പുല്ലുമേട് കാനനപാതയിലും തിരക്ക്

kananapathaശബരിമല: സന്നിധാനത്തെ തിരക്കിനിടയില്‍ ഉപ്പുപാറ കാനനപ്പാത വഴിയെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ധന. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നവരെ മാത്രമേ സത്രത്തില്‍നിന്നും ഭക്തരെ കടത്തിവിടുന്നുള്ളു. തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ ശരാശരി 250 മുതല്‍ 300 പേരാണ് ഈ പാതയിലൂടെ കടന്നുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം 5000 പേരെങ്കിലും പുല്ലുമേട്, ഉപ്പുപാറ പാതയിലൂടെ സന്നിധാനത്തെത്തുന്നത്. ഏതാണ്ട് നാലു മണിക്കൂറോളം വനാന്തരങ്ങളില്‍കൂടി 18 കിലോമീറ്റര്‍ കാല്‍നടയായുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാട്ടുമൃഗങ്ങളുടെ ശല്യമാണ് ഇതിനു പ്രധാന കാരണം. മണ്ഡലമകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഈ പാതയില്‍ ദേവസ്വം ബോര്‍ഡോ വനവകുപ്പോ പ്രത്യേക തയാറെടുപ്പുകള്‍ ഒന്നുംതന്നെ നടത്താറില്ല.

നിലയ്ക്കലിലെ ബുദ്ധിമുട്ട് പരിഹരിക്കണം: ബിജെപി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ തീര്‍ഥാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ആവശ്യപ്പെട്ടു. നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന് മുമ്പിലുള്ള പഴയ സ്റ്റാന്‍ഡില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം പുതിയ സ്റ്റാന്‍ഡില്‍ ബസ് പാര്‍ക്കുചെയ്യണമെന്ന നിര്‍ദേശം അടിയന്തരമായി നടപ്പാക്കണം.

നിലവില്‍ അന്യസംസ്ഥാന തീര്‍ഥാടകരടക്കമുള്ളവര്‍ ഒന്നരകിലോമീറ്ററോളം നടന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലെത്തേണ്ട സാഹചര്യമാണ്. ചിലരുടെ കച്ചവട താത്പര്യമാണ് ഇതിന് പിന്നുള്ളത്. കെഎസ്ആര്‍ടിസി അയ്യപ്പഭക്തരെ ദ്രോഹിക്കുന്ന നിലപാടുകള്‍ അവസാനിപ്പിച്ച് തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Related posts