തൃശൂര്‍: കല്യാണം എന്നത് ദേശകാലാന്തരിയായി വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു സംഗതിയാണ്. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നത് പതിവാണ്. യൂറോപ്യന്‍ യുവതികളെ വിവാഹം ചെയ്ത ധാരാളം ആളുകള്‍ കേരളത്തിലുണ്ടെങ്കിലും ഈ പറയുന്ന വിവാഹം അതില്‍ നിന്നും വ്യത്യസ്തമാണ്. കാരണം തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിയായ ഷിബിന്‍ കല്യാണം കഴിച്ചത് ജപ്പാനിലെ ടോക്യോ സ്വദേശിനിയായ അയ എന്ന യുവതിയെയാണ്. രാജ്യങ്ങളും മതവും മറന്ന് ഇവര്‍ ഒന്നായത് മനുഷ്യാവകാശ ദിനത്തില്‍ ആയിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. യാദൃശ്ചികമായാണ് ഈ ദിവസം തന്നെ വിവാഹം നടന്നതെങ്കിലും മനുഷ്യനാണ് എന്തിലും വലുത് എന്നൊരു സന്ദേശം കൂടി സമൂഹത്തിനു നല്കാന് അവര്‍ക്കു കഴിഞ്ഞു.
വെങ്കിടങ്ങ് നെടിയാട്ട് വീട്ടില്‍ സുബ്രഹ്മണ്യന് യശോദര ദമ്പതികളുടെ മകന് ഷിബിന്‍ എട്ടു വര്‍ഷമായി ടോക്യോ മിസ്തുബിഷി കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുന്നു.അയ ഇതേ കമ്പനിയില്‍ ആറു വര്‍ഷമായി ബിസിനസ് മാനേജരാണ്. അച്ഛന് മസനോറി തമോറ, അമ്മ തകികോ തമോറ എന്നിവരും ബിസിനസുകാരാണ്. നാലുവര്‍ഷം മുമ്പാണ് ഇരുവരുടെയും പ്രണയം മൊട്ടിടുന്നത്. എന്നാല്‍ ഷിബിന്റെ വീട്ടുകാര്‍ അറിഞ്ഞത് ഒരു വര്‍ഷം മുമ്പാണ്. ആദ്യം ഒന്നു ഞെട്ടിയെങ്കിലും എന്തിലും വലുത് മകന്റെ ഇഷ്ടമായിരുന്ന മാതാപിതാക്കള്‍ വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു. 24 വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത ഷിബിന്റെ അച്ഛന് സുബ്രമണ്യന്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. സുബിതയാണ് ഷിബിന്റെ സഹോദരി.
അയയുടെ ബന്ധുക്കളായി 8 പേര് ജപ്പാനില്‍ നിന്ന് എത്തിയിരുന്നു. വിവാഹ ചടങ്ങില്‍ ജപ്പാനില്‍ നിന്നുള്ളവര്‍ കേരള വസ്ത്രങ്ങളണിഞ്ഞ് മുല്ലപ്പൂവും ചൂടി വന്നത് മലയാളികളെവരെ അതിശയിപ്പിച്ചു. ഒപ്പം ഇരുവരുടേയും ആന്ധ്ര, കര്‍ണാടക, ആസാം തുടങ്ങിയിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും എത്തിയിരുന്നു. രാവിലെ നടന്ന കല്യാണ ചടങ്ങില്‍ പരമ്പരാഗത കേരളീയ വേഷവും ഉച്ചയ്ക്ക് നടന്ന വിരുന്നു സല്‍ക്കാരത്തില്‍ പരമ്പരാഗത ജപ്പാനീസ് വേഷവുമണിഞ്ഞായിരുന്നു വധൂവരന്മാര് എത്തിയത്. 800ല്‍ അധികം ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തു. 17ന് വധൂവരന്മാര് ടോക്യോവിലേക്ക് പറക്കും.