‍സ് വിളിച്ചു വരുത്തി ഇതേക്കുറിച്ചു വിശദമായി ചോദിച്ചു.അപ്പോഴാണ് ഇടനിലക്കാര്‍ക്കു വീതിച്ചു നല്‍കേണ്ട തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിഡ്‌കോ അടക്കമുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തിലാണു സാധനങ്ങള്‍ വാങ്ങി നല്‍കുന്നതെന്നു വ്യക്തമായി.
വിജിലന്‍സിനെ ഭയന്നു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ വാങ്ങാന്‍ വകുപ്പു തലവന്‍മാര്‍ക്കു ഭയമാണ്. എന്നാല്‍, ഇത്തരം പൊതുമേഖല സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം പൊതുമേഖലാ സ്ഥാപന മേധാവികള്‍ക്കായിരിക്കും. വകുപ്പു മേധാവികളുടെ ഈ ഭയമാണ് ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.