ഡ്രോണ്‍ കാമറകളുടെ ആരും ശ്രദ്ധിക്കാത്ത പല ഉപയോഗങ്ങളും കണ്ടെത്തിയതിന് അഭിനന്ദിക്കേണ്ടത് ജയിലില്‍ കഴിയുന്ന ഒരു പറ്റം കുറ്റവാളികളെയാണ്! പറന്നു നടന്ന് പടം പിടിക്കാന്‍ മാത്രമല്ല, ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് മയക്കുമരുന്നും ‘മറ്റ് അവശ്യവസ്തുക്കളും ‘ എത്തിക്കാനും ‘പറക്കും വിരുതന്മാരെ’ ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ജയിലിലെ തടവുകാര്‍.
ശബ്ദം വളരെ കുറഞ്ഞ ഡ്രോണ്‍ മോഡലുകളായിരുന്നു തടവുകാര്‍ സാധനങ്ങള്എത്തിക്കാന് ഉപയോഗിച്ചത്. അതിനാല്‍തന്നെ കാവല്ക്കാരുടെയൊന്നും ശ്രദ്ധയില്‍ ഡ്രോണ്‍ പെട്ടില്ല. ആകാശത്തുകൂടിയായിരുന്നു നുഴഞ്ഞുകയറ്റമെന്നതിനാല് ജയിലിലെ സുരക്ഷാ കാമറകളുടെ കണ്ണിലോ സ്കാനറുകളിലോ ഒന്നും ഡ്രോണ്‍ ഭീകരന്മാര് പെട്ടതുമില്ല. അതിര്‍ത്തി കടന്നെത്തിയ മൂന്നു ഡ്രോണുകളും കൃത്യസ്ഥലത്തെത്തി തടവുകാര്‍ക്കായി കാത്തുനില്‍ക്കുമ്പോഴാണ് പോലീസുകാരുടെ കണ്ണില്‍പ്പെടുന്നത്. ഒരു ഡ്രോണില്‍ ലഹരി വസ്തുക്കളും മറ്റ് രണ്ടെണ്ണത്തില്‍ മൊബൈല്‍ ഫോണുകളും സിം കാര്ഡുകളുയായിരുന്നു.
പിടികൂടിയ ഡ്രോണുകളെ ചോദ്യം ചെയ്യാനാവാത്തതു കൊണ്ട് ആകെ പെട്ടിരിക്കുകയാണ് പോലീസ്. പതിനായിരക്കണക്കിന് തടവുകാരുളള ജയിലില്‍ നിന്ന് ആരാണ് ഡ്രോണ്‍ ഏര്പ്പാടാക്കിയെന്നത് എങ്ങനെയറിയാനാ? ദിനംപ്രതി ലക്ഷക്കണക്കിന് ഡ്രോണ്‍ കാമറകള്‍ ചെലവാകുന്ന കടകളില്‍ നിന്ന് ഇവയുടെ ഉടമകളെ കണ്ടെത്തുക എന്നതും ശ്രമകരമാണ്. ഇതിനു മുമ്പ് പല പ്രാവശ്യം ഈ ശ്രമം വിജയിച്ചതുകൊണ്ടാവും ജയിലിലെ ബുദ്ധിമാന്മാര് വീണ്ടും ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. എന്തായാലും ഇനി പണി കിട്ടാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പോലീസ്.