ചെന്നൈ: ജയലളിത കോഹിനൂര്‍ രത്നമാണെന്നു നടന് രജനീകാന്ത്. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടാണു ജയലളിത ഉയരങ്ങളിലെത്തിയതെന്നു നടികര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ രജനീകാന്ത് പറഞ്ഞു.
1996ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ജയലളിതയ്ക്കെതിരേ നടത്തിയ ശക്തമായ പ്രസ്താവനകളെക്കുറിച്ച് രജനീകാന്ത് അനുസ്മരിച്ചു. എന്റെ പ്രസ്താവനകള്‍ ജയലളിതയ്ക്ക് വിഷമമുണ്ടാക്കി. എന്നാല്‍, അണ്ണാ ഡിഎംകെ പരാജയപ്പെടണമെന്നതിനു മതിയായ കാരണമുണ്ടായിരുന്നു. പിന്നീട് ജയലളിത സമുന്നത നേതാവായി മാറി. എംജിആറിനു ശേഷം അണ്ണാ ഡിഎംകെയുടെ നേതൃസ്ഥാനത്തെത്താന്‍ ജയലളിതയ്ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇത്തരം വെല്ലുവിളികളാണു ജയലളിതയുടെ ജീവിതത്തെ തിളക്കമുള്ളതാക്കി മാറ്റിയത്–രജനീകാന്ത് അനുസ്മരിച്ചു.