എം.വി. വസന്ത്
പാലക്കാട്: അളമുട്ടിയാല്‍ ചേരയും കടിക്കുമെങ്കില്‍ പച്ചിലക്കൊത്തിപ്പാമ്പിനും വിഷമുണ്ടായേക്കാം. പച്ചപ്പാമ്പെന്നും പച്ചിലപ്പാമ്പെന്നും വിളിക്കുന്ന ഇത്തരം പാമ്പുകളെ കഴിഞ്ഞ കുറച്ചുകാലമായി നാടൊട്ടൊക്കും കണ്ടുവരുന്നുണ്ട്. വിഷമില്ലാത്ത പാമ്പാണെന്ന ഒറ്റക്കാരണത്താല്‍ വാര്‍ത്തയാകാത്ത ഈ താരം ഇപ്പോള്‍ വാര്‍ത്തകളിലേക്കു ഇഴഞ്ഞെത്തുകയാണ്. പൊതുവെ പച്ചിലക്കൂട്ടത്തിനിടയില് ഒളിച്ചുകഴിയുന്നവരെന്ന ഇവരുടെ ഖ്യാതിക്കും തത്കാലം വിട.
ഇക്കൂട്ടരുടെ ഇപ്പോഴത്തെ സഞ്ചാരം പച്ചപ്പിലൂടെ മാത്രമല്ല, ടാര്‍ റോഡുകളിലും പൊള്ളുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെയുമാണ്. അണലിക്കഥയും മലമ്പാമ്പു കഥയ്ക്കിടയില്‍ പച്ചിലക്കൊത്തിയുടെ കഥയും നാട്ടില്‍ നിറയുകയാണ്. റോഡു മുറിച്ചുകടക്കുന്ന പച്ചിലപ്പാമ്പുകള്‍ പാലക്കാട്ടെ നിത്യകാഴ്ച്ചയായി മാറിയിട്ടുണ്ട്. പാടങ്ങളും പൊന്തക്കാടുകളുമുള്ള പ്രദേശങ്ങളില്‍ മാത്രമല്ല പച്ചപ്പിന്റെ ഈ നീണ്ടുമെലിഞ്ഞ താരം പാഞ്ഞുപോകുന്നത്. പുല്നാമ്പുകളുള്ളിടത്തെല്ലാം ഇവയെ കൂടുതലായി കണ്ടുവരുന്നതായി അനുഭവസ്ഥര്‍ പറയുന്നു. എന്തുതന്നെയായാലും പച്ചിലപ്പാമ്പ് വാഹനയാത്രക്കാരെ ഞെട്ടിക്കുന്ന നിത്യസംഭവമായി മാറിയിട്ടുണ്ട്.
പൊതുവെ മനുഷ്യന്റെ കണ്‍വെട്ടത്തെത്താത്ത ഇത്തരം പാമ്പുകള്‍ പച്ചിലക്കാടുകള്‍ വിട്ടിറങ്ങുന്നതിന്റെ പിന്നിലും കഥയുണ്ട്. ആഗോളതാപനത്തിന്റെ പരിണതഫലമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു മുന്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശുദ്ധോധനന്‍ പറയുന്നു. പ്രതികൂല കാലാവസ്ഥകളായതോടെ ഷഡ്പദങ്ങളുടെ എണ്ണം പെരുകി. അതുകൊണ്ടുതന്നെ തീറ്റതേടുന്ന ജീവികളും കൂടുവിട്ടിറങ്ങിത്തുടങ്ങി.
ഭക്ഷ്യശൃംഖലയിലെ ഈ മാറ്റം എല്ലാ ജീവജാലങ്ങളിലുമുണ്ടായിട്ടുണ്ട്. ഭക്ഷണലഭ്യത കൂടിയതാണു പ്രധാന കാരണമെങ്കിലും പൊതുവെയുള്ള താപനില ഉയര്‍ന്നതും മറ്റൊരു കാരണമാണ്. കേരളം പോലുള്ളൊരു പ്രദേശത്തിന്റെ മധ്യമ താപനില 28 ഡിഗ്രി സെല്‍ഷ്യസാണ്. 32 ഡിഗ്രിയെത്തിയാലും വലിയ മാറ്റങ്ങളുണ്ടാകുന്നില്ല. താപനില ഇതില്‍ കൂടുന്ന പ്രതിഭാസമുണ്ടാകുമ്പോള്‍ എല്ലാ ജീവജാലങ്ങളുടെയും സ്വഭാവത്തിലും പ്രതികരണത്തിലും മാറ്റമുണ്ടാകും. ജീവശാസ്ത്രമായ ഇത്തരം മാറ്റം തന്നെയാണു തെരുവുനായ്ക്കളിലും ദൃശ്യമാകുന്നതെന്നും വ്യക്തമാണ്. മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഉരഗവര്‍ഗത്തില്‍പ്പെട്ട പാമ്പുകളുടെ വിശേഷം. ഇവരുടേതു ശീതരക്തമാണ്.
താപനിലയിലെ വ്യതിയാനം ശീതരക്തക്കാരെ കൂടുതലായി ബാധിക്കും. ആഗോളതാപനത്തിന്റെ മറ്റു വശങ്ങളുടെ സൂചനകളാണു ജീവികളുടെ പ്രജനന കാലം. നായകളുടേതു കന്നിമാസമെന്നത് ഇപ്പോള്‍ മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു.
വര്‍ഷത്തില്‍ വസന്തകാലത്തു മാത്രം പ്രജനനം നടത്തിയിരുന്ന പല ജീവികളുടെയും പ്രജനന കാലയളവു വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഉരഗവര്‍ഗത്തിന്റെ എണ്ണം കൂടിവരുന്നുവെന്നും മയിലുകള്‍, പ്രാപ്പിടിയന്‍, കഴുകന് എന്നിവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും പഠനങ്ങളിലുണ്ട്. കീടനിയന്ത്രണം ഫലപ്രദമായില്ലെങ്കില്‍ തീറ്റതേടി നിരവധി ജീവികള്‍ കൂടുവിട്ടിറങ്ങാന് സാധ്യതയേറെയാണ്. ശൈത്യപ്രദേശങ്ങളില്‍ നടത്തിയിരുന്ന പല കൃഷിരീതികളും താപനില കൂടിയ നമ്മുടെ നാട്ടില്‍ നടത്തുമ്പോള്‍ കീടവര്ധനയുണ്ടാകും. ഗ്രീന്‍ഹൗസ് ഫാമിംഗ്, റെയിന്‍ ഷെഡ് ഫാമിംഗ് എന്നിവ കീടവര്ധന കൂട്ടിയിട്ടുമുണ്ട്.
സങ്കരവര്‍ഗത്തിനു പിന്നാലെ പോകാതെ നാടന്‍ ജനുസുകളില്‍പ്പെട്ട കൃഷിരീതികള്‍ അവലംബിക്കണമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ആഗോളതാപനത്തിനും കീടവര്‍ധനയ്ക്കും പരിഹാരമില്ലാതെ നീങ്ങിയാല്‍ തെരുവുനായകള്‍ക്കു ശൗര്യമുണ്ടായതു പോലെ എല്ലാ ജീവജാലങ്ങള്‍ക്കും ശൗര്യം കൂടിയേക്കാം. പച്ചിലക്കൊത്തിക്കും വിഷമുണ്ടായേക്കാം…