മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മുപ്പതോളം മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതായുള്ള കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ആയുധപോരാട്ട ത്തിനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ആഹ്വാനം നല്കുന്ന ക്ലാസുകള്‍ പോലീസ് പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ നിന്നുള്ള വീഡിയോ ദൃശ്യത്തില്‍ കാണാം. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച കുപ്പു ദേവരാജും അജിതയും ക്ലാസെടുക്കുന്ന രംഗങ്ങളുണ്ട്. രക്തമൊഴുക്കിയുള്ള വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്.
ഇവര്‍ വെടിയേറ്റ് മരിച്ച സ്ഥലത്ത് നിന്ന് കിട്ടിയ പെന്‍ഡ്രൈവില്‍ നിന്നുള്ള മൂന്നു വീഡിയോ ക്ലിപ്പുകളാണ് ഇതുവരെ പുറത്തായത്. കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. എല്ലാവരും യൂണിഫോം ധരിച്ചിട്ടുണ്ട്. മുഖം അത്ര വ്യക്തമാവാത്ത രീതിയിലാണ് ചിത്രീകരണം. മുപ്പതോളം പെന്‍ഡ്രൈവുകള്‍ പരിശോധിച്ചുവരികയാണ്. മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു. 22 സെക്കന്‍ഡും ഒരുമിനിറ്റ് ഒന്‍പത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് വീഡിയോകള്‍. തമിഴിലാണ് പ്രസംഗങ്ങള്‍.
കേരളത്തിലെ വനത്തില്‍നിന്ന് ആദ്യമായാണ് മാവോയിസ്റ്റുകളുടെ പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറംലോകം കാണുന്നത്. നേരത്തേ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി സ്ഥാപക ദിനാചരണത്തിന്റെ ഫോട്ടോ പുറത്തെത്തിയിരുന്നു. ആദിവാസികളില്‍നിന്ന് പാര്‍ട്ടിക്കുലഭിച്ച മൂന്നുപേര്‍ ഇവിടെ സന്നിഹിതരാണെന്നും അവരെ സ്വാഗതംചെയ്യുന്നുവെന്നും കുപ്പു ദേവരാജ് പറയുന്നുണ്ട്. കാട്ടില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. ഇതിനായി സമര്‍പ്പിതരായ കൂടുതല്‍പേര്‍ വന്നിട്ടുണ്ട്. കൂടുതല്‍ ആദിവാസികളെ രംഗത്തിറക്കണമെന്നും നിര്‍ദേശം നല്കുന്നു.
പുതിയ പദ്ധതികള്‍ ഉണ്ടെന്നും കുപ്പു ദേവരാജ് പ്രവര്‍ത്തകരോട് പറയുന്നു. ഗറില്ലാ ആക്രമണത്തിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായതായും എല്ലാവരും അവരവരുടെ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെടുന്നു. മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. എല്ലാവരുടെയും കൈകളില്‍ ആയുധങ്ങളുമുണ്ട്. ദൃശ്യങ്ങള്‍ പോലീസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.