വാളയാര്‍-മധുക്കര റെയില്‍പാത; ചരിത്രമാകരുത്; ആനച്ചോരയുടെ ഈ റെയില്‍വേ ഇടനാഴി

സി.അനില്‍കുമാര്‍

PKD-AANAപാലക്കാട്: ഓരോ തീവണ്ടി കടന്നുപോകുമ്പോഴും കാതോരമുണ്ട്, ചൂളംവിളിക്കു പിന്നാലെ ഉയരുന്ന ഒരു ചിഹ്നംവിളി. രണ്ടര്‍ത്ഥമേ അതിനുള്ളൂ. പ്രാണരക്ഷാര്‍ത്ഥമു ള്ളതും സംഘത്തിലുള്ളവര്‍ക്കുള്ള അപായസൂചനയും. ജീവനെടുത്തും ഭീതിവിതച്ചും കലിതുള്ളുന്ന കാട്ടുകൊമ്പന്‍മാരുടെ ചിത്രമല്ലിത്. ഒറ്റക്കണ്ണുമായി കുതിച്ചെത്തുന്ന തീവണ്ടിക്കു മുമ്പില്‍ ഈയാംപാറ്റകളെപ്പോലെ പൊഴിയുന്ന മറ്റൊരു കാട്ടുജീവിതത്തിന്റെ ദയനീയ ചിത്രം. ആനച്ചോര മണക്കുന്ന ഈ റെയില്‍വേ ഇടനാഴി കേരള ഭൂപടത്തില്‍ ഏറെ പരിചിതമാണ്. പാലക്കാട്-കോയമ്പത്തൂര്‍ റെയില്‍പ്പാതയിലെ വാളയാര്‍ – മധുക്കര പാത. അമ്പലമുറ്റങ്ങളില്‍ നെറ്റിപ്പട്ടം കെട്ടി പുരുഷാരത്തെ ആവേശത്തിമര്‍പ്പിലാക്കാന്‍ പുറപ്പെട്ടവരല്ല ഇവര്‍.

വെള്ളവും തീറ്റയും തേടി കുട്ടിക്കുറുമ്പന്‍മാരോടൊപ്പം നാട്ടിന്‍പുറങ്ങളിലേക്കും കാടിന്റെ വിശാലതയിലേക്കും പ്രയാണം നടത്തുന്നവരാണ്. കാടിന്റെ നിയമങ്ങളില്‍ ശത്രുവിന് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താനാവാത്ത ഇവര്‍ക്ക് ആനത്താരകളിലെ തീവണ്ടികള്‍ നാശം വിതയ്ക്കുകയാണ്. റെയില്‍വേ അധികൃതര്‍ സമ്മതിക്കില്ലെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള തീവണ്ടികളുടെ അമിതവേഗം തന്നെയാണ്  അപകടത്തിനു പ്രധാന കാരണം. അപകടങ്ങള്‍ ദിവസങ്ങളുടെ കണക്കിലെടുത്താല്‍ 12 ദിവസം മുമ്പ് 23 വയസുള്ള കൊമ്പന്‍ ട്രെയിനിടിച്ചു ചരിഞ്ഞു.

മാസങ്ങളുടെ കണക്കില്‍ അഞ്ചുമാസത്തിനിടെ ആറാമത്തേത്. അഞ്ചുവര്‍ഷത്തിനിടെ 11-ാമത്തേത്. 15 വര്‍ഷത്തിനിടെ 25 ഉം. ട്രെയിന്‍ കടന്നുപോകുന്ന വാളയാര്‍-മധുക്കര പാതയിലെ എ, ബി ലൈനുകളാണ് എന്നും കാട്ടാനകളുടെ ജീവനെടുക്കുന്നത്. പാലക്കാടുനിന്നും പുറപ്പെട്ടാല്‍ 18 കിലോമീറ്ററോളം യാത്ര ഉള്‍വനത്തിലൂടെയാണ്. ഇതില്‍ വാളയാര്‍ മുതല്‍ പന്നിമടവരെ 15 കിലോമീറ്ററും കാട്ടിലാണ്. ബി ട്രാക്കിലൂടെയാണ് ഈ യാത്ര.

