മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാവാത്തതിനു കാരണം നായകന്മാരായ സൂപ്പര്‍താരങ്ങളാണെന്ന് നടി ഭാമ. വിഎം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മറുപടിയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ റഹ്മാനെയും ഭാമയുമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് പ്ലസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് ഭാമ മലയാളത്തിലെ താരാധിപത്യത്തിനെതിരേ പൊട്ടിത്തെറിച്ചത്.
സൂപ്പര്‍താരങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഭാമയെ റഹ്മാന് ശാസിക്കുന്നതിനും പത്രസമ്മേളനം സാക്ഷ്യം വഹിച്ചു. ഭാമയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും സ്ത്രീയെ മുഖ്യകഥാപാത്രമാക്കുന്നതില്‍ നായകന്മാര്ക്ക് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ട് എന്ന താന്‍ വിശ്വിസിക്കുന്നില്ലെന്നും റഹ്മാന് പറഞ്ഞു. അഥവാ അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ മറുപടിയില്‍ താന്‍ നായകനാകുമായിരുന്നോ എന്നായിരുന്നു റഹ്മാന്റെ ചോദ്യം. ഇതിനു ഭാമയ്ക്കു മറുപടി ഇല്ലായിരുന്നു.
മറുപടി നായികാ കഥാപാത്രത്തിനു പ്രാധാന്യമുള്ള സിനിമയാണെന്ന് ഭാമ പറഞ്ഞു. സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ 14 വയസുകാരിയുടെ അമ്മയായാണ് ഭാമ വേഷമിടുന്നത്. സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുവരവാണ് ഈ സിനിമയെന്നും ഭാമ പറയുന്നു.