നീലേശ്വരം: ഏറെക്കാലത്തെ ആഗ്രഹം സഫലമാകാന്‍ കിനാനൂര്‍- കരിന്തളം കടയംകയത്തെ സി. കുഞ്ഞികൃഷ്ണന്റെ മകള്‍ രാധികയ്ക്കു ഇനി ഏതാനും വര്‍ഷങ്ങളുടെ കാത്തിരിപ്പു മതി. കൈയെത്തും ദൂരത്തെത്തിയിട്ടും ബിഎഎംഎസിനു ചേരാന്‍ കഴിയില്ലെന്ന നിരാശയില്‍ കഴിയുമ്പോഴാണു വീണ്ടും ഭാഗ്യം രാധികയെ തേടിയെത്തിയത്.കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 87-ാം റാങ്കായിരുന്നു ഈ മിടുക്കിക്ക്. എന്നാല്‍ സ്‌പോട്ട് അഡ്മിഷനായി തിരുവനന്തപുരത്തെത്തിയ രാധികയ്ക്കു നിരാശയായിരുന്നു ഫലം.
നാലു സീറ്റുണ്ടെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ അഡ്മിഷന്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ക്കു മാത്രമാണു പ്രവേശനം ലഭിച്ചത്. രണ്ടു കോളജുകള്‍ കരാറില്‍ നിന്നും പിന്മാറി എന്നു പറഞ്ഞായിരുന്നു രാധികയെ മടക്കിയത്. നിരാശയില്‍ പിന്മാറാന്‍ രാധിക തയ്യാറായില്ല. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്കും, ആരോഗ്യ മന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയാണു മടങ്ങിയത്. ഇനി പ്രവേശനം കിട്ടില്ലയെന്ന് കരുതിയിരിക്കുമ്പോഴാണു വീണ്ടും സ്‌പോട്ട് അഡ്മിഷനുള്ള അറിയിപ്പു ലഭിച്ചത്. പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശനം. പരവനടുക്കം ഗവ. എംആര്‍എസില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ രാധിക ആദ്യതവണ എന്‍ട്രന്‍സ് പരീക്ഷയെഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ വന്നില്ല. പിന്നീട് വിദഗ്ദ പരിശീലനത്തിനു ശേഷം വീണ്ടും എഴുതിയപ്പോഴാണു പട്ടികയിലിടം പിടിച്ചത്. ആയുര്‍വേദ ഡോക്ടറാകാനാണു രാധികയ്ക്കു താത്പര്യം.