ഇക്കഴിഞ്ഞ 27നു വാളയാര്‍ ഉള്‍വനത്തില്‍ വട്ടപ്പാറയ്ക്കുസമീപം ബി ലൈനിലാണ് അവസാനമായി ട്രെയിനിടിച്ചു കാട്ടാന ചത്തത്.  ഈ കാട്ടുകുരുതി അവസാനിപ്പിക്കാന്‍ വനം, റെയില്‍വേ അധികൃതര്‍ നടപടികള്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പക്ഷേ ശാസ്ത്രീയമായ നടപടികളുടെ അഭാവം ഇത്തരം ദുരന്തങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ്. പ്രത്യേകിച്ചും കാട്ടാനകള്‍ ഗ്രാമങ്ങളിലേക്കിറങ്ങുന്ന പശ്ചാത്തലത്തില്‍.  സംഭവം ഏറെ വിവാദമായതോടെ സര്‍ക്കാര്‍ പുതിയ റെയില്‍വേ വേലിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഫെബ്രുവരിയില്‍ തുടക്കമാകും.

വനംവകുപ്പും റെയില്‍വേ അധികൃതരും ഇതിനുമുമ്പ് സ്വീകരിച്ച നടപടികള്‍ എല്ലാം നിഷ്ഫലമായി. ട്രാക്കിന് ഇരുവശത്തും സൗരോര്‍ജവേലി സ്ഥാപിച്ചു. കയറുകള്‍ വലിച്ചുകെട്ടി ഇതില്‍ മുളകുപൊടി വിതറി, ട്രാക്കിനു സമീപം സ്പീക്കറിലൂടെയും സിംഹത്തിന്റെയും പുലിയുടെയും കൃത്രിമ ശബ്ദമുണ്ടാക്കി വിരട്ടുക, കാട്ടാനകളെ കണ്ടാല്‍ വിവരം അറിയിക്കാന്‍ വാച്ചര്‍മാരെ നിയോഗിക്കല്‍, കാട്ടാനകളുടെ സാന്നിധ്യമറിയാന്‍ ദ്രുതകര്‍മസേനയുടെ സേവനം. പക്ഷേ, ഇവയൊന്നും പ്രയോജനപ്രദമായില്ല. വേഗം കുറച്ചും തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയുമാണ് നിലവില്‍ ട്രെയിന്‍യാത്ര. പക്ഷേ, ഇതു പലപ്പോഴും ലംഘിക്കപ്പെടുന്നുവെന്നു വന്യജീവിസംരക്ഷണ സംഘടനകളുടെ ആരോപണം.

നിരവധി ട്രെയിനുകളാണ് ഇതിലൂടെ കടന്നുപോകുന്നത്. 30 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചാരമെന്ന് അധികൃതരുടെ വാദം. പക്ഷേ, അതിലും കൂടുതലെന്നു മൃഗസ്‌നേഹികള്‍. ലോക്കോ പൈലറ്റുമാരുടെ ജാഗ്രതയാണ് ഇവിടെയാവശ്യം. രാത്രിയും പുലര്‍ച്ചെയുമാണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. അതേസമയം കാട്ടാനകളെ ഇടിച്ച് തീവണ്ടികള്‍ പാളം തെറ്റിയാല്‍ വലിയ ദുരന്തം തന്നെ സംഭവിക്കാം.
നിലവില്‍ പുതിയ റെയില്‍വേ വേലിക്ക് എട്ടുകോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറുകിലോമീറ്ററിലാണ് ഇതു സ്ഥാപിക്കുക.

ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ചുവിജയിച്ച, ശബ്ദതരംഗങ്ങളിലൂടെ വന്യമൃഗങ്ങളെ അകറ്റുന്ന  അള്‍ട്രാസോണിക് എക്വിപ്‌മെന്റ് സിസ്റ്റം ട്രെയിനില്‍ ഏര്‍പ്പെടുത്തണമെന്നു വനംവകുപ്പ് വാദിച്ചിരുന്നു. എന്തായാലും പുതിയ റെയില്‍വേ വേലി സ്ഥാപിക്കുന്നതു കര്‍ണാടകയില്‍ വിജയപ്രദമാണെന്നതിന്റെ അടിസ്ഥാനത്തിലാണ്. രണ്ടുമീറ്റര്‍ ഉയരത്തില്‍ രണ്ടുവരിയായി സ്ഥാപിക്കുന്ന റെയില്‍വേ വേലിയുടെ മധ്യത്തില്‍ ഒരുവരി സോളാര്‍ വൈദ്യുതവേലി സ്ഥാപിക്കുന്ന സംവിധാനമാണിത്. പരീക്ഷണങ്ങള്‍ വിജയിക്കട്ടെ. ഇനിയൊരു ആനക്കുരുതിയും ചോരയും ഈ പാതകളില്‍ വീഴാതിരിക്കട്ടെ എന്നാണ് മൃഗസ്‌നേഹികളും ആഗ്രഹിക്കുന്നത്.

Related posts