ആലപ്പുഴ: സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ള കലാകാരന്മാര് ജാതിപ്പേരുപയോഗിക്കുന്നത് നാണക്കേടെന്ന് മന്ത്രി ജി. സുധാകരന്. അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന്റെ മെറിറ്റ് അവാര്‍ഡ് വിതരണം ആലപ്പുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ പ്രസിദ്ധരായ നടീ–നടന്മാര്ക്കൊന്നും ജാതിപ്പേരില്ല. ശാരദയും ഷീലയും ഗായിക പി. ലീലയും ഇതുപയോഗിച്ചില്ല. എന്നാല്‍ ഇപ്പോഴത്തെ നടിമാര്‍ ജാതിപ്പേരുപയോഗിക്കുന്നത് നാണക്കേടാണ്. കലാകാരന്മാര് ഇതിനെല്ലാം അതീതമായ ബോധത്തില്‍ പ്രവര്‍ത്തിക്കേണ്ടവരാണ്.
ഭരണഘടനാപരമായ ആനുകൂല്യം ലഭിക്കാന്‍ ജാതിവേണം. എന്നാല്‍ ഇതാവശ്യമില്ലാത്ത നായര്‍ ഉള്‍പ്പെടെയുള്ള സവര്‍ണവിഭാഗങ്ങള്‍ ജാതി പ്രകടിപ്പിക്കേണ്ടതില്ലെന്നും സുധാകരന് പറഞ്ഞു. ഒരു ലക്ഷ്യവുമില്ലാതെ പ്രഫഷണല്‍ വിദ്യാഭ്യാസം അലയുകയാണ്. ഓരോ വര്‍ഷവും അറുപതിനായിരത്തോളം അഡ്മിഷനുകളാണ് നടക്കുന്നത്. ഇവരെ പുനഃക്രമീകരിക്കാനുള്ള നടപടിവേണമെന്നും പുതിയ കാലം പുതിയ നിര്‍മാണം എന്നതായിരിക്കണം എന്‍ജിനിയര്‍മാര്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.