ശാന്തമായ തീരത്തേക്ക് അവര്‍ എത്തി..? കരിമണല്‍ ഖനനം നിലച്ചു;ആലപ്പുഴ കടപ്പുറത്തേക്ക് മുട്ടയിടാനായ കടലാമകള്‍ എത്തി; തോട്ടപ്പള്ളി പൊഴിമുഖത്ത് 101 മുട്ടകള്‍ കണ്ടെത്തി

ktm-tortoise-eggആലപ്പുഴ: കേരള തീരത്തെ ഈ വര്‍ഷത്തെ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി തീരത്തു തുടക്കമായി. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി പൊഴി മുഖത്തു നിന്നും 101 മുട്ടകള്‍ അടങ്ങിയ കടലാമയുടെ കൂട് ഗ്രീന്‍ റൂട്‌സ് നേച്ചര്‍ കോണ്‍സെര്‍വഷന്‍ ഫോറം പ്രവര്‍ത്തകരായ എം.ആര്‍. ഓമനക്കുട്ടന്‍, സന്തോഷ്, സജി ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നു കണ്ടെത്തിയിരുന്നു. ഒലിവറിഡ്‌ലി ഇനത്തില്‍ പെട്ട കടലാമയുടെ മുട്ടകളാണ് ലഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഈ സീസണില്‍ കടലാമ മുട്ട ലഭിക്കുന്നത്. മുട്ടകള്‍ വിരിയിക്കുന്നതിനു വേണ്ടി കേന്ദ്രീകൃത ഹാച്ചറിയിലേക്കു മാറ്റി.

ദിവസേന നടക്കുന്ന കടലാമ നിരീക്ഷണത്തിന്റെ ഭാഗമായി പുലര്‍ച്ചെയുള്ള നിരീക്ഷണത്തിലാണ് കൂടു കണ്ടെത്തിയത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ് കടലാമയുടെ പ്രജനന കാലം. കഴിഞ്ഞ സീസണില്‍ നവംബര്‍ മാസത്തില്‍ മുട്ട ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കുന്ന ജീവിവര്‍ഗമാണ് കടലാമകള്‍. കടല്‍ മലിനീകരണവും പ്ലാസ്റ്റിക് കാരിബാഗുകള്‍, പോളിത്തീന്‍ കവറുകള്‍, ഉപയോഗ ശൂന്യമായ മത്സ്യബന്ധന വലകള്‍ എന്നിവയും കടലാമയുടെ അന്തകരാണ്. ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങളും കടലാമയുടെ വംശനാശത്തിനു കാരണമാകുന്നുണ്ട്

ഇനിയുള്ള 40 മുതല്‍ 60 ദിവസത്തിനുള്ളില്‍ ഈ മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ കടലിലേക്കു മടങ്ങിപ്പോകും. മുട്ടയ്ക്കു തള്ള ആമകള്‍ അടയിരിക്കുകയോ കാവല്‍ നില്‍ക്കുകയോ ചെയ്യാറില്ല. മണ്ണിലെ ചൂടേറ്റാണ് മുട്ടകള്‍ വിരിയുന്നത്. ആഗോളതാപനം മൂലം ചൂടുകൂടുന്നത് ഇവയുടെ മുട്ടകള്‍ വിരിയാതെ നശിച്ചുപോകാനും കാരണമാകുന്നു. കടലാമകള്‍ വംശനാശഭീഷണി നേരിടുന്ന ജീവി ആയതിനാല്‍ ഇവയെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നില്‍ പെടുത്തി സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജീവിയാണ്.

ആയതിനാല്‍ ആലപ്പുഴ ജില്ലയില്‍ കടലാമ നിരീക്ഷണത്തിനും സംരക്ഷണത്തിനും വേണ്ട എല്ലാ നിയമസഹായങ്ങളും നിര്‍ദേശങ്ങളും ഗ്രീന്‍ റൂട്‌സ് നേച്ചര്‍ കോണ്‍സെര്‍വഷന്‍ ഫോറത്തിനു നല്‍കിവരുന്നത് കേരളം വനം വന്യജീവി വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി, ആലപ്പുഴ വിഭാഗം അസിസ്റ്റന്‍റ് കോണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി.ആര്‍. ജയകൃഷ്ണനും, റേഞ്ച് ഓഫീസര്‍ പി. രവീന്ദ്രനുമാണ്.തോട്ടപ്പള്ളി ഹാര്‍ബറില്‍ നടന്നുവന്നിരുന്ന അനധികൃത കരിമണല്‍ ഖനനത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളുടെ ശബ്ദവും അവിടെ നിന്നുള്ള പ്രകാശവും തീരത്തേക്കു കടലാമകള്‍ എത്തുന്നതിനു തടസമായിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി ഖനനം മുടങ്ങിക്കിടക്കുന്നതിനാല്‍ തീരം ശാന്തമാണ്.

Related posts