തൊടുപുഴ: ജില്ലാ കോടതിയിലെ ടോയ്ലറ്റില് ഒളികാമറ വച്ച കേസിലെ പ്രതി വാഗ മണ്ണില്‍ ജീവനൊടുക്കിയ നിലയില്‍. കോടതി ജീവനക്കാരനായിരുന്ന ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി വിജു ഭാസ്കറി(40)നെയാണ് ഇന്നലെ വൈകുന്നേരത്തോടെ വാഗമണ്ണില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഒളിവിലായിരുന്ന പ്രതിക്കായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നതിനിടയിലാണു വാഗ മണ്ണില്‍ പ്രവര്‍ത്തനം നിലച്ച ഒരു റിസോര്‍ട്ടിനും സിഎസ്ഐ പള്ളിയുടെ സെമിത്തേരിക്കും ഇടയിലുള്ള മൊട്ടക്കുന്നിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു വാഗമണ്‍ എസ്ഐ എം.വി. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെ ത്തി. വിജുവിന്റെ ഐഡന്റിറ്റി കാര്‍ഡും ബൈക്കിന്റെ താക്കോലും സമീപത്തു കണ്ടെത്തി.
മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ട്. ഒരു കൈ ഇല്ലെന്നും മുഖത്തു വന്യമൃഗങ്ങള്‍ മാന്തിയ വിധത്തില്‍ പാടുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു. മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും.കഴിഞ്ഞ നവംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. ജില്ലാ കോടതിയിലെ ടോയ്ലറ്റില് കയറിയ വനിതാ ജീവനക്കാരിയാണു തോര്‍ത്തില്‍ പൊതിഞ്ഞു ഫ്ളഷ് ടാങ്കിനു മുകളില്‍ വച്ചിരുന്ന നിലയില്‍ പെന്‍കാമറ കണ്ടെത്തിയത്. ഉടന്‍തന്നെ മജിസ്ട്രേറ്റിനെ വിവരമറിയിക്കുകയും മജിസ്ട്രേറ്റ് അറിയിച്ചതനുസരിച്ചു മുട്ടം പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
വിജു പത്തു വര്‍ഷമായി കോടതി ജീവനക്കാരനാണ്. ഇതിനിടെ രണ്ടു വര്‍ഷം ബിവറേജ് കോര്‍പറേഷനിലും ജോലി നോക്കി. ഭാര്യയും ഒരു കുട്ടിയുമുള്ള ഇയാള്‍ കോളപ്രയിലാണു താമസിച്ചിരുന്നത്. കാമറ പോലീസ് തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു. വിജുവിന്റെ വീട്ടിലും പരിശോധന നടത്തി. ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ പരിശോധനയില്‍ കാമറയില്‍നിന്നു വിരലടയാളം ലഭിക്കുകയും അതു വിജുവിന്റേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ കോടതിയില്‍ അറ്റന്‍ഡറായ വിജുവിനെ ജില്ലാ ജഡ്ജി ഷാജഹാന് സസ്പെന്‍ഡ് ചെയ്തു. ഇതിനിടയ്ക്കു വിജു ഭാസ്കറിനെ കാണാനില്ലെന്നു ഭാര്യ മുട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒളിവിലായിരുന്ന വിജുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.