സ്ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും പാക്കിസ്ഥാനില്‍ സാധാരണമാണ്. ഇത്രയും സങ്കീര്‍ണമായ സാമൂഹിക അവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റിലെ ജോലി ചെറിയ കാര്യമല്ല. അനുനിമിഷം മരണത്തെ മുഖാമുഖം കാണുന്നവരാണ് യൂണിറ്റിലെ ഓരോ അംഗവും. അതിസാഹസികത ഇഷ്ടപ്പെടുന്നവരാവും ഇവര്‍.
ഈ യൂണിറ്റിലേക്ക് ഒരു വനിതാ ഓഫീസര്‍ വേരുന്നൂ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും; അതും പാക്കിസ്ഥാനില്‍! സംഗതി സത്യമാണ്. പാക്കിസ്ഥാന് ബോംബ് നിര്‍മാര്‍ജന യൂണിറ്റില്‍ ഒരു വനിതാ ഓഫീസര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നു. രാജ്യത്ത് ഈ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഏക വനിതാ ഓഫീസറാണിവര്‍.
ഇരുപത്തൊന്‍പതുകാരിയായ റഫിയ ഖസിം ബയ്ഗാണ് ബോംബിനെപ്പോലും ഭയമില്ലാത്ത ഈ ധീരവനിത. പാക്കിസ്ഥാനിലെ നൗഷേറ സ്കൂള്‍ ഓഫ് എക്സ്പ്ലോസീവ് ഹാന്‍ഡിലിംഗില്‍ പരിശീലനത്തിലാണ് ഇപ്പോള്‍ ഇവര്‍. 15 ദിവസത്തെ പ്രത്യേക പരിശീലനത്തിനുശേഷം റഫിയ ഉടന്‍തന്നെ യൂണിറ്റില്‍ അംഗമാവും.
ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുള്ള റഫിയ നിയമവിദ്യാര്ഥിനികൂടിയാണ്. ഉയര്‍ന്ന ശമ്പളമുള്ള അനവധി ജോലികള്‍ റഫിയയെ തേടിയെത്തിയെങ്കിലും എല്ലാം ഉപേക്ഷിച്ചു പോലീസില്‍ ചേരുകയായിരുന്നു. ഏഴു വര്‍ഷം മുമ്പു കോണ്‍സ്റ്റബിള്‍ റാങ്കിലാണ് റഫിയ സേനയില്‍ പ്രവേശിച്ചത്.
തീവ്രവാദി ആക്രമണങ്ങളുടെ കേന്ദ്രമായിരുന്നു റഫിയയുടെ ജന്മസ്ഥലം. പലപ്പോഴും ഈ ആക്രമണങ്ങളില്‍ ഇരയായിരുന്നത് പ്രദേശത്തെ സേനാ ഉദ്യോഗസ്ഥരായിരുന്നു. ഈ അനുഭവങ്ങളാണ് പോലീസില്‍ ചേരാന്‍ റഫിയയ്ക്ക് പ്രചോദനമായത്.