ചൂടില്‍ ആശ്വാസമായി ആനനിരത്തി. ഉച്ചവേനല്‍ കത്തികയറുമ്പോഴും സുഖകരമായ തണുപ്പ് നല്‍കുന്ന ഈ മലയും താഴ് വാരവും സഞ്ചാരികളെയും കാത്തിരിക്കുന്നു.
നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട ക്ലാമല ബീറ്റിലാണ് ആനനിരത്തി. ആനകളുടെ വരവും പോക്കും സാധാരണമായതിനാല്‍ അതിനെ ആനനിരത്തി എന്നു വിളിപ്പേര് ഉണ്ടായി. ഇവിടെ വന്നാല്‍ വെള്ളം തേടി പോകുന്ന കാട്ടാനകളെ കാണാനാകും. നെയ്യാര്‍ഡാമില്‍ നിന്നും 20 കിലോമീ റ്റര്‍ മാറിയാണ് ആനനിരത്തി. തമിഴ്‌നാട് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗം. സമുദ്ര നിരപ്പില്‍ നിന്നും 900 മീറ്റര്‍ ഉയരമുള്ള ആനനിരത്തിയില്‍ എപ്പോഴും കുളിര്‍മയുള്ള കാലാവസ്ഥയാണ്.
മഞ്ഞ് മൂടി കിടക്കുന്ന അഗസ്ത്യമലനിരകളും ഏഴിലംപൊതിയും ഇവിടുത്തെ കാഴ്ചയാണ്. അകലെ തമിഴ്‌നാട്ടിലെ പേച്ചിപ്പാറ അണക്കെട്ടും കുരിശുമലയും തമിഴ്‌നാട് വനവും കാണാനാകും. ആനനിരത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് വരയാട്ടുമൊട്ട. വരയാടുകളെ കാണാന്‍ കഴിയുന്ന ഇത് തമിഴ്‌നാട് വനത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗവുമാണ്.
ആനനിരത്തിയില്‍ നിന്നാല്‍ കല്ലാറും മുല്ലയാറും സംഗമിക്കുന്നതും കാണാനാകും. അടുത്തായി ഒരു വെള്ളചാട്ടവുമുണ്ട്. കാട്ടാനകള്‍ അടക്കമുളളവ വെള്ളം കുടിയ്ക്കാന്‍ എത്തുന്നത് ഇവിടെയാണ്. ആനകള്‍ എപ്പോള്‍ വേണമെങ്കിലുംം കടന്നു വരാമെന്നതിനാല്‍ അപകടകരമായ സ്ഥലവും കൂടിയാണ് ഇത്. മാത്രമല്ല വനംവകുപ്പ് നടത്തിയ വന്യജീവിസെന്‍സസില്‍ കരടി, സിംഹവാലന്‍കുരങ്ങ്, മലമുഴക്കി വേഴാമ്പല്‍ എന്നിവയെ ധാരാളമായി കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അല്‍പ്പം കാത്തിരുന്നാല്‍ ഇവറ്റകളെ കാണാനുമാകും. മുന്‍പ് ബോട്ടില്‍ സഞ്ചാരികളെ ഇവിടെ എത്തിച്ചിരുന്നു. നെയ്യാറിലൂടെ മുല്ലയാറില്‍ കൊണ്ടുവന്ന് അവിടെ നിന്നും വനത്തിലൂടെ കാല്‍നടയായി ഇവിടെ എത്തിക്കും. എന്നാല്‍ ഇപ്പോള്‍ ആ പദ്ധതി നിറുത്തിവച്ചിരിക്കുകയാണ്.ഇവിടെ എത്തണമെങ്കില്‍ തമിഴ്‌നാട് വക റബര്‍തോട്ടം കടക്കണം. അതിനാല്‍ വനം വകുപ്പിന്റെ അനുമതി വാങ്ങിയശേഷമേ പോകാനാകൂ. കൂടെ ഗൈഡും ഉണ്ടാകും. ചെമ്പകപ്പാറയില്‍ എത്തി അവിടെ നിന്നും ജീപ്പില്‍ ഇവിടെ എത്താം. തങ്ങാന്‍ ഡോര്‍മെറ്ററി കെട്ടിടം ഉണ്ട്. സാഹസികരായ സഞ്ചാരികളാണ് ഇവിടെ അധികവും എത്തുന്നത്.