ഒല്ലൂര്‍: നടത്തറ സഹകരണ ബാങ്കില്‍ ഒന്നരക്കോടി രൂപയുടെ നിക്ഷേപം നടത്തിയതു സംബന്ധിച്ച് അന്വേഷണം തൃശൂരിലെ ഒരു ജ്വല്ലറി ഉടമയിലേക്ക്. ജ്വല്ലറി ഉടമയും കാലടിയിലെ ഒരു ക്വാറി ഉടമയും തൃശൂരിലെ ഒരു മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ കറന്‍സികള്‍ റദ്ദാക്കപ്പെട്ട നവംബര്‍ എട്ടാം തീയതി നിക്ഷേപിച്ച 1.35 കോടി രൂപയാണ് വിവാദ അന്വേഷണത്തിനു വഴി തുറന്നത്.
സൊസൈറ്റി സ്വീകരിച്ച പണം നടത്തറ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ കഴിഞ്ഞ മാസം 11 നു നിക്ഷേപിച്ചതോടെയാണ് ആദായ നികുതിവകുപ്പും സഹകരണ വകുപ്പും ഇക്കാര്യം ശ്രദ്ധിച്ചത്. കറന്‍സി റദ്ദാക്കിയ എട്ടാം തീയതിക്കുശേഷമാണ് ഇത്രയും ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കറന്‍സികള്‍ സൊസൈറ്റി ജ്വല്ലറി ഉടമയില്‍നിന്നും ക്വാറി ഉടമയില്‍നിന്നും കൈപ്പറ്റിയതെന്നാണ് ആദായനികുതി വകുപ്പിന്റെ സംശയം.
എന്നാല്‍ കറന്‍സി റദ്ദാക്കിയ വിവരം പുറംലോകം അറിയുന്നതിനു വളരെമുമ്പേ ജ്വല്ലറി ഉടമയും ക്വാറി ഉടമയും പണം സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നുവെന്നാണ് സൊസൈറ്റി ഭാരവാഹികള്‍ അവകാശപ്പെടുന്നത്. മാര്‍ക്കറ്റിംഗ് സൊസൈറ്റി 2.40 കോടി രൂപ ഒരുവര്‍ഷം മുമ്പു നടത്തറ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. ഈ നിക്ഷേപത്തെ ഈടുവച്ച് എട്ടു മാസം മുമ്പ് ഒന്നര കോടിയോളം രൂപ നടത്തറ സഹകരണ ബാങ്കില്‍നിന്നു സൊസൈറ്റി വായ്പയെടുത്തിരുന്നു.
ജ്വല്ലറിയുടമയും ക്വാറി ഉടമയും എട്ടാം തീയതി നിക്ഷേപിച്ച പഴയ കറന്‍സി ഉപയോഗിച്ച് സൊസൈറ്റി ഈ വായ്പാതുക തിരിച്ചടയ്ക്കുകയാണു ചെയ്തത്. മാര്‍ക്കറ്റിംഗ് സൊസൈറ്റി 11 ന് ഒരുകോടി രൂപ നടത്തറ സഹകരണ ബാങ്കില്‍ അടച്ചു. അടുത്ത ദിവസം അമ്പതു ലക്ഷം രൂപകൂടി അടച്ച് വായ്പ അവസാനിപ്പിച്ചു. പഴയ കറന്‍സികള്‍ സഹകരണ ബാങ്കുകളില്‍ സ്വീകരിക്കുന്നതിന് ആ ദിവസങ്ങളില്‍ വിലക്കുണ്ടായിരുന്നില്ല. പഴയ നോട്ടുകള്‍ എടുക്കരുതെന്ന് കഴിഞ്ഞമാസം 15 നാണ് സഹകരണ വകുപ്പിന്റെ സര്‍ക്കുലര്‍ ബാങ്കിലെത്തിയത്.
ചെറിയ സംഘത്തില്‍ ഒരു ദിവസം കൊണ്ട് ഇത്രയും വലിയ തുകയുടെ നിക്ഷേപം നടത്തിയ വിവരമറിഞ്ഞ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ഈ മാസം രണ്ടിന് നടത്തറ ബാങ്കിലെത്തി ഇടപാടുകളുടെ വിശദീകരണം തേടിയിരുന്നു. പണമിടപാടു സംബന്ധിച്ച വിവിരങ്ങള്‍ ആദായ നികുതി വകുപ്പിനു കൈമാറുകയും ചെയ്തു. ഇതോടെ അന്വേഷണം മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലേക്കായി. മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ തലപ്പത്തുള്ളയാള്‍ നടത്തറ ബാങ്കിന്റെയും ഡയറക്ടറായതിനാലാണ് നിക്ഷേപം നടത്തറ സഹകരണ ബാങ്കിലെത്തിയത്.
സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ ജ്വല്ലറി ഉടമയിലേക്കും ക്വാറി ഉടമയിലേക്കും അന്വേഷണം എത്തിയത് അങ്ങനെയാണ്. ക്വാറി ഉടമ നിക്ഷേപിച്ച 35 ലക്ഷം രൂപയുടെ സ്രോതസ് ആദായനികുതി വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തിയെന്നാണ് അറിയുന്നത്. എന്നാല്‍ ജ്വല്ലറി ഉടമ സമര്‍പ്പിച്ച രേഖകള്‍ ഇപ്പോഴും പരിശോധനയിലാണ്. ഇതേസമയം, മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നാണു പ്രമുഖ സഹകാരികളുടെ നിലപാട്.
110 കോടി നിക്ഷേപമുള്ള നടത്തറ ഫാര്‍മേഴ്സ് ബാങ്കിന്റെ പണമിടപാടുകള്‍ക്കെല്ലാം രേഖകളുണ്ടെന്നും കള്ളപ്പണമില്ലെന്നും വ്യക്തമാണെന്ന് ബാങ്ക് വൈസ് പ്രസിഡന്റ് എം.എല്‍. ബേബി വ്യക്തമാക്കി. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറി കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനുശേഷവും ഇത്തരത്തില്‍ സഹകരണ ബാങ്കിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ബാങ്ക് വൈസ് പ്രസിഡന്റ്ബേബി പറഞ്ഞു.