കാട്ടാക്കട: പുലിമുരുകന് സിനിമയിലെ രംഗം അനുകരിച്ച് കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സമീപം പാലിയോട് കിഴക്കുംകര പുത്തന്‍ വീട്ടില്‍ രാജീവിന്റെ മകന് രാഹുലി(13)ന്റെ തുടര്‍ചികിത്സയും വിദ്യാഭ്യാസ ചെലവും സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളപ്പില്‍ രാധാകൃഷ്ണന് ഏറ്റെടുത്തു.
രാഹുലിനെ സന്ദര്‍ശിച്ച ശേഷമാണ് രാധാകൃഷ്ണന് സഹായം വാഗ്ദാനം നല്‍കിയത്.വെള്ളനാട് വി ആന്‍ഡ് എച്ച്എസിലെ എട്ടാം ക്ലാസുകാരനായ രാഹുല്‍ പുലിമുരുകനിലെ രംഗം അനുരിക്കുന്നതിനിടെ കത്രിക കണ്ണില്‍ കൊണ്ടാണ് ഗുരുതരമായി പരിക്കേറ്റത്. ഒന്നരമാസത്തിന് ശേഷം ശസ്ത്രക്രിയ ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളത്. കാഴ്ചശക്തി വീണ്ടെടുക്കാനാകുമെന്നതിന് ഉറപ്പൊന്നും ഡോക്ടര്‍മാര്‍ നല്‍കിയിട്ടുമില്ല. നിലംപൊത്താറായ കുടിലില്‍ കഴിയുന്ന രാഹുലിനും കുടുംബത്തിനും വീട് വച്ച് നല്കുന്ന കാര്യം പരിഗണിക്കുമെന്നും നേമം ബ്ലോക്ക് അംഗംകൂടിയായ രാധാക്യഷ്ണന് പറഞ്ഞു